ന്യൂഡല്‍ഹി: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരെ ഉന്നയിച്ച പീഡന പരാതി ഒതുക്കാന്‍ ഒരു കോടി രൂപയും ഡിവൈഎഫ്ഐയില്‍ ഉന്നത സ്ഥാനവും വാഗ്ദാനം ചെയ്തുവെന്നു പരാതിക്കാരി.
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ യുവതിയാണ് എംഎല്‍എക്കെതിരെ പാര്‍ട്ടി നേതാക്കള്‍ക്ക് പരാതി നല്‍കിയത്. മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫീസില്‍ വച്ച് എംഎല്‍എ തനിക്കെതിരെ അതിക്രമത്തിനു ശ്രമിച്ചെന്നും അശ്ലീല സംഭാഷണം നടത്തിയെന്നുമാണ് പരാതി.
എംഎല്‍എയുടെ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും പരാതിക്കൊപ്പം യുവതി നല്കി. പീഡന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പി.കെ. ശശിക്കു കാരണംകാണിക്കല്‍ നോട്ടിസ് നല്കാന് സിപിഎം കേന്ദ്രനേതൃത്വം സംസ്ഥാന സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിരുന്നു. എംഎല്‍എയ്ക്ക് എതിരായ പരാതി രണ്ടംഗ സംസ്ഥാന സെക്രട്ടേറിയറ്റ് ഉപസമിതി അന്വേഷിക്കണമെന്നും അംഗങ്ങളില്‍ ഒരാള്‍ വനിതയായിരിക്കണമെന്നും നിര്‍ദേശിച്ചു.