Thursday April 18th, 2019 - 10:34:pm
topbanner
topbanner

കൊച്ചിയിലെ മരണക്കെണികള്‍

fasila
കൊച്ചിയിലെ മരണക്കെണികള്‍

സുധീര്‍ ബാബു

കൊച്ചി: റോഡിലെ കുഴികളെക്കുറിച്ച് പറഞ്ഞു പഴകി. നാം ജനിച്ചപ്പോള്‍ മുതല്‍ കാണാന്‍ തുടങ്ങിയവ അതിലെന്ത് പുതുമ. കേരളം ഇങ്ങിനെയാണ്. തുടര്‍ച്ചയായി, കഠിനമായി മഴപെയ്യുന്ന ഒരു നാട്ടില്‍ റോഡുകള്‍ ഇങ്ങിനെ തന്നെയേ ഉണ്ടാകൂ. അതിന് നമ്മള്‍ ആരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സ്ഥിരം കേള്‍ക്കുന്ന പല്ലവി. റോഡ് പണിയുന്ന കോണ്ട്രാക്ടറും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധബന്ധമെന്നും റോഡ് പണിയിലെ മായമെന്നും അലറി വിളിച്ചു പറഞ്ഞ് തൊണ്ടയിലെ വെള്ളം പറ്റും എന്നല്ലാതെ ഒരു കാര്യവുമില്ല. അതൊരു നാട്ടുനടപ്പായി മാറിപ്പോയി.

അതുകൊണ്ട് കുഴികള്‍ നമുക്ക് ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. കുഴികളില്ലാത്ത റോഡുകളാണ് നമ്മളെ ഇപ്പോള്‍ ആശ്ചര്യഭരിതരാക്കുന്നത്. അത്രമാത്രം കുഴികള്‍ നമുക്ക് പരിചിതമായിക്കഴിഞ്ഞു. അവയില്ലാത്ത ഒരു റോഡിനെക്കുറിച്ചുപോലും ചിന്തിക്കാനാവാത്ത വിധം നമ്മുടെ മാനസികനിലക്ക് രൂപമാറ്റം സംഭവിച്ചുകഴിഞ്ഞു. സ്വപ്നത്തില്‍ കാണുന്ന റോഡുകളില്‍ കുഴികളില്ലെങ്കില്‍ അത് കേരളത്തിലെ റോഡുകളല്ല എന്ന് നമുക്ക് തിരിച്ചറിയാന്‍ കഴിയുന്നു.

കുഴികളില്ലാതെ മലയാളിക്ക് എന്ത് ആനന്ദം. ഞാന്‍ സംസാരിക്കാന്‍ ഉദ്ദേശിച്ചത് റോഡുകളിലെ കുഴികളെക്കുറിച്ചല്ല. മറിച്ച് ഭരണസംവിധാനങ്ങള്‍ തിരിക്കുന്ന ബുദ്ധിരാക്ഷസരുടെ തലച്ചോറില്‍ രൂപം കൊള്ളുന്ന ചില കുഴികളെക്കുറിച്ചാണ്. ഈ കുഴികളെ നമുക്ക് നാടിനെ നശിപ്പിക്കുന്ന, ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്ന ചതിക്കുഴികളായി വിശേഷിപ്പിക്കാം. കാരണം ബുദ്ധിയെ കാര്‍ന്ന് തിന്ന് രൂപം കൊള്ളുന്ന ഇത്തരം കുഴികള്‍ സൃഷ്ട്ടിക്കുന്ന ആഘാതം വളരെ വലുതാണ്.

ഭരണ സംവിധാനം നയിക്കുന്നവര്‍ വളരെ ധിഷണാശാലികളാണ്.

