topbanner
Sunday September 24th, 2017 - 1:36:am
topbanner

ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത് നാളത്തേക്ക് മാറ്റി

sadu prakash
ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത് നാളത്തേക്ക് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത് നാളത്തേക്ക് മാറ്റി. ഇന്ന് ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നായിരുന്നു വിവരം.
ചില സാങ്കേതിക കാരണങ്ങളാല്‍ ജാമ്യാപേക്ഷ നല്‍കുന്നത് ഒരു ദിവസത്തേക്ക് മാറ്റുകയാണെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകര്‍ അറിയിച്ചു. ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനായ ബി രാമന്‍പിള്ളയാണ് ദിലീപിന്റെ വക്കാലത്ത് ഏറ്റെടുത്തിട്ടുള്ളത്.

അതിനിടെ, കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സുഹൃത്തും സംവിധായകനും നടനുമായ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷായ്ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയാമെന്നും ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നു.

ഇതേതുടര്‍ന്നാണ് അറസ്റ്റ് ഒഴിവാക്കുന്നതിനായി നാദിര്‍ഷാ ഹൈക്കോടതിയെ മുന്‍കൂര്‍ ജാമ്യത്തിനായി സമീപിച്ചത്. അറസ്റ്റിന്റെ സൂചനകള്‍ വന്നതിനെ തുടര്‍ന്ന് നാദിര്‍ഷ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞയാഴ്ച നല്‍കിയെങ്കിലും ഇത് പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവയ്ക്കുകയായിരുന്നു.

ഹൈക്കോടതിയില്‍ നാളെ ജാമ്യാപേക്ഷ നല്‍കുന്നതോടെ കേസുമായി ബന്ധപ്പെട്ട് ദിലീപിനുവേണ്ടി സമര്‍പ്പിക്കപ്പെടുന്ന മൂന്നാമത്തെ ജാമ്യാപേക്ഷയാകും ഇത്. നേരത്തെ രണ്ട് തവണയും ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. അതിനാല്‍ത്തന്നെ പുതിയ ജാമ്യഹര്‍ജിയില്‍ ദിലീപിന് അനുകൂലമായ വിധി ഉണ്ടാകുമോ എന്ന സംശയം അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പോലും പ്രകടിപ്പിക്കുന്നുണ്ട്.

കേസന്വേഷണം അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നും അതിനാല്‍ ഇനിയും ദിലീപ് ജയിലില്‍ തുടരേണ്ട സാഹചര്യം ഇല്ലെന്നും ചൂണ്ടിക്കാട്ടിയാകും ജാമ്യഹര്‍ജി സമര്‍പ്പിക്കുക. അതേസമയം ദിലീപിന്റെ ജാമ്യഹര്‍ജിയെ ഇത്തവണയും പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കും.

ദിലീപ് പുറത്തിറങ്ങുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിത്തന്നെയാകും ഇത്തവണയും ജാമ്യത്തെ എതിര്‍ക്കുക. പുറത്തിറങ്ങിയാല്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കുമെന്നും നടിയുടെ ജീവന് വരെ ഭീഷണി ഉണ്ടായേക്കാമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. നേരത്തെ രണ്ട് തവണയും സമാനമായ വാദങ്ങളായിരുന്നു പ്രോസിക്യൂഷന്‍ ഉയര്‍ത്തിയത്. അത് കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു.

ദിലീപിന്റെ ജയില്‍വാസം 65 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇതിനിടയ്ക്ക് അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ ദിലീപ് താത്കാലികമായി ജയിലില്‍ നിന്നും പുറത്തിറങ്ങിയിരുന്നു. ഈ മാസം ആറിന് രണ്ട് മണിക്കൂര്‍ നേരത്തേക്കായിരുന്നു ദിലീപ് പുറത്തിറങ്ങിയത്.

 

Read more topics: actress, attack, dileep
English summary
dileep extended submission of bail application to tommorrow
topbanner topbanner

More News from this section

Subscribe by Email