Friday August 23rd, 2019 - 10:17:am
topbanner
topbanner

മകരവിളക്കിന് സന്നിധാനത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി : ദേവസ്വം പ്രസിഡണ്ട്

princy
മകരവിളക്കിന് സന്നിധാനത്ത് ഒരുക്കങ്ങള്‍  പൂര്‍ത്തിയായി : ദേവസ്വം പ്രസിഡണ്ട്

ശബരിമല:മകരവിളക്ക് മഹോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എ.പത്മകുമാര്‍ പറഞ്ഞു.സന്നിധാനത്ത് വിവിധ വകുപ്പുകളുടെ അവസാനവട്ട അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തവണ ദേവസ്വംബോര്‍ഡും സര്‍ക്കാര്‍ വകുപ്പുകളും ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിയും യോജിപ്പോടെയാണ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയത്. തിരുവാഭരണഘോഷയാത്ര ഇന്ന്  വൈകുന്നേരം ആറുമണിയോടെ പതിനെട്ടാംപടിക്കു മുകളില്‍ എത്തും. ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് അംഗങ്ങളും ചേര്‍ന്ന് തിരുവാഭരണം സ്വീകരിക്കും. ആറരയ്ക്കാണ് ദീപാരാധന നടക്കുക. 7.52 നാണ് മകരസംക്രമപൂജയും നെയ്യഭിഷേകവും നടക്കുക. തിരുവാഭരണം കാണാനും മകരജ്യോതി ദര്‍ശിക്കാന്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളം, ഔഷധ വെള്ളം, ബിസ്‌കറ്റ് എന്നിവ വിതരണം ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പോലീസും മറ്റ് വകുപ്പുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കായി ബാരിക്കേഡുകളുടെ ക്രമീകരണവും പൂര്‍ത്തിയായിട്ടുണ്ട്. മകരജ്യോതി ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് സുരക്ഷ നല്‍കുന്നതിനുവേണ്ടി എന്‍ഡിആര്‍എഫ്, ആര്‍.എ.എഫ് എന്നിവ പൂര്‍ണ്ണ സജ്ജമാണ്. അപ്പം, അരവണ തുടങ്ങിയ പ്രസാദങ്ങള്‍ ദേവസ്വംബോര്‍ഡ് ആവശ്യത്തിന് കരുതിയിട്ടുണ്ട്. ജനുവരി 19വരെ ഭക്തര്‍ക്ക് ദര്‍ശനം ഉണ്ടാകും. പതിനെട്ടിന് നെയ്യഭിഷേകം അവസാനിക്കും. ഇന്ന് രാവിലെ  10 മണിക്ക് ഹരിവരാസനം പുരസ്‌കാര വിതരണവും നടക്കും. പമ്പയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ടാറ്റാ കമ്പനിയെയും സഹായങ്ങള്‍ ചെയ്ത് സംഘങ്ങള്‍, വ്യക്തികള്‍ എന്നിവരെ ആദരിക്കും.

സന്നിധാനത്ത് ഇത്തവണ ആരോഗ്യവകുപ്പിന്റെ വിവിധ കേന്ദ്രങ്ങളില്‍ സീസണില്‍ 1,86,484 രോഗികള്‍ പരിശോധനയ്ക്ക് വിധേയമായി. 140 ഹാര്‍ട്ട് അറ്റാക്ക് കേസുകളാണ് ഉണ്ടായത്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആംബുലന്‍സും ആംബുലന്‍സ് ഡ്രെവര്‍മാരും സദാ ജാഗരൂകരാണ്. മകരസംക്രമ പൂജയ്ക്കുള്ള നെയ്യഭിഷേകം തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്ന് എത്തിക്കുന്ന നെയ് മാത്രം വച്ചായിരിക്കും നിര്‍വഹിക്കുക. ഇതിന്റെ ആടിയ ശിഷ്ടം നെയ്യ് കൊട്ടാരം പ്രതിനിധികള്‍ക്ക് തന്നെ നല്‍കും. തിരുവിതാംകൂറിന്റെ അവകാശം അതേപടി നിലനിര്‍ത്തണമെന്നാണ് ബോര്‍ഡ് ആഗ്രഹിക്കുന്നതെന്ന് യോഗത്തില്‍ പ്രസിഡന്റ് പറഞ്ഞു.

കളഭാഭിഷേകത്തിന് ഉള്ള കളഭം പന്തളം കൊട്ടാരത്തില്‍ നിന്നുള്ളത് മാത്രം എടുക്കുമെന്നും പത്മകുമാര്‍ പറഞ്ഞു. ഇവരുടെ അവകാശങ്ങള്‍ പൂര്‍ണമായി പാലിക്കപ്പെടണം. വൈദ്യുതി, വെളിച്ചം, കുടിവെള്ളം എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നടപടി എടുത്തതായും യോഗത്തില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.ദേവസ്വംബോര്‍ഡ് അംഗങ്ങളായ കെ.പി.ശങ്കരദാസ്, അഡ്വ.എന്‍.വിജയകുമാര്‍, ദേവസ്വംകമ്മീഷണര്‍ എന്‍.വാസു, ചീഫ് എ്ന്‍ജിനിയര്‍ ശങ്കരന്‍പോറ്റി, സന്നിധാനം പൊലീസ് കണ്‍ട്രോളര്‍മാരായ എസ്.സുജിത്ത് ദാസ്, വി.അജിത്ത്, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി.സുധീഷ്‌കുമാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.

Read more topics: sabarimala, makaravilakk
English summary
facilities in sabarimala for makaravilakk
topbanner

More News from this section

Subscribe by Email