ഭരണനയങ്ങള്‍ക്കനുസരിച്ച് ആ സംവിധാനത്തെ മുന്നോട്ട് നയിക്കാന്‍ വളരെ പ്രാപ്തരായവര്‍. നിയമങ്ങളും നയങ്ങളും വളരെ സുവ്യക്തമാണ്. അതിനനുസരിച്ച് ഭരണസംവിധാനത്തെ നയിക്കുന്ന പരിപൂര്‍ണ്ണ അഡ്മിനിസ്‌ട്രെറ്റര്‍മാരായ ഇവര്‍ പലപ്പോഴും ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികളാകുന്നില്ല. അഡ്മിനിസ്‌ട്രെഷനും മാനേജ്മന്റും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയപ്പെടാതെ അവര്‍ ഭരണചക്രം തിരിക്കുകയാണ്. അതിന് ഇരയാകുന്നവര്‍ പാവം പൊതുജനം മാത്രം.
ഇതിന് ഒരുദാഹരണം ആവശ്യമാണ്. കൊച്ചിയില്‍ വൈറ്റിലയില്‍ ഫ്‌ലൈഓവര്‍ പണിയാന്‍ പോകുന്നു.

യുദ്ധകാലാടിസ്ഥാനത്തില്‍ പണി തുടങ്ങി. ട്രാഫിക്കില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. സ്വാഭാവികമായും തിരക്ക് ഉണ്ടാകും. ജനങ്ങളും സഹകരിക്കണം. ആദ്യം നെല്ലിക്ക കയ്ക്കും പിന്നെ മധുരിക്കും. ഫ്‌ലൈഓവര്‍ പണി കഴിയുന്നതോടുകൂടി പ്രശ്‌നങ്ങള്‍ അവസാനിക്കുകയല്ലേ. അതുകൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ ജനവും തയ്യാറായി. വൈറ്റിലയില്‍ പണി ആരംഭിച്ചു. തുടര്‍ന്നു കുണ്ടന്നൂരും പണി തുടങ്ങി. പണി തുടങ്ങും മുന്‍പ് ഇരുപത് മിനിട്ട് കൊണ്ട് എറണാകുളം എത്തികൊണ്ടിരുന്നവര്‍ ഇപ്പോള്‍ രണ്ടുമണിക്കൂര്‍ എടുത്താലും എത്തില്ല എന്ന അവസ്ഥയായി.

സ്‌കൂളുകളിലേക്ക് പോകുന്ന കൊച്ചുകുട്ടികള്‍ മുതല്‍ പെന്‍ഷന്‍ വാങ്ങാന്‍ പോകുന്ന വയോവൃദ്ധര്‍ വരെ ഈ പീഡനം ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ശരിയാണ് വരാന്‍ പോകുന്ന വലിയൊരു നേട്ടത്തിന് വേണ്ടി കുറച്ചധികം ത്യാഗം ആവശ്യമാണ്. പാലാരിവട്ടം ഫ്‌ലൈഓവര്‍ പണിതുകൊണ്ടിരുന്നപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതല്ലേ? ഇപ്പോള്‍ എത്ര സുന്ദരമായി യാത്ര ചെയ്യാം. യാഥാര്‍ത്ഥ്യങ്ങളെ നാം സ്വീകരിച്ചേ പറ്റൂ. ഇതൊന്നുമല്ല വിഷയം. ഞാന്‍ നേരത്തേ ചൂണ്ടിക്കാട്ടിയ തലച്ചോറിലെ ചില കുഴികളാണ് പ്രശ്‌നം.

കേരളത്തിലെ ഏറ്റവും വലിയ കവലയിലെ ഫ്‌ലൈഓവര്‍ നിര്‍മ്മാണം ആസൂത്രണം ചെയ്ത രീതി നമ്മുടെ ഭരണസംവിധാനങ്ങളുടെ അപര്യാപ്തതയും അത് നയിക്കുന്നവരുടെ ബുദ്ധിശൂന്യതയും വെളിവാക്കുന്നതാണ്. വൈറ്റിലയിലും കുണ്ടന്നൂരും കൂടി കടന്നുപോകുന്ന വാഹനങ്ങളുടെ ബാഹുല്യമോ തിരക്കോ കണക്കിലെടുക്കാതെ സാധാരണ ഒരു റോഡുപണിപോലെ ഇതിനെ കൈകാര്യം ചെയ്തു. മികച്ച റോഡ് സൌകര്യങ്ങളോ ട്രാഫിക് സൗകര്യങ്ങളോ ഒരുക്കാതെ ചെയ്ത ഈ വിഡ്ഢിത്തത്തിന്റെ ഫലം മുഴുവന്‍ ഇപ്പോള്‍ ജനങ്ങള്‍ അനുഭവിക്കുന്നു.

