Thursday November 22nd, 2018 - 12:12:am
topbanner

ഇപിയെ താറടിക്കാന്‍ മനോരമയുടെ ശ്രമം; ക്ഷേത്രത്തില്‍ കയറിയതെന്തിനെന്ന് എംഎല്‍എ പറയുന്നു

NewsDesk
ഇപിയെ താറടിക്കാന്‍ മനോരമയുടെ ശ്രമം; ക്ഷേത്രത്തില്‍ കയറിയതെന്തിനെന്ന് എംഎല്‍എ പറയുന്നു

കണ്ണൂര്‍: നൂറ്റാണ്ടുകള്‍ പഴക്കമുള്ള കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്ന് ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയെന്ന വാര്‍ത്ത തെറ്റാണെന്ന് ഇപി ജയരാജന്‍ എംഎല്‍എ.

തനിക്കെതിരെ ഇല്ലാവാര്‍ത്തകള്‍ ചിലര്‍ ചമയ്ക്കുകയാണെന്ന് ജയരാജന്‍ പറഞ്ഞു. പൂരമഹോത്സവത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനവും ആയോധന കളരിയില്‍ പത്മശ്രീ നേടിയ മീനാക്ഷിയമ്മ ഗുരുക്കള്‍ക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്യുന്നതിനാണ് 2017 ഏപ്രില്‍ ആറിന് ഞാന്‍ ക്ഷേത്രത്തില്‍ പോയത്.

എന്റെ മണ്ഡല പരിധിയിലുള്ള പുരാതന ക്ഷേത്രമാണിത്. പരിപാടിക്കെത്തിയപ്പോള്‍ ക്ഷേത്രത്തിന്റെയുള്ളിലെ അത്യപൂര്‍വ്വമായ വാസ്തുഭംഗി കാണുന്നതിനായി ക്ഷേത്ര അധികൃതര്‍ എന്നോട് അഭ്യര്‍ഥിച്ചു. ഇതേത്തുടര്‍ന്നാണ് ഞാന്‍ ക്ഷേത്രത്തില്‍ കയറിയത്.

ക്ഷേത്രത്തില്‍ പ്രവേശിക്കണമെങ്കില്‍ ചെരുപ്പുകളും ഷര്‍ട്ടും അഴിക്കണമെന്ന് എല്ലാവര്‍ക്കും അറിയാം. അത് മാത്രമേ ഞാനും ചെയ്തുള്ളൂ. അല്ലാതെ ദര്‍ശനം നടത്തിയതൊന്നുമല്ല. ആരുടെയോ താത്പര്യത്തിന് വേണ്ടി അങ്ങനെ എഴുതിക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു.

തിരക്ക് കുറഞ്ഞ സന്ധ്യാസമയത്ത്, ഷര്‍ട്ടൂരി ക്ഷേത്രത്തില്‍ കയറി രഹസ്യമായി ഇപി ജയരാജന്‍ പ്രാര്‍ത്ഥിച്ച് മടങ്ങിയെന്നാണ് മനോരമ ഓണ്‍ലൈനില്‍ വന്ന റിപ്പോര്‍ട്ട്.

നിയമന വിവാദത്തില്‍പ്പെട്ട് മന്ത്രിസ്ഥാനം നഷ്ടമായിരിക്കുന്ന സമയത്ത്, വിമര്‍ശനങ്ങളില്‍ നിന്നും നടപടികളില്‍ നിന്നും രക്ഷേതേടാനായി ഇപി ക്ഷേത്രത്തില്‍ എത്തിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

ക്ഷേത്രത്തിലെത്തിയ എംഎല്‍എയോട് പുരാതനമായ കൊത്തുപണികള്‍ കാണണമെന്ന് കമ്മറ്റി ഭാരവാഹികളാണ് നിര്‍ബന്ധിച്ചത്. കൊത്തുപണികള്‍ സംരക്ഷിക്കാന്‍, എന്തെങ്കിലും സര്‍ക്കാര്‍ ഫണ്ട് തരപ്പെടുത്താനാകുമോയെന്നും ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്‍ ചോദിച്ചു.

ഇതനുസരിച്ചാണ് പുരാവസ്തു വകുപ്പിന്റെ സഹായം കിട്ടുന്നതിന് വേണ്ടി, എംഎല്‍എ യെ കൊത്തുപണികള്‍ കാണിക്കുന്നതിനായി ക്ഷേത്രനടയ്ക്ക് ഉള്ളിലേക്ക് കൊണ്ടുപോയത്. അകത്തു കയറാന്‍ നേരത്തു ഷര്‍ട്ട് ഊരണമെന്നാണ് ക്ഷേത്രത്തിലെ ആചാരമെന്ന് അറിയിച്ചതനുസരിച്ച് അദ്ദേഹം ഷര്‍ട്ട് ഊരിയാണ് ക്ഷേത്രത്തിന് അകത്ത് കയറിയതെന്നും ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.

ഈ സംഭവമാണ് മനോരമ ന്യൂസ് ഓണ്‍ലൈനില്‍ പച്ചക്കള്ളമായി മാറിയത്. 2017 ഏപ്രില്‍ രണ്ട് മുതല്‍ എട്ട് വരെ നീണ്ട് നിന്ന വിവിധ ദിവസങ്ങളിലെ പരിപാടികളില്‍, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എംപി പികെ ശ്രീമതി ടീച്ചര്‍,സണ്ണി ജോസഫ് എംഎല്‍എ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തിരുന്നു. കളരിയില്‍ പത്മശ്രീ നേടിയ മീനാക്ഷിയമ്മയെ ആറാം തിയതി സന്ധ്യയ്ക്ക് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഇപി ജയരാജന്‍ എംഎല്‍എ ആദരിച്ചിരുന്നു.

Read more topics: temple, news, ep jayarajan
English summary
temple visit; fake news against ep jayarajan
topbanner

More News from this section

Subscribe by Email