Friday April 26th, 2019 - 7:30:am
topbanner
topbanner

ആമിയെ കാത്തിരിക്കുന്നു; മഞ്ജുവാര്യര്‍ക്ക് പിന്തുണയുമായി ദീപാ നിശാന്ത്

NewsDesk
ആമിയെ കാത്തിരിക്കുന്നു; മഞ്ജുവാര്യര്‍ക്ക് പിന്തുണയുമായി ദീപാ നിശാന്ത്

കൊച്ചി: സംവിധായകന്‍ കമലിന്റെ ആമിയില്‍ മാധവിക്കുട്ടിയായി വേഷമിടാനൊരുങ്ങുന്ന മഞ്ജുവാര്യര്‍ക്ക് പിന്തുണയുമായി എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്ത്.

മഞ്ജുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരിക്കുന്ന അധിക്ഷേപങ്ങള്‍ക്കെതിരെ ദീപാ നിശാന്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

സാധാരണ ഗതിയിൽ ഒരു അഭിനേത്രി ഏതെങ്കിലുമൊരു കഥാപാത്രം സ്വീകരിക്കുമ്പോൾ അതിൽ വ്യക്തിപരമായ ഗുണദോഷങ്ങൾക്ക് ഒട്ടും പ്രസക്തിയില്ല. അങ്ങനെയാണ് എങ്കിൽ ടി.ജി.രവിയും ജോസ്പ്രകാശും എം.എൻ.നമ്പ്യാരും ശ്വേതാമേനോനും കൊച്ചിൻ ഹനീഫയുമൊക്കെ അവതരിപ്പിച്ചിരുന്ന കഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതകൾ ആ നടീനടന്മാരിലും ആരോപിക്കേണ്ടി വരും.

ആത്യന്തികമായി അഭിനയം ഒരു തൊഴിൽ മാത്രമാണ്. (ആത്മസംതൃപ്തിയുടെ തലങ്ങളൊക്കെ അവിടെ നിൽക്കട്ടെ!). തൊഴിലിൻ്റെ തെരഞ്ഞെടുപ്പ് ആ തൊഴിൽ ചെയ്യുന്ന വ്യക്തിയുടേത് മാത്രമാണ്. അതു കൊണ്ടു തന്നെ ഒരു നടി / നടൻ ഏതു റോൾ സ്വീകരിക്കണം, ഏത് റോൾ വേണ്ടെന്നു വെക്കണമെന്നത് അയാളുടെ തീരുമാനമാണ്. അതിൽ കൈകടത്താനുള്ള അധികാരം മറ്റാർക്കുമില്ല.

എല്ലാറ്റിലും ബാധകമായ പൊതുനിയമങ്ങൾ എവിടെയും സാധ്യമല്ലെന്നിരിക്കേ ചില സവിശേഷസന്ദർഭങ്ങൾ വ്യത്യസ്തമായ ഒരു വായന ആവശ്യപ്പെടുന്നുണ്ട്. അത്തരമൊരു സന്ദർഭത്തിലാണ് വിദ്യാബാലൻ്റെ പിന്മാറ്റവും മഞ്ജുവാര്യരുടെ കടന്നുവരവുമൊക്കെ വലിയ ചർച്ചയാവുന്നതും..

വിദ്യാബാലൻ എന്ന പ്രശസ്ത നടി ഏറ്റെടുത്തിരുന്ന ,അവർ ഏറെ പ്രതീക്ഷയർപ്പിച്ചിരുന്ന ഒരു റോൾ, അവർക്ക് ഉപേക്ഷിക്കേണ്ടി വരുന്നതിൽ രാഷ്ട്രീയവും വർഗ്ഗീയം പോലുമായ സമ്മർദ്ദങ്ങളുണ്ടാകാം എന്നത് സാമാന്യ നിരീക്ഷണശീലമുള്ള ആർക്കും ഊഹിക്കാവുന്നതേയുള്ളൂ. ആ പിൻവാങ്ങലിനെക്കുറിച്ച് സിനിമയുടെ സംവിധായകനോട് തൃപ്തികരമായ ഒരു കാരണം പറയാൻ പോലും അവർക്ക് സാധിക്കാതിരിക്കുന്നത് വിദ്യാബാലൻ്റെ കാപട്യമായിട്ടല്ല.മറിച്ച് നില നിൽപ്പിൻ്റെ ദയനീയതയായിട്ടു തന്നെയാണ് കാണേണ്ടതും. പലതരം നിശബ്ദമാക്കലുകളുടേയും വിലക്കുകളുടേയും ഭീഷണിപ്പെടുത്തലുകളുടേയും രാഷ്ട്രീയ പരിതസ്ഥിതിയിൽത്തന്നെയാണ് ഇത്തരം കാര്യങ്ങൾ പൊതുജനം വിലയിരുത്തുന്നതും അഭിപ്രായം പറയുന്നതും. ആ അഭിപ്രായം പറയുന്നതിനപ്പുറം, വിദ്യാബാലൻ്റെ തീരുമാനത്തെ ചോദ്യം ചെയ്യാനുള്ള അർഹതയൊന്നും നമുക്കില്ല. പക്ഷേ ഇത്തരം പിൻവാങ്ങലുകൾ അവരെപ്പോലുള്ള അഭിനേതാക്കളെ ഒരു സാംസ്കാരിക കുറ്റവാളിയുടെ സംശയമുനയിൽ നിർത്തുന്നുണ്ട്.

