Monday September 24th, 2018 - 8:04:am
topbanner

പ്രശസ്ത സംവിധായകന്‍ ഐവി ശശി അന്തരിച്ചു

NewsDesk
പ്രശസ്ത സംവിധായകന്‍ ഐവി ശശി അന്തരിച്ചു

കൊച്ചി: മലയാളത്തില്‍ ഒട്ടേറെ നല്ല സിനിമകള്‍ സമ്മാനിച്ച പ്രശസ്ത സംവിധായകന്‍ ഐവി ശശി അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. 150 ഓളം മലയാളം സിനിമകള്‍ സംവിധാനം ചെയ്തു.

മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി ഭാഷകളിലായും സിനിമകള്‍ ചെയ്തു. ദേശീയ പുരസ്‌കാര ജേതാവായ ഇദ്ദേഹത്തെ സംസ്ഥാന സര്‍ക്കാര്‍ ജെ.സി.ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. നടി സീമയാണ് പത്‌നി.

1968ല്‍ എ.വി.രാജിന്റെ കളിയല്ല കല്യാണം എന്ന സിനിമയില്‍ കലാസംവിധായകനായാണ് ഐ.വി.ശശിയുടെ തുടക്കം. 1982 ല്‍ ആരൂഡത്തിന് ദേശീയോദ്ഗ്രഥനത്തിുള്ള ദേശീയ അവാര്‍ഡ് നേടി. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡ് എന്നിവ സ്വന്തമാക്കി.

ഇരുപ്പം വീട് ശശിധരന്‍ എന്നാണ് മുഴുവന്‍ പേര്. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്ന് ചിത്രകലത്തില്‍ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്. ഛായാഗ്രഹണ സഹായിയായും പ്രവര്‍ത്തിച്ചു. പിന്നീട് സഹ സംവിധായകനായി. ഉത്സവത്തിനു ശേഷം റിലീസായ അവളുടെ രാവുകള്‍ മലയാളചലച്ചിത്ര ചരിത്രത്തിലെ ഗംഭീര വിജയമായിരുന്നു. പിന്നീട് ജീവിത പങ്കാളിയായ സീമയെ കണ്ടുമൂട്ടുന്നത് അവളുടെ രാവുകള്‍ എന്ന സിനിമയിലൂടെയാണ്. ഏകദേശം മുപ്പതോളം സിനിമകളില്‍ ഇവര്‍ ഒരുമിച്ച പ്രവര്‍ത്തിച്ചെന്ന റെക്കോര്‍ഡുമുണ്ട്.

1975ല്‍ ഉമ്മര്‍ നായകനായ ഉത്സവമാണ് ആദ്യ ചിത്രം. തുടര്‍ന്ന് അഭിനന്ദനം, അനുഭവം, ഇതാ ഇവിടെ വരെ, വാടകയ്‌ക്കൊരു ഹൃദയം, അവളുടെ രാവുകള്‍, മനസാ വാചാ കര്‍മണ, ഏഴാം കടലിനക്കരെ, ഈ നാട്, തുഷാരം, അഹിം, ഇന്നല്ലെങ്കില്‍ നാളെ, കാണാമറയത്ത്, അതിരാത്രം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍, കരിമ്പിന്‍പൂവിനക്കരെ, ആവനാഴി, ഇടനിലങ്ങള്‍, അടിമകള്‍ ഉടമകള്‍, 1921, അബ്കാരി, അക്ഷരത്തെറ്റ്, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, ദേവാസുരം തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 2009ല്‍ പുറത്തിറങ്ങിയ വെള്ളത്തൂവലാണ് അവസാനം പുറത്തിറങ്ങിയ ചിത്രം.

ആലപ്പി ഷെറീഫിന് പുറമെ പത്മരാജന്‍, എം.ടി.വാസുദേവന്‍ നായര്‍, ടി.ദാമോദരന്‍ എന്നിവരുടെ തിരക്കഥകളാണ് ഐ.വി.ശശി കൂടുതലായി ചലച്ചിത്രങ്ങളാക്കിയത്. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും ഏഴ് വീതവും തെലുങ്കില്‍ രണ്ടും സിനിമകള്‍ സംവിധാനം ചെയ്തു.

 

 

English summary
director iv sasi passes away
topbanner

More News from this section

Subscribe by Email