Wednesday November 14th, 2018 - 10:47:am
topbanner

ചെങ്ങന്നൂര്‍ ജനവിധി ഇന്നറിയാം; വോട്ടെണ്ണല്‍ രാവിലെ എട്ടു മുതല്‍

Jikku Joseph
ചെങ്ങന്നൂര്‍ ജനവിധി ഇന്നറിയാം; വോട്ടെണ്ണല്‍ രാവിലെ എട്ടു മുതല്‍

ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തിലെ ഫലം ഇന്നറിയാം. ജനവിധിയറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യമണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഫലസൂചനകള്‍ വന്നുതുടങ്ങും. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. പതിനൊന്നു മണിയോടെ വിജയി ആരെന്നതിന് വ്യക്തത കൈവരും. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക.

13 റൗണ്ടുകളിലായി വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഒരു റൗണ്ടില്‍ 14 പോളിങ് സ്റ്റേഷനുകളിലെ മെഷീനുകള്‍ എണ്ണും. 164 ബൂത്തുകളും 17 സഹായ ബൂത്തുകളും ചേര്‍ത്ത് 181 പോളിങ് സ്റ്റേഷനുകളിലാണ് ആകെ വോട്ടിങ് നടന്നത്. ഓരോ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്‌ബോഴും മൈക്രോ ഒബ്സര്‍വര്‍, വരണാധികാരി എന്നിവര്‍ പരിശോധിച്ച് ഡാറ്റ എന്‍ട്രി ചെയ്ത് ഫലം തിട്ടപ്പെടുത്തും. അതിനു ശേഷം മാത്രമേ അടുത്ത റൗണ്ട് ആരംഭിക്കൂ.

മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗായ 76.26 ശതമാനമായിരുന്നു ഉപതിരഞ്ഞെടുപ്പിലേത്. ആകെ 152035 വോട്ട് പോള്‍ ചെയ്തതില്‍ 83536 സ്ത്രീ വോട്ടര്‍മാരും 68499 പുരുഷ വോട്ടര്‍മാരും സമ്മതിദാനാവകാശം രേഖപ്പെടുത്തി. പുരുഷന്‍മാരുടെ വോട്ടിങ് ശതമാനം 73.72 ഉം സ്ത്രീകളുടെ പോളിങ് 78.49 ശതമാനമാണ്. പുരുഷന്‍മാരെക്കാള്‍ പോളിങ് ശതമാനത്തില്‍ ഏറെ മുന്നിലായിരുന്നു ഇത്തവണ സ്ത്രീകള്‍.

സി.പി.എം എംഎല്‍എയായിരുന്ന കെ.കെ രാമചന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. എല്‍.ഡി.എഫിന് വേണ്ടി സജി ചെറിയാനും യു.ഡി.എഫിന് വേണ്ടി ഡി.വിജയകുമാറും എന്‍.ഡി.എയ്ക്ക് വേണ്ടി പി.എസ് ശ്രീധരന്‍ പിള്ളയുമാണ് ഇത്തവണ ചെങ്ങന്നൂരില്‍ മത്സരിക്കാനിറങ്ങുന്നത്. സി.പി.എം സിറ്റിങ് സീറ്റ് നിലനിര്‍ത്തിയേക്കുമെന്നാണ് സര്‍വേ ഫലങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം ഭരണവിരുദ്ധ വികാരം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും ബി.ജെ.പിയും.

English summary
chengannur by-election result will come today
topbanner

More News from this section

Subscribe by Email