തിരുവനന്തപുരം: വെസ്റ്റിന്‍ഡീസുമായുള്ള അഞ്ചാം ഏകദിന മത്സരം കഴക്കൂട്ടത്ത് തന്നെ നടത്തണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഏറ്റവും മികച്ച ആധുനിക ക്രിക്കറ്റ് സ്റ്റേഡിയമാണ് തിരുവനന്തപുരം കഴക്കൂട്ടത്തെ സ്പോര്‍ട്സ് ഹബ്. കനത്ത മഴ കാര്യമാക്കാതെ മത്സരം നടത്തി രാജ്യത്തിന്റെയും ലോകത്തിന്റെയും ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റിയ സ്റ്റേഡിയമാണ് ഇത്.
ഇന്ത്യന്‍ പര്യടനത്തിന് എത്തുന്ന വെസ്റ്റിന്‍ഡീസുമായി അഞ്ചാം ഏകദിന മത്സരം തിരുവനന്തപുരത്ത് നടത്താന്‍ ബി.സി.സി.ഐ ഫിക്സ്ച്ചര്‍ കമ്മിറ്റി തീരുമാനിച്ചെന്ന വിവരമാണ് ആദ്യം ലഭിച്ചത്. എന്നാല്‍ കേരള പിറവി ദിനത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ഈ ഏകദിനം കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലേക്ക് മാറ്റുന്നു എന്നാണ് ഇപ്പോള്‍ അറിയുന്നത്.
തിരുവനന്തപുരം സ്പോര്‍ട്ട്സ് ഹബ് തന്നെയാണ് ഈ ഏകദിന ക്രിക്കറ്റ് മത്സരത്തിന് ഏറ്റവും അനുയോജ്യമെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. കേവലം പ്രാദേശിക വികാരത്തിന്റെ അടിസ്ഥാനത്തിലല്ല ആരും ഇക്കാര്യം കാണേണ്ടത്. അത്യാധുനിക സൗകര്യങ്ങളുള്ള സ്പോര്‍ട്ട്സ് ഹബ് കേരളത്തിന്റെയാകെ അഭിമാനമാണ്. കഴിഞ്ഞ ക്രിക്കറ്റ് മത്സരത്തില്‍ സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുള്ള ക്രിക്കറ്റ് ആരാധകര്‍ കാണികളായി എത്തിയതാണ്. ഒരേ സ്വരത്തില്‍ എല്ലാവരും സ്പോര്‍ട്സ് ഹബ്ബിലെ മത്സരം ഒരുക്കിയ ആസ്വാദ്യ അനുഭവം പങ്ക് വച്ചതുമാണ്. അതുകൊണ്ട് തന്നെ സ്പോര്‍ട്ട്സ് ഹബ്ബില്‍ ഈ മത്സരം നടത്തണമെന്ന് കടകംപള്ളി സുരേന്ദ്രന് വാർത്ത കുറിപ്പിൽ ആവശ്യപ്പെട്ടു.