Thursday May 23rd, 2019 - 1:02:am
topbanner
topbanner

വിമതശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്ന കാലത്ത് കലാകാരന്മാര്‍ ഉറച്ച ശബ്ദമുള്ളവരാകണം: പിണറായി വിജയൻ

suvitha
വിമതശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്ന കാലത്ത് കലാകാരന്മാര്‍ ഉറച്ച ശബ്ദമുള്ളവരാകണം: പിണറായി വിജയൻ

കണ്ണൂർ: വിമതശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്ന കാലത്ത് കലാകാരന്മാര്‍ ഉറച്ച ശബ്ദമുള്ളവരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തലശ്ശേരിയില്‍ നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളെ ചോദ്യം ചെയ്യുന്നതൊന്നും ജനങ്ങള്‍ കാണരുതെന്ന നിലപാട് മൗലികാവകാശങ്ങളുടെ ലംഘനമാണ്. തങ്ങള്‍ ആഗ്രഹിക്കുന്നത് മാത്രം പ്രചരിപ്പിക്കപ്പെടണമെന്ന ചിന്താഗതി തിരുത്തപ്പെടണം. മനുഷ്യര്‍ പലരീതിയില്‍ വിഭജിക്കപ്പെടുന്ന കാലമാണിത്.

കലാകാരന്മാര്‍ സമൂഹത്തോട് കലഹിക്കുന്നവരാകണം. തങ്ങളുടെ ആശയങ്ങള്‍ മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കുന്ന പ്രവണത നമ്മുടെ നാട്ടിലും തുടങ്ങിയിരിക്കുന്നു. അത് അനുവദിക്കപ്പെടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. അസഹിഷ്ണുതയുടെ ഫലമായി മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് ദാരുണമായി കൊലചെയ്യപ്പെട്ടു. രോഹിത് വെമൂലയെക്കുറിച്ചും ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെക്കുറിച്ചുമൊക്കെയുളള ചിത്രങ്ങള്‍ ദേശീയതലത്തില്‍ നിരോധിക്കപ്പെട്ടു.

സിനിമ എന്ന കല കര്‍ശനമായ സെന്‍സറിംഗിന് വിധേയമായിക്കൊണ്ടിരിക്കുന്നു. 10 സിനിമകളാണ് അടുത്തകാലത്ത് ദേശീയതലത്തില്‍ സെന്‍സറിംഗിന് വിധേയമായത്. സിനിമ ആയിരങ്ങളുടെ ജീവിത ഉപാധി കൂടിയാണ്. സംസ്്ഥാനഅംഗീകാരം ലഭിച്ച സിനിമകള്‍ ഏറെയും പുരോഗമനാശയങ്ങളുടെ ആവിഷ്‌കാരമാണെന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. തമസ്‌ക്കരിക്കപ്പെട്ടവരുടെ ജീവിതകഥാഖ്യാനങ്ങളാണ് ഏറെയും. സമകാലിക ഇന്ത്യയില്‍ അവയ്ക്ക് ഏറെ പ്രാധാന്യവുമുണ്ട്.

കീഴാളരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ജീവിതത്തിലേക്ക് സിനിമ തിരിച്ചുവന്നിരിക്കുന്നത് കാലത്തിന്റെ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജെ.സി ഡാനീയേല്‍ പുരസ്‌കാരത്തുക 5 ലക്ഷമായി വര്‍ദ്ധിപ്പിച്ചതായി മുഖ്യമന്ത്രി അറയിച്ചു. അടൂരിനെപ്പോലെ മലയാള സിനിമയെ ലോകത്തിന് മുന്നിലെത്തിച്ച ഒരാള്‍ക്ക് വൈകിയാണെങ്കിലും അവാര്‍ഡ് നല്‍കാനായതില്‍ സന്തോഷമുണ്ട്.

വിവാദത്തിന് ഇടയാക്കാതെ നിഷ്പക്ഷമായി നല്ല സിനിമകളെ കണ്ടെത്തിയ ജൂറിയെയും പുരസ്‌കാര ജേതാക്കളേയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ചലചിത്രരംഗത്തെ പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ അവാര്‍ഡുകള്‍ നല്‍കുന്നത്. അതിനെ ചലച്ചിത്ര ലോകം അതുപോലെ കണ്ട് പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. അവാര്‍ഡ് കിട്ടുന്നവര്‍ മാത്രമല്ല സിനിമാ ലോകത്തെ ഒരു പരിഛേദം തന്നെ ഈ പരിപാടിയില്‍ ഉണ്ടാവേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ്മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായി.

മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.കെ ശൈലജ ടീച്ചര്‍, എം.പിമാരായ പി.കെ ശ്രീമതി ടീച്ചര്‍, കെ.കെ രാഗേഷ്, എം.എല്‍.എമാരായ മുകേഷ്, ടി.വി രാജേഷ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, നഗരസഭാ ചെയര്‍മാന്‍ സി.കെ രമേശന്‍, ചലചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ജ്യൂറി ചെയര്‍മാന്‍ എ.കെ ബീര്‍, സംഗീതനാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി ലളിത, ബീന പോള്‍, അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു എന്നിവര്‍ സംസാരിച്ചു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ആമുഖ പ്രസംഗം നടത്തി. എ.എന്‍ ഷംസീര്‍ എം.എല്‍.എ സ്വാഗതം പറഞ്ഞു.

English summary
Artists should be strong voice: pinarayi vijayan
topbanner

More News from this section

Subscribe by Email