വരാപ്പുഴ: നാട്ടുകാരില്‍നിന്നും ഒറ്റപ്പെട്ട് ജീവിക്കുകയായിരുന്ന എഴുപതുകാരി നോട്ട് നിരോധനം അറിഞ്ഞത് നോട്ടുകള്‍ മാറിയെടുക്കാനുള്ള കാലാവധിക്കുശേഷം.
വരാപ്പുഴ ചിറയ്ക്കകം ഭഗവതിപ്പറമ്പിലെ സതിയുടെ കൈയ്യിലിപ്പോള്‍ 3 ലക്ഷം രൂപയുടെ പഴയ നോട്ടുകളാണ്. മൃഗാശുപത്രി സ്വീപ്പര്‍ ആയി ജോലി ചെയ്തിരുന്ന ഇവര്‍ വിരമിച്ചപ്പോള്‍ ലഭിച്ച തുകയും പെന്ഷന് തുകയുമാണിത്.
കഴിഞ്ഞ ദിവസം സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ 500 രൂപ നല്കിയപ്പോളാണു നോട്ട് നിരോധിച്ച വിവരം അറിയുന്നത്. തുടര്‍ന്നു ബന്ധുവായ ഒരു സ്ത്രീയെയും കൂട്ടി ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകെട്ടുമായി ആദ്യം വരാപ്പുഴ സഹകരണ ബാങ്കിലും എസ്.ബി.ടി ശാഖയിലും എത്തിയെങ്കിലും കാര്യമുണ്ടായില്ല.
സഹായിക്കാന്‍ പഞ്ചായത്ത് അംഗം വത്സല ബാലന് രംഗത്ത് എത്തിയെങ്കിലും സതിക്ക് ആരെയും വിശ്വാസമില്ല. സമീപവാസികളുമായി യാതൊരു ബന്ധവുമില്ലാതെയാണ് ഇവരുടെ ജീവിതം. മൂന്നര സെന്റ് സ്ഥലത്ത് പണി തീര്‍ത്തിരിക്കുന്ന വീടിന്റെ ഒറ്റമുറിയില്‍ തനിച്ചാണ് താമസം. സാധനങ്ങള്‍ വാങ്ങുവാന്‍ പുലര്‍ച്ചെ വരാപ്പുഴ മാര്‍ക്കറ്റില്‍ എത്തുന്ന ഇവര്‍ അത്യാവശ്യ സാധനങ്ങള്‍ വാങ്ങി തിരിച്ചു പോകാറാണുള്ളത്. ഇവരെ അപൂര്‍വമായിട്ടാണ് നാട്ടുകാര്‍തന്നെ കാണുന്നത്.
വാതിലും, ജനലുകളും അടച്ചു വീടിനുള്ളില്‍ തനിയെ കഴിഞ്ഞുകൂടുകയാണ്. വീടിന്റെ വാതിലില്‍ ആരെങ്കിലും മുട്ടിയാല്‍ ഉച്ചത്തില്‍ വഴക്കുപറഞ്ഞ് ഓടിക്കും. ആരുവിളിച്ചാലും വാതിലോ ജനലോ തുറക്കില്ല. പുലര്‍ച്ചെ വെള്ളമെടുക്കാന്‍ വീടിന് സമീപമുള്ള പൊതുടാപ്പില്‍ എത്തുമ്പോള്‍ കൈയില്‍ പണം അടങ്ങിയ സഞ്ചിയും ഉണ്ടാകും. നോട്ടുമാറാന്‍ സഹായത്തിനായി പഞ്ചായത്ത് അംഗവും സമീപവാസികളും എത്തിയെങ്കിലും സതി വാതില്‍ തുറക്കുന്നില്ല. കറന്റ് ബില്ല് അടയ്ക്കാത്തതിനാല്‍ വീട്ടിലെ വൈദ്യുതി ലൈന്‍ വിച്ഛേദിച്ചതോടെ ഇരുട്ടിലായി ജീവിതം.