വൈറ്റിലയിലും കുണ്ടന്നൂരും ഉള്ള റോഡിലെ കുഴികള്‍ ആരുടെ തമാശയുടെ ദുരന്തങ്ങളാണ്? റോഡ് പണിത് ഒരു മാസത്തിനുള്ളില്‍ തന്നെ റോഡില്‍ രൂപപ്പെട്ട കുഴികള്‍ അടക്കാന്‍ കാട്ടിയ അലംഭാവം നമ്മുടെ നിഷേധ കാഴ്ച്ചപ്പാടുകള്‍ക്ക് വലിയൊരു തെളിവാണ്. അഗാധമായ കുഴികള്‍ ഉള്ള റോഡിലൂടെ ഒരു വാഹനത്തിനും വേഗത്തില്‍ സഞ്ചരിക്കുവാന്‍ സാധിക്കില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ കടന്ന് പോകുന്ന കവലയിലെ ഈ കുഴികള്‍ നശിപ്പിക്കുന്നത് അവിടെക്കൂടി കടന്നുപോകുന്ന വാഹനങ്ങളെയാണ്, മനുഷ്യശരീരങ്ങളെയാണ്.

ഓരോ ദിവസവും ലക്ഷങ്ങളുടെ ഇന്ധനമാണ് ഇവിടെ എരിഞ്ഞു തീരുന്നത്. സമയത്ത് ജോലിസ്ഥലങ്ങളില്‍ എത്താന്‍ വിഷമിക്കുന്നവര്‍, അതുമൂലം അന്നത്തെ ജോലി ഇല്ലാതെയാകുന്നവര്‍, സമയത്ത് സ്‌കൂളില്‍ എത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍, ആശുപത്രികളില്‍ എത്താന്‍ കഴിയാതെ വലയുന്ന രോഗികള്‍ ഇവരെല്ലാം ഭരിക്കുന്നവരുടെ ദീര്‍ഘവീക്ഷണമില്ലായ്മയുടെ ഫലം അനുഭവിക്കുന്നവര്‍. ഇതൊക്കെ മുന്‍കൂട്ടി കാണാമായിരുന്നു. വിദഗ്ദ്ധരുടെ സഹായത്തോടെ കുറ്റമറ്റ ഒരു സംവിധാനം നടപ്പിലാക്കാമായിരുന്നു.

മഴക്കാലം മുന്‍കൂട്ടിക്കണ്ട് അതിനെ നേരിടാന്‍ തക്കവിധം റോഡിനെ സജ്ജമാക്കാമായിരുന്നു. ഏറ്റവും മോശമായ ഒരവസ്ഥയിലേക്ക് ഇതൊക്കെ എത്തിക്കുന്നതിനുമുന്‍പേ പരിഹരിക്കാമായിരുന്നു. പക്ഷേ ആ തലത്തിലേക്ക് ഭരണ നായകന്മാര്‍ മാറണമെങ്കില്‍ അഡ്മിനിസ്‌ട്രെഷന്‍ മാത്രം പഠിച്ചാല്‍ പോര മാനേജ്മന്റും പഠിക്കണം.
വൈറ്റിലയിലും കുണ്ടന്നൂരും ഫ്‌ലൈഓവര്‍ പണിതീരുമ്പോള്‍ അതിന് മുടക്കിയ തുകയെക്കാളും പലമടങ്ങ് തുക കേരളത്തിന് നഷ്ട്ടപ്പെട്ടിരിക്കും. ആ നഷ്ട്ടം കൃത്യമായി തിട്ടപ്പെടുത്തുക എളുപ്പമല്ല.

ഈ വീക്ഷണമില്ലായ്മ കൊണ്ട് നഷ്ട്ടപ്പെടുന്ന സമയം, മനുഷ്യപ്രയത്‌ന ദിനങ്ങള്‍, വാഹനങ്ങളുടെ അറ്റകുറ്റപണിക്ക് ചിലവാകുന്ന തുക, നഷ്ട്ടപ്പെടുന്ന ബിസിനസ് എന്നിവ കണക്കിലെടുക്കാനാവാത്ത നഷ്ട്ടങ്ങള്‍ സംഭവിപ്പിക്കുന്നു. ഓരോ ദുരന്തങ്ങളും നഷ്ട്ടങ്ങളാണ്. അത്തരമൊരു ദുരന്തമാണ് ഈ സംഭവിച്ചതും. ആരെ വേണമെങ്കിലും കുറ്റം പറയാം മഴയേയോ, റോഡ്പണിക്കാരനെയോ, ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ വയ്യാതെ കുറ്റം പറയുന്ന പൊതുജനത്തിനെയോ ആരെ വേണമെങ്കിലും.

പക്ഷേ യാഥാര്‍ത്ഥ്യം എന്താണ്? ഇതിനേക്കാള്‍ നന്നായി ഇത് സംവിധാനം ചെയ്യാന്‍ പറ്റില്ലായിരുന്നോ? ഇവിടങ്ങളില്‍ ജനങ്ങള്‍ റോഡിലൂടെയല്ല സഞ്ചരിക്കുന്നത്. കാരണം അതിന്റെ പ്രകൃതി അതിന് നഷ്ട്ടപ്പെട്ടിരിക്കുന്നു. വാഹനങ്ങള്‍ നീന്തിയാണ് കടന്നുപോകുന്നത്. ആരുടെയൊക്കെയോ തലച്ചോറിലെ കുഴികളുടെ ദുരന്തഫലം അനുഭവിക്കാന്‍ വിധിക്കപ്പെട്ടവര്‍ സാധാരണക്കാര്‍. ഇതൊന്നും ഇങ്ങിനെയല്ല കൈകാര്യം ചെയ്യേണ്ടത് എന്നറിയുന്നവര്‍ കേരളത്തില്‍ ഉണ്ട്. ഇത്തരം കാര്യങ്ങള്‍ വിദഗ്ദ്ധമായി വിലയിരുത്താനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കഴിവുള്ളവര്‍ തന്നെയാണ് നാം.

പക്ഷേ എത്ര നന്നായി ചെയ്യേണ്ട കാര്യങ്ങള്‍ പോലും എത്രയും മോശമായി കൈകാര്യം ചെയ്യാന്‍ കഴിയും എന്ന് തെളിയിക്കുവാന്‍ നാം കഷ്ട്ടപ്പെടുന്നു. പ്രശ്‌നങ്ങള്‍ മുന്‍കൂട്ടിക്കണ്ട് അവയ്ക്ക് പരിഹാരം കാണുന്നവരാണ് വിദഗ്ധരായ ഭരണാധികാരികള്‍. ഈ കുഴികളില്‍ പെട്ട് ഏതെങ്കിലും ഒരു യാത്രക്കാരന്റെ ജീവന്‍ പൊലിയുന്നതുവരെ തലച്ചോറില്‍ കുഴികളുള്ള ഇവര്‍ കാത്തുനില്ക്കും. ഇവിടെ വിലയില്ലാത്തത് സാധാരണക്കാരന്റെ സമയത്തിനും ജീവനും മാത്രമാണ്. ആരോട് പറയാന്‍, ആര് കേള്‍ക്കാന്‍. ദുരന്തങ്ങള്‍ക്കായി നമുക്കിനിയും കാത്തിരിക്കാം.

English summary
dead traps in kochi: Sudheer Babu
topbanner

More News from this section

Subscribe by Email