Thursday November 15th, 2018 - 2:22:pm
topbanner

മുഖ്യമന്ത്രി കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്തത് നിര്‍ഭാഗ്യകരം: രമേശ് ചെന്നിത്തല

NewsDesk
മുഖ്യമന്ത്രി കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്തത് നിര്‍ഭാഗ്യകരം: രമേശ് ചെന്നിത്തല

ആലപ്പുഴ: മുഖ്യമന്ത്രി കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്തത് നിര്‍ഭാഗ്യകരണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജില്ലയുടെ ചാര്‍ജ്ജുള്ള മന്ത്രിയെന്ന നിലയില്‍ ജി സുധാകരന്‍ മുന്‍കൈയെടുത്ത് മുഖ്യമന്ത്രിയെ കുട്ടനാട്ടില്‍ എത്തിക്കേണ്ടതായിരുന്നു. മുഖ്യമന്ത്രിയുടെ മുഖം കാണാന്‍ കുട്ടനാട്ടുകാര്‍ക്ക് താത്പര്യമുണ്ടായിട്ടല്ല, സന്ദര്‍ശനം കൊണ്ട് വിവിധ വകുപ്പുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുമെന്നതു കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.

കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പും യു ഡി എഫ് സംഘത്തോടെപ്പം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായം അടിയന്തിരമായി എത്തിക്കുന്നതിനുള്ള ഏകോപനം ഉണ്ടാവണം.

വെള്ളമിറങ്ങുമ്പോള്‍ പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാധ്യതകള്‍ ഉണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ യാതൊരു മുന്‍കരുതലും സ്വീകരിച്ചിട്ടില്ല. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായ ഏകോപനം ഉണ്ടാകണം. മെഡിക്കല്‍ സംഘത്തെ മറ്റ് ജില്ലകളില്‍ നിന്നും അടിയന്തിരമായി എത്തിക്കണം. തകര്‍ന്ന ബണ്ടുകളും മടകളും അടിയന്തിരമായി പുനര്‍നിര്‍മ്മിക്കണം. 210 ഓളം പാടശേഖരങ്ങളില്‍ രണ്ടാംകൃഷി ഉണ്ടായിരുന്നു.

വെള്ളപ്പൊക്കത്തെ അതിജീവിച്ചത് 25 പാടശേഖരങ്ങള്‍ മാത്രമാണ്. പ്രസ്തുത പാടശേഖരങ്ങളിലെ കര്‍ഷകര്‍ക്ക് ഭീമമായ തുകയാണ് സംരക്ഷണത്തിനായി ചെലവായത്. ഈ തുക സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കണം.മടവീണ് കൃഷി നശിച്ച പാടശേഖരങ്ങളിലെ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കണം.കുടിശകയായി കിടക്കുന്ന പമ്പിംഗ് സബ്‌സിഡിയും സാമൂഹ്യസുരക്ഷാ പെന്‍ഷനുകളും ഉടന്‍ തന്നെ കൊടുക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

വീടുകള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രളയത്തെ അതിജീവിക്കുന്ന തരത്തില്‍ പില്ലറുകളുള്ള വീടുകള്‍ നിര്‍മ്മിക്കാന്‍ അടിയന്തിരമായി സാമ്പത്തിക സഹായം നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഡി സി സി പ്രസിഡന്റ് അഡ്വ. എം ലിജു, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ എം മുരളി, കെ പി സി സി ഭാരവാഹികളായ അഡ്വ. ജോണ്‍സണ്‍ എബ്രാഹം, അഡ്വ. സി ആര്‍ ജയപ്രകാശ്, മുന്‍ എം എല്‍ എ. എ എ ഷുക്കൂര്‍, യു ഡി എഫ് കണ്‍വീനര്‍ അഡ്വ. ബി രാജശേഖരന്‍, കളത്തില്‍ വിജയന്‍, എ നിസാര്‍, കെ പി സി സി എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജി മുകുന്ദന്‍പിള്ള, എം എന്‍ ചന്ദ്രപ്രകാശ്, അലക്‌സ് മാത്യു, ഡി സി സി ഭാരവാഹികളായ പ്രതാപന്‍ പറവേലി, കെ ഗോപകുമാര്‍, വി കെ സേവ്യര്‍, ജോസഫ് ചേക്കോടന്‍, ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് മാത്യു പഞ്ഞിമരം, ടിജിന്‍ ജോസഫ്, സജി ജോസഫ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. കുട്ടനാട്ടിലെ കൈനകരി, നെടുമുടി, നെടുമുടി. ചമ്പക്കുളം, വെളിയനാട്. ചതുര്‍ത്ഥ്യാകരി, പുളിങ്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്.

English summary
chief minister will not visit the flood affected areas Ramesh Chennithala
topbanner

More News from this section

Subscribe by Email