അത്തരമൊരു സാഹചര്യത്തിലാണ് മഞ്ജുവാര്യരുടെ വരവിൻ്റെ പ്രസക്തി. ഒരു അഭിനേത്രി എന്ന നിലയിലുള്ള സാധ്യതകൾ മുന്നിൽക്കണ്ടും സംവിധായകനോടുള്ള ആദരപൂർവ്വമായ അടുപ്പം കൊണ്ടും മാത്രമാണ് താനീ റോൾ ഏറ്റെടുത്തതെന്നും അതൊരു രാഷ്ട്രീയ പ്രഖ്യാപനമല്ലെന്നും കമലിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയചർച്ചകളിലെ പക്ഷം ചേരലായി ഇതിനെ വ്യാഖ്യാനിക്കരുതെന്നും മഞ്ജുവാര്യർ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആവർത്തിച്ച് പറയുമ്പോഴും ആ തീരുമാനം അതിശക്തമായ ഒരു രാഷ്ട്രീയം ഉൾപ്പേറുന്നുണ്ട്. ആ രാഷ്ട്രീയം തന്നെയാണ് ഒരു ജനാധിപത്യ രാഷ്ട്രത്തിൽ വ്യക്തിക്കുണ്ടാകേണ്ടതും. ആ രാഷ്ട്രീയം മഞ്ജുവാര്യർ എന്ന കലാകാരിയെ സംബന്ധിച്ചിടത്തോളം അപ്രസക്തമോ ഒരുപക്ഷേ അദൃശ്യം പോലുമോ ആയിരിക്കാം. എന്നു കരുതി അതൊരിക്കലും അത് മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തെ റദ്ദ് ചെയ്യുന്നില്ല.

ജീവിതത്തിൽ സാമൂഹ്യമായ അർത്ഥത്തിൽ ധീരവും വ്യക്തിപരമായ തലത്തിൽ ചുരുങ്ങിയത് വിമതമെങ്കിലുമായ നിലപാടുകൾ എടുത്തിട്ടുള്ള വ്യക്തിയാണ് മഞ്ജുവാര്യർ.. ഏറ്റവും അർത്ഥവത്തായി തൻ്റെ സാമൂഹിക ഇടപെടലുകൾ നടത്തുന്ന മഞ്ജു വലിയൊരു രാഷ്ട്രീയത്തിൻ്റെ ഭാഗമാണെന്ന് മഞ്ജു പോലും തിരിച്ചറിയണമെന്നില്ല. നമ്മുടെ സാമൂഹികമായ ഓരോ ഇടപെടലും രാഷ്ട്രീയം തന്നെയാണ്.

താനേറ്റെടുത്ത റോളിൻ്റെ രാഷ്ട്രീയ മാനങ്ങൾ ഇതിനകം തന്നെ മഞ്ജു തീർച്ചയായും തിരിച്ചറിഞ്ഞിട്ടുണ്ടാകും. എന്നിട്ടും അവർക്കതിനെ പ്രത്യക്ഷമായിത്തന്നെ നിഷേധിക്കേണ്ടി വരുന്നതും, തൻ്റെ രാജ്യസ്നേഹവും മതേതരത്വവും ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് പ്രതികരിക്കേണ്ടി വരുന്നതും അവരുടെ മേൽ വന്നു വീണേക്കാവുന്ന ഭീഷണികളുടെ സാധ്യതകളെക്കൂടി മുൻനിർത്തിയാവണം. ആ സാധ്യതകളുടെ പ്രതിരോധത്തിലേക്ക് എൻ്റേതായ എളിയ കൈ കൂടി നീട്ടുകയാണ് ഞാൻ ചെയ്തത്... അതിനെ വ്യാഖ്യാനിച്ച് മറ്റർത്ഥതലങ്ങളൊന്നും ആരും കൽപ്പിക്കേണ്ടതില്ല.....

പ്രിയപ്പെട്ട മഞ്ജൂ..... വീണ്ടും സ്നേഹാഭിവാദ്യങ്ങൾ ....

ആമിയെ കാത്തിരിക്കുന്നു ....ഏറെ പ്രതീക്ഷയോടെ....

 

English summary
deepa nishanth facebook post on manju warrier
topbanner

More News from this section

Subscribe by Email