Thursday December 13th, 2018 - 4:44:pm
topbanner

പ്രണയവിവാഹിതര്‍ക്ക് ഊരുവിലക്കിയ സംഭവം സംസ്ഥാനത്തിന് നാണക്കേട്

NewsDesk
പ്രണയവിവാഹിതര്‍ക്ക് ഊരുവിലക്കിയ സംഭവം സംസ്ഥാനത്തിന് നാണക്കേട്

മാനന്തവാടി: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ യുവദമ്പതികള്‍ക്ക് നാലര വര്‍ഷമായി സമുദായം ഭഷ്ട് കല്‍പ്പിച്ച സംഭവം സംസ്ഥാനത്തിനുതന്നെ നാണക്കേട്.

സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ ദേശീയമാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. ഭ്രഷ്ട് പോലുള്ള ദുരാചാരങ്ങള്‍ അന്യമായിക്കൊണ്ടിരിക്കുന്ന കാലത്തും കേരളത്തില്‍ ഇത്തരമൊരു സംഭവം നടന്നത് ഞെട്ടിക്കുന്നതാണ്.

മാനന്തവാടി എരുമത്തെരുവ് സ്വദേശികളായ അരുണും സുകന്യയുമാണ് സമുദായത്തിന്റെ കടുംപിടുത്തത്തിന്റെ ഇരകളായി ജീവിക്കുന്നത്. 2012ലാണ് ഇവര്‍ രജിസ്റ്റര്‍ വിവാഹം നടത്തിയത്. യാദവ സമുദായക്കാരായിട്ടും ആചാരം തെറ്റിച്ചതിന്റെ പേരില്‍ വിവാഹശേഷം ഇരുവര്‍ക്കും സമുദായം ഭ്രഷ്ട് കല്‍പ്പിച്ചതായാണ് പരാതി.

മൊബൈല്‍ ആപ്പിലൂടെ സുകന്യ പ്രധാനമന്ത്രി മോദിക്കു പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ആചാരം തെറ്റിച്ച് രജിസ്റ്റര്‍ വിവാഹം ചെയ്തതിനാണ് സമുദായം ഇവരെ പുറത്താക്കിയത്. ഇവരോട് ബന്ധം പുലര്‍ത്തിയതിന് മാതാപിതാക്കള്‍ക്കെതിരെയും നടപടിയെടുത്തിരുന്നു.

എന്നാല്‍, അരുണ്‍ അന്യസമുദായക്കാരനാണെന്നും തങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നുമാണ് സമുദായവക്താക്കള്‍ പറയുന്നത്.

27കാരനായ അരുണിനേയും 23കാരിയായ സുകന്യയേയും കളങ്കിതരായി വിശേഷിപ്പിച്ച് സമുദായത്തിന്റെ പേരില്‍ ലഘുലേഖയും ഇറക്കിയിരുന്നു. സമുദായത്തിലെ ആഘോഷങ്ങള്‍ക്കോ വിശേഷങ്ങള്‍ക്കോ സംബന്ധിക്കാനാവാതെ കഴിയുകയാണ് ഈ ദമ്പതികള്‍. വിവാഹങ്ങള്‍ക്കോ മരണാനന്തര ചടങ്ങുകളിലോ ഇവര്‍ക്ക് പ്രവേശനമില്ല.

ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രിക്ക് മൊബൈല്‍ ആപ്പ് വഴി സുകന്യ പരാതി നല്‍കി. പരാതി പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന സര്‍ക്കാരിന് കൈമാറി. സുകന്യയുടെ പരാതി മാനന്തവാടി പൊലീസാണ് അന്വേഷിക്കുന്നത്.

മാതാപിതാക്കള്‍ ചെറുപ്പത്തിലേ ഉപേക്ഷിച്ച അരുണ്‍ യഥാര്‍ഥത്തില്‍ ഭട്ട് സമുദായക്കാരനാണെന്നും യാദവ സമുദായത്തിെന്റ ആചാരാനുഷ്ഠാനങ്ങള്‍ അനുസരിച്ച് ഭട്ട് സമുദായക്കാരെ തങ്ങളുടെ സമുദായത്തില്‍ കൂട്ടില്ലെന്നും യാദവ സമുദായ പ്രതിനിധികള്‍ അറിയിച്ചു.

യാദവ ക്ഷേത്രത്തില്‍ അന്നദാനത്തില്‍ പങ്കെടുത്തതിന്റെ പേരിലും തങ്ങളെ മാനസികമായി പീഡിപ്പിച്ചതായി സുകന്യയുടെ കുടുംബം പറയുന്നു. തങ്ങള്‍ക്ക് അനുകൂലമായി 117 ആളുകള്‍ എഴുതിനല്‍കിയ കത്ത് പരിഗണിക്കാന്‍ നേതൃത്വം തയാറായില്ലെന്നും സമുദായത്തിന് തങ്ങളോടുള്ള വിരോധമാണിതിന്റെ കാരണമെന്നും സുകന്യയുടെ പിതാവ് ഗോവിന്ദരാജ് പറഞ്ഞു.

കഴിഞ്ഞദിവസം മാനന്തവാടി പൊലീസ് ഇരുവരെയും സമുദായ നേതാക്കളെയും വിളിച്ചുവരുത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കാനായില്ല. ഉത്തരേന്ത്യയിലെ പഞ്ചായത്തുകളുടെ മാതൃകയില്‍ ഭരണഘടനയെയും പൗരാവകാശങ്ങളെയും അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ എന്തുവില കൊടുത്തും തടയണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. ശ്രീജിത്ത് പെരുമനയുടെ നേതൃത്വത്തില്‍ പൊതുപ്രവര്‍ത്തകര്‍ രംഗത്തുവരുകയും വിവരം പുറത്തറിയിക്കുകയുമായിരുന്നു. ഭ്രഷ്ട് കല്‍പിച്ച കാര്യം മാധ്യമങ്ങളെ അറിയിച്ചാല്‍ തിക്താനുഭവങ്ങള്‍ ഉണ്ടാകുമെന്ന ഭീഷണി ഉണ്ടായതിനാലാണ് ഇത്രയും നാള്‍ സംഭവം രഹസ്യമാക്കിെവച്ചത്.

ഊരുവിലക്കേര്‍പ്പെടുത്തിയ സാമുദായിക നേതാക്കള്‍ക്കെതിരെ ശക്തമായ നടപടികള്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും വനിത കമ്മീഷനും പരാതി നല്‍കുമെന്ന് അഡ്വ. ശ്രീജിത്ത് പെരുമന പറഞ്ഞു.

 

English summary
Couple facing social boycott seeks Prime Minister's help
topbanner

More News from this section

Subscribe by Email