Sunday November 18th, 2018 - 3:05:am
topbanner

ലിഗയുടെ ദുരൂഹമരണം; അന്വേഷണം വെല്ലുവിളി, സത്യം പുറത്തുകൊണ്ടു വരുമെന്ന് ഡിജിപി

Jikku Joseph
ലിഗയുടെ ദുരൂഹമരണം; അന്വേഷണം വെല്ലുവിളി, സത്യം പുറത്തുകൊണ്ടു വരുമെന്ന് ഡിജിപി

തിരുവനന്തപുരം: വിദേശവനിത ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസിലെ അന്വേഷണം വെല്ലുവിളിയെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ. മുന്‍വിധിയോടുകൂടി പ്രതികരിക്കാനില്ല. അന്വേഷണം അഭിമാനപ്രശ്‌നം കൂടിയാണ്. ഏറ്റവും മികച്ച ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ ശാസ്ത്രീയമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വളരെ സൂഷ്മമായി ഓരോ തെളിവുകളും പോലീസ് ശേഖരിക്കുന്നുണ്ട്. ഒരല്‍പം വൈകിയാലും പാളിച്ചകളില്ലാത്ത അന്വേഷണം നടത്തി ലിഗയുടെ മരണകാരണം കണ്ടെത്താനാണ് പോലീസ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരുദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കാനാവില്ലെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

അന്വേഷണത്തിന്റെ വസ്തുതകള്‍ പരസ്യപ്പെടുത്തരുതെന്ന് ഉദ്യോഗസ്ഥരോടു നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാവിധ പരിശോധനകളും നടത്തും. വിദഗ്ധ സംഘത്തിന്റെ അഭിപ്രായം തേടിമാത്രമേ അന്തിമ നിഗമനത്തിലെത്തൂ. ഐജിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വിദേശത്ത് നിന്ന് വന്ന ഒരു വനിതയ്ക്ക് കേരളത്തില്‍ വച്ച് ഇങ്ങനെയൊരു ദുരന്തമുണ്ടായി എന്നതാണ് ഇതിലെ പ്രധാന വിഷയം. ആ ഗൗരവം ഉള്‍ക്കൊണ്ടു തന്നെയാണ് പോലീസ് ഈ കേസിനെ സമീപിച്ചിട്ടുള്ളത്. സത്യം കണ്ടെത്തുക എന്നതാണ് പ്രധാനം. ലിഗയുടെ മരണകാരണം കണ്ടെത്താന്‍ സാധ്യമായ എല്ലാ വഴിയ്ക്കും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇത് സംസ്ഥാനത്തിന്റെ പ്രതിച്ഛായയുടെ കൂടി പ്രശ്‌നമാണ് ആ രീതിയില്‍ തന്നെയാണ് ഈ കേസിനെ ഞങ്ങള്‍ കാണുന്നതെന്നും ഡിജിപി വ്യക്തമാക്കി.

English summary
dgp loknath behera on ligas controversial death
topbanner

More News from this section

Subscribe by Email