Sunday February 17th, 2019 - 5:53:pm
topbanner

കറിപൗഡറുകളില്‍ മാരക കീടനാശിനി സാന്നിദ്ധ്യം: പരിശോധനയിൽ മാരക വിഷാംശം ഉള്ള എത്തിയോണ്‍ ആണ് കറിമസാലകളില്‍ കൂടുതലായും കണ്ടെത്തിയത്;പരിശോധന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും നടപടിയെടുക്കാതെ അധികൃതര്‍

rajani v
കറിപൗഡറുകളില്‍ മാരക കീടനാശിനി സാന്നിദ്ധ്യം: പരിശോധനയിൽ മാരക വിഷാംശം ഉള്ള എത്തിയോണ്‍ ആണ് കറിമസാലകളില്‍ കൂടുതലായും കണ്ടെത്തിയത്;പരിശോധന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും നടപടിയെടുക്കാതെ അധികൃതര്‍

സംസ്ഥാനത്ത് പാചകത്തിനായി ഉപയോഗിക്കുന്ന കറി മസാലകളില്‍ കൂടിയ തോതില്‍ മാരകവിഷമുള്ള കീടനാശിനികള്‍ കലര്‍ന്നിട്ടുള്ളതായി സ്ഥിരീകരണം. എറണാകുളത്തെ റീജിയണല്‍ അനലിറ്റിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് മാരക വിഷാംശം ഉള്ള എത്തിയോണ്‍ ആണ് കറിമസാലകളില്‍ കൂടുതലായും കണ്ടെത്തിയിരിക്കുന്നത്.

ഗുരുതരമായ പ്രത്യാഘാതങ്ങൾ ആരോഗ്യത്തിന് സൃഷ്ട്ടിക്കുന്ന എത്തിയോണ്‍ യാതൊരു നിയന്ത്രണവും ഇല്ലാതെ ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തൽ. ഈസ്റ്റേൺ, മേളം സ്വാദ്, സെയ്‌ക്കോ, ഡബിൾ ഹോഴ്സ്, എയ്ഞ്ചൽ, പാണ്ട തുടങ്ങിയ കമ്പനികളുടെ ഉൽപ്പനങ്ങളിലാണ് ഗുരുതരമായ അളവിൽ വിഷം കണ്ടെത്തിയത്.

എറണാകുളത്തെ റീജിയണല്‍ അനലിറ്റിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെടുത്ത 25 ശതമാനം സാമ്പിളുകളിലും കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയത്. അൽഷിമേഴ്‌സ്, ക്യാൻസർ, ടൂമർ തുടങ്ങി ഒട്ടനവധി മാരക അസുഖങ്ങൾ ഇതുമൂലം ഉണ്ടാകുമെന്നും മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ടെന്നാണു പഠനങ്ങൾ പറയുന്നത്.

കമ്പനികൾക്കെതിരെ ഗുരുതര കുറ്റകൃത്യം കണ്ടെത്തിയ റിപ്പോർട്ട് ഫുഡ് സേഫ്റ്റി കൺട്രോളർ പൂഴ്ത്തി വെക്കുകയായിരുന്നു.കണ്ണൂര്‍ സ്വദേശി ലിയോനാര്‍ഡ് ജോണ്‍ നല്‍കിയ വിവരാവകാശത്തിനുള്ള മറുപടിയിന്‍മേലാണ് കറിപൗഡറുകളില്‍ അമിതമായ തോതില്‍ കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയത്.

2017-2018 കാലയളവില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ 94 കറിപൗഡര്‍ സാമ്പിളുകളില്‍ 22 എണ്ണത്തിലും എത്തിയോണ്‍ കലര്‍ന്നതായി അനലിറ്റിക്കല്‍ ലാബോറട്ടറി റിപ്പോര്‍ട്ടില്‍ പറയുന്നു.സംസ്ഥാനത്ത് ഉപയോഗിക്കുന്നവയില്‍ എത്തിയോണ്‍ സാന്നിദ്ധ്യം കൂടുതലായി കാണപ്പെടുന്നത് മുളക്‌പൊടി, ജീരകപ്പൊടി, തുടങ്ങിയവയിലാണ്.

ഇവയില്‍ എത്തിയോണ്‍ കൂടാതെ ട്രയാസോഫോസ്, എത്തിയോണ്‍ ക്ലോറോപൈറിഫോസ്, ബിഫെന്‍ത്രിന്‍ തുടങ്ങിയവയുടെ അംശവും കൂടിയ തോതില്‍ കാണപ്പെടുന്നു.ഈ അംശങ്ങള്‍ അടങ്ങിയതിനാല്‍ ഇവ ഭക്ഷ്യയോഗ്യമല്ലെന്നാണ് അനലിറ്റിക്കല്‍ ലബോറട്ടറി പരിശോധനാഫലത്തില്‍ പറയുന്നത്.

2006-ലെ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം 10 ലക്ഷം രൂപയും ജീവ പര്യന്തം തടവും ലഭിക്കാവുന്ന കൂട്ടാമായിരുന്നിട്ട് കൂടിയും അധികൃതർക്കെതിരെ ഏതെങ്കിലും നടപടി സർക്കാർ സംവിധാനങ്ങൾ എടുക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

ഇത്രയും അപകടകരമായിരുന്നിട്ടും സംസ്ഥാന ആരോഗ്യ വകുപ്പ് ഇക്കാര്യത്തില്‍ നടപടികളെടുക്കാന്‍ കാലതാമസം കാണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന കീടനാശിനിയാണ് എത്തിയോണ്‍.

കുട്ടികളില്‍ വിളര്‍ച്ചക്കുറവ്, ജനിതകവൈകല്യം എന്നിവ സൃഷ്ടിക്കാന്‍ ഇത് കാരണമാകുന്നു.മുതിര്‍ന്നവരില്‍ മുട്ടുവേദന, കാഴ്ചശക്തി കുറയല്‍, ഓര്‍മ്മ നശിക്കല്‍ തുടങ്ങിയവയ്ക്കും എത്തിയോണ്‍ കാരണമാകുന്നു. അമേരിക്കയിലെ കോര്‍നെല്‍ സര്‍വകലാശാല വിഭാഗം നടത്തിയ പഠനത്തിലാണ് എത്തിയോണ്‍ ശരീരത്തിലെത്തിയാല്‍ ഈ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് കണ്ടെത്തിയത്.

ഇവ ആന്തരികാവയവങ്ങളുടെ സാധാരണ പ്രവര്‍ത്തനം തടസ്സപ്പെടുത്തി അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്നും കോര്‍നെല്‍ യൂണിവേഴ്‌സിറ്റി പഠനത്തില്‍ പറയുന്നു.അതേസമയം ഇത്തരത്തില്‍ കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ അത് നിഷേധിക്കുകയാണ് പ്രമുഖ കമ്പനികള്‍ ചെയ്തത്.

കൃഷിയിടങ്ങളിലെ കീടനാശിനി പ്രയോഗത്തില്‍ നിന്നുമാണ് മുളകുപൊടിയിലും മറ്റ് കറിപൗഡറുകളിലും കീടനാശിനി സാന്നിദ്ധ്യം ഉണ്ടായതെന്നും മനപ്പൂര്‍വ്വം സൃഷ്ടിച്ചതല്ലെന്നുമാണ് ബ്രാന്‍ഡ് മേധാവികളുടെ വാദം.

Viral News

Read more topics: curry powder, danger, poison
English summary
curry powder danger poison
topbanner

More News from this section

Subscribe by Email