Monday April 22nd, 2019 - 2:26:pm
topbanner
topbanner

അന്തരിച്ച എം മണി എഡിറ്റിങ്ങിലെ സൂപ്പര്‍താരം; കണ്ണൂരില്‍ ആരുമറിയാതെ ജീവിച്ചത് 15 വര്‍ഷം

NewsDesk
അന്തരിച്ച എം മണി എഡിറ്റിങ്ങിലെ സൂപ്പര്‍താരം; കണ്ണൂരില്‍ ആരുമറിയാതെ ജീവിച്ചത് 15 വര്‍ഷം

തളിപ്പറമ്പ്: അടൂര്‍ഗോപാലകൃഷ്ണന്‍ എന്ന സംവിധായക പ്രതിഭയുടെ ലോകപ്രശസ്തമായ എട്ട് ചിത്രങ്ങള്‍ വെട്ടിയൊട്ടിച്ച പ്രഗല്‍ഭനായ ഫിലിം എഡിറ്ററാണ് കഴിഞ്ഞ 15 വര്‍ഷങ്ങളായി കണ്ണൂര്‍ ചിറക്കലില്‍ നിശബ്ദമായി ജീവിച്ചുതീര്‍ത്ത എം.മണി. അടൂരിന്റെ ആദ്യ സിനിമയായ സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, അനന്തരം, മതിലുകള്‍, വിധേയന്‍, കഥാപുരുഷന്‍ എന്നീ ചിത്രങ്ങളുടെ എഡിറ്റിങ്ങ് നിര്‍വ്വഹിച്ച മണി എഡിറ്റിങ്ങ് ഡിജിറ്റല്‍ യുഗത്തിലേക്ക് കയറിയതോടെയാണ് തൊഴില്‍രഹിതനായി മാറിയതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു. 1996 ലെ കഥാപുരുഷന് ശേഷം എഡിറ്റിങ്ങ് ജോലി മതിയാക്കിയ മണി 2003 ലാണ് ജന്‍മനാടായ ചിറക്കലിലെ തറവാട്ടിലേക്ക് മടങ്ങിയത്. ചിറക്കലില്‍ എത്തിയിട്ട് 15 വര്‍ഷമായിട്ടും ഇങ്ങനെയൊരാള്‍ ഇവിടെ ജീവിച്ചിരിക്കുന്നുണ്ടെന്ന് ഒരാളെപോലും അറിയിക്കാതെയായിരുന്നു മണി ജീവിച്ചുതീര്‍ത്തത്. അടൂരിന്റെ സഹസംവിധായകനായ എം.മീരാസാഹിബ് മാത്രമായിരുന്നു മണിയെ തേടി എപ്പോഴെങ്കിലും വീട്ടിലെത്തിയിരുന്നത്.

ചെന്നൈയില്‍ ജമിനി സ്റ്റുഡിയോയില്‍ എഡിറ്ററായി ചേര്‍ന്ന ഇദ്ദേഹം തമിഴിലെ അന്നത്തെ പ്രശസ്ത എഡിറ്റര്‍ എം.ഉമാനാഥിന്റെ അസിസ്റ്റന്റായിരുന്നു. എംജിആറിന്റെ ഉലകം ചുറ്റും വാലിബന്‍, അടിമൈപ്പെണ്‍ ഉള്‍പ്പെടെ നിരവധി സിനിമകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചു. നൂറിലേറെ കന്നഡ, ഒറിയ, ബംഗാളി സിനിമകള്‍ എഡിറ്റുചെയ്തു. മലയാളത്തില്‍ അടൂരിന്റെ സിനിമകള്‍ക്ക് പുറമെ കമലഹാസന്റെ ആദ്യ മലയാള ചിത്രമായ കണ്ണും കരളും, കക്ക, കോളിളക്കം എന്നീ സിനിമകളും എഡിറ്റ് ചെയ്തു. അടൂരിനോടൊപ്പം അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ താമസിച്ചായിരുന്നു മണി സിനിമാപ്രവര്‍ത്തനങ്ങളുടെ ഭാഗമായത്. 1984 ലാണ് മുഖാമുഖത്തിന്റെ എഡിറ്റിങ്ങിന് മണിക്ക് സംസ്ഥാന സര്‍ക്കാറിന്റെ മികച്ച എഡിറ്റര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചത്. 1990 ല്‍ മതിലുകള്‍ക്ക് ഫിലും ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചു.

 ഭാര്യ: പാപ്പിനി വീട്ടില്‍ നിര്‍മല. മകന്‍: മോഹന്‍ (ചെന്നൈ). സഹോദരങ്ങള്‍: പരേതരായ കുമാരന്‍ നായര്‍, സരസ്വതി ശിവസ്വാമി, സത്യഭാമ, മാലതി ശ്രീനിവാസന്‍, പത്മ രാജഗോപാല്‍. സംസ്‌ക്കാരം ഇന്ന്(05-09-2018) ഉച്ചകഴിഞ്ഞ് രണ്ടിന് ചാലില്‍ എന്‍എസ്എസ് ശ്മശാനത്തില്‍ നടക്കും. കായലും കയറും എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് എം.എസ്.ശിവസ്വാമി മണിയുടെ സഹോദരി ഭര്‍ത്താവാണ്----പ്രഗല്‍ഭനായ ഒരു സിനിമാ ചിത്രസംയോജകന്‍ 15 വര്‍ഷമായി കണ്ണൂരില്‍ ജീവിച്ചിട്ടും നിരവധി മാധ്യമ സിംഹങ്ങളുള്ള കണ്ണൂരില്‍ ഒരാളുപോലും അത് അറിഞ്ഞില്ല--- ഇന്നലെ അദ്ദേഹത്തെക്കുറിച്ചറിയാന്‍ സംവിധായകന്‍ അടൂരിനെ ഫോണില്‍ വിളിച്ചപ്പോള്‍ മണിയെക്കുറിച്ച് സംസാരിക്കാന്‍ നൂറുനാവായിരുന്നു അദ്ദേഹത്തിന്. കമ്പ്യൂട്ടറൈസേഷന്റെ കടന്നുവരവും ഡിജിറ്റലൈസേഷനും ആരംഭിച്ചതോടെയാണ് മണിക്ക് എഡിറ്റിങ്ങ് രംഗത്തുനിന്ന് വിട്ടുനില്‍ക്കേണ്ടിവന്നതെന്നും അല്ലായിരുന്നുവെങ്കില്‍ മണി തന്റെ മറ്റ് ചിത്രങ്ങളും എഡിറ്റ് ചെയ്തേനെയെന്നും അടൂര്‍ പറഞ്ഞു.

English summary
film editor m mani passed away
topbanner

More News from this section

Subscribe by Email