Monday February 18th, 2019 - 10:13:pm
topbanner

നിയമത്തെ വെല്ലുവിളിച്ച് പരസ്യമായി ആവശ്യക്കാരേറെയുള്ള വൃക്കക്കച്ചവടം

akhila
നിയമത്തെ വെല്ലുവിളിച്ച് പരസ്യമായി ആവശ്യക്കാരേറെയുള്ള വൃക്കക്കച്ചവടം

 കോഴിക്കോട്: കേരളത്തില്‍ നിയമത്തെ വെല്ലുവിളിച്ച് പരസ്യമായി ആവശ്യക്കാരേറെയുള്ള വൃക്കക്കച്ചവടം. നിയമപരമായി വില്‍ക്കാനോ വാങ്ങാനോ അനുവാദമില്ലെങ്കിലും കേരളത്തില്‍ ഒരു വൃക്കയ്ക്ക് കുറഞ്ഞത് ആറുലക്ഷം രൂപ നല്‍കണം. പണം നല്‍കിയ ശേഷം കബളിപ്പിക്കപ്പെടുന്നവരും ധാരാളം.

കച്ചവടസാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നതിനാല്‍ പത്രമാധ്യമങ്ങളിലൂടെ അവയവത്തിനായി പരസ്യം നല്‍കരുതെന്ന് 2017 നവംബറില്‍ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, കോടതി ഉത്തരവുപോലും ലംഘിച്ച് അവയവം ആവശ്യപ്പെട്ടുള്ള പരസ്യങ്ങള്‍ പത്ര-സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. 2018 ജൂലായ് 18-ന് ഒരു മലയാള ദിനപത്രത്തില്‍ 'ഒ പോസിറ്റീവ്' വൃക്ക ആവശ്യപ്പെട്ടുള്ള രണ്ട് പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചു.

അതിലെ നമ്പറിലേക്ക് വിളിച്ചപ്പോള്‍, 43 വയസ്സുള്ള ബന്ധുവിന് വേണ്ടിയാണെന്നും ശസ്ത്രക്രിയയുടെ തലേന്ന് ഏഴു ലക്ഷം രൂപ നല്‍കാമെന്നും ഇടനിലക്കാരിയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീ അറിയിച്ചു. കാശിന് രേഖയുണ്ടാവില്ല, കൈയില്‍ തരും. പോലീസറിഞ്ഞാല്‍ പ്രശ്‌നമാകില്ലേ എന്ന ചോദ്യത്തിന്, അങ്ങനെയുള്ള അന്വേഷണങ്ങളൊന്നും നടന്നിട്ടില്ലെന്ന് മറുപടി. ഒട്ടേറെ ചെറുപ്പക്കാര്‍ വൃക്ക നല്‍കുന്നുണ്ടെന്നും നേരിട്ടുവന്നാല്‍ ധൈര്യത്തിന് അവരിലൊരാളുമായി സംസാരിക്കാന്‍ അവസരം ഒരുക്കാമെന്നുമുള്ള വാഗ്ദാനം.

വൃക്കരോഗികളായ ഭാര്യയും മുതിര്‍ന്ന രണ്ട് ആണ്‍മക്കളുമായി ദുരിതജീവിതം നയിക്കുന്ന തൃശ്ശൂര്‍ സ്വദേശി, ഇളയ മകനുള്ള വൃക്കയ്ക്കായി രണ്ടുവര്‍ഷം മുമ്പാണ് സര്‍ക്കാര്‍ ഏജന്‍സിയായ മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്തത്. വൃക്ക ലഭിക്കാനുള്ള വെയിറ്റിങ് ലിസ്റ്റില്‍ 87-ാം സ്ഥാനം ലഭിