Monday April 22nd, 2019 - 5:51:am
topbanner
topbanner

ഐ.വി ശശിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് പൊരൂരില്‍

Jikku Joseph
ഐ.വി ശശിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് പൊരൂരില്‍

ചെന്നൈ: അന്തരിച്ച പ്രമുഖ സംവിധായകന്‍ ഐ.വി ശശിയുടെ (69) സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന് നടക്കും. വൈകിട്ട് ആറ് മണിയോടെ പോരൂര്‍ വൈദ്യുത ശ്മശാനത്തിലാകും സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക. അഞ്ച് മണി വരെ ചെന്നൈ സാലിഗ്രാമത്തുള്ള വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. ഓസ്ട്രേലിയയിലുള്ള മകള്‍ അനു ഉച്ചതിരിഞ്ഞ് എത്തിച്ചേരും. അതിനു ശേഷമായിരിയ്ക്കും ചടങ്ങുകള്‍ നടക്കുക. നടി സീമയാണു ഭാര്യ. സംവിധായകന്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റ് അനി, അനു എന്നിവരാണു മക്കള്‍. മരുമകന്‍: മിലന്‍ നായര്‍. മകളെ കാണാന്‍ ചൊവ്വാഴ്ച വൈകിട്ട് ഓസ്‌ട്രേലിയയിലേക്കു പോകാനിരിക്കെയായിരുന്നു അന്ത്യം. ദീര്‍ഘകാലമായി കരള്‍ അര്‍ബുദത്തിനു ചികില്‍സയിലായിരുന്നു.

നടന്‍ മമ്മൂട്ടിയുള്‍പ്പടെ ഒട്ടേറെ പ്രമുഖര്‍ ഇന്ന് ഐ.വി ശശിയ്ക്ക് അന്തിമോപചാരമര്‍പ്പിയ്ക്കാനെത്തുമെന്നാണ് കരുതുന്നത്. ഇന്നലെ മോഹന്‍ലാലും കമലഹാസനും മുതിര്‍ന്ന അഭിനേത്രി ശാരദയുമുള്‍പ്പടെ ഒട്ടേറെ പ്രമുഖര്‍ ഐ വി ശശിയ്ക്ക് അന്ത്യാഞ്ജലികള്‍ അര്‍പ്പിയ്ക്കാനെത്തിയിരുന്നു.

ചൊവ്വാഴ്ച രാവിലെ ശ്വാസ തടസ്സമനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയ്ക്കാണ് ഐ.വി ശശി അന്തരിച്ചത്. മോഹന്‍ലാല്‍, കമലഹാസന്‍, സംവിധായകരായ ഹരിഹരന്‍, പ്രിയദര്‍ശന്‍ തുടങ്ങി നിരവധിപ്പേര്‍ അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തി.

മലയാളത്തില്‍ ഏറ്റവുമധികം ചിത്രങ്ങള്‍ സംവിധാനം ചെയ്ത രണ്ടു സംവിധായകരില്‍ ഒരാളാണ് ഐ.വി.ശശി. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നാലു പതിറ്റാണ്ടിനിടെ നൂറ്റന്‍പതിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 1948 മാര്‍ച്ച് 28നു കോഴിക്കോട്ടു ജനിച്ച ഇരുപ്പം വീട്ടില്‍ ശശിധരന്‍ എന്ന ഐ.വി ശശി കലാസംവിധായകനായാണു ചലച്ചിത്രലോകത്തെത്തിയത്. ഉല്‍സവമാണ് (1975) ആദ്യ ചിത്രം. വില്ലനായി തിളങ്ങിനിന്ന ഉമ്മറായിരുന്നു നായകന്‍. റാണി ചന്ദ്ര നായിക. 1978ല്‍ 'അവളുടെ രാവുകളി'ലൂടെ ഹിറ്റ് മേക്കറായി.

വാണിജ്യ സിനിമകളില്‍ പുതുവഴി തെളിച്ച ഐ.വി.ശശി നടന്‍മാരെ സൂപ്പര്‍ താരങ്ങളാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച സംവിധായകനാണ്. ദേശീയ പുരസ്‌കാര ജേതാവായ ഇദ്ദേഹത്തെ സംസ്ഥാന സര്‍ക്കാര്‍ 2015ല്‍ ജെ.സി.ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. 1968ല്‍ എ.വി.രാജിന്റെ കളിയല്ല കല്യാണം എന്ന സിനിമയില്‍ കലാസംവിധായകനായാണ് തുടക്കം. മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്ന് ചിത്രകലയില്‍ ഡിപ്ലോമ നേടിയശേഷമാണു സിനിമയിലെത്തിയത്.

ഛായാഗ്രഹണ സഹായിയായി തുടങ്ങിയ ശശി പിന്നീട് സഹ സംവിധായകനായി. ഉത്സവത്തിനു ശേഷം റിലീസായ അവളുടെ രാവുകള്‍ മലയാള ചലച്ചിത്ര ചരിത്രത്തിലെ ഗംഭീര വിജയമായിരുന്നു. പിന്നീട് ജീവിത പങ്കാളിയായ സീമയെ കണ്ടുമൂട്ടുന്നത് അവളുടെ രാവുകള്‍ എന്ന സിനിമയിലൂടെയാണ്. ഏകദേശം മുപ്പതോളം സിനിമകളില്‍ ഇരുവരും ഒരുമിച്ചു പ്രവര്‍ത്തിച്ചു. 1982 ല്‍ ആരൂഡത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാര്‍ഡ്. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡ് എന്നിവ സ്വന്തമാക്കി.

English summary
director i.v sasi funeral today in chennai
topbanner

More News from this section

Subscribe by Email