Saturday December 15th, 2018 - 3:44:am
topbanner

ശബരിമല സ്ത്രീപ്രവേശനം; ദേവസ്വം ബോര്‍ഡ് സാവകാശം തേടിയേക്കും

JB
ശബരിമല സ്ത്രീപ്രവേശനം; ദേവസ്വം ബോര്‍ഡ് സാവകാശം തേടിയേക്കും

 

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവിധി നടപ്പാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സാവകാശം തേടിയേക്കും. ഇതുമായി ബന്ധപ്പെട്ട് നാളെ രാവിലെ ചേരുന്ന ബോര്‍ഡ് യോഗം തീരുമാനം കൈക്കൊളളും.മണ്ഡല-മകരവിളക്ക് കാലത്തിന് നാളെയാണ് നട തുറക്കുക. നാളെ തന്ത്രിയുടെ സ്ഥാനാരോഹണമാണ് പ്രധാന ചടങ്ങ്. തന്ത്രികുടുംബവുമായും പന്തളം കൊട്ടാര കുടുംബവുമായും ഇന്ന് വൈകുന്നേരം നടത്തിയ ചര്‍ച്ചയിലാണ് ദേവസ്വം ബോര്‍ഡിന് സാവകാശം തേടാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞത്.

സര്‍വ്വകക്ഷിയോഗത്തില്‍ പ്രതിപക്ഷം പിണങ്ങിപ്പോയതിന് പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം വന്നത്. സന്നിധാനത്ത് ഉണ്ടാകാനിടയുളള സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ദേവസ്വം ബോര്‍ഡും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനൊരുങ്ങുന്നത്.

തന്ത്രി, രാജകുടുംബാംഗങ്ങളുമായുള്ള ചര്‍ച്ചയില്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാറും, ബോര്‍ഡംഗം കെ.പി.ശങ്കരദാസും പങ്കെടുത്തിരുന്നു. തന്ത്രി കുടുംബവും കൊട്ടാരം പ്രതിനിധികളും വിധി നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ സാവകാശം തേടണം എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഈ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം ദേവസ്വം ബോര്‍ഡിന് പോകാവുന്നതാണെന്ന് പറയുകയും ചെയ്തു.

ചര്‍ച്ച സൗഹാര്‍ദ്ദപരമായിരുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ പ്രതികരിച്ചത്.

 

English summary
devasom board respond in sabrimala issue
topbanner

More News from this section

Subscribe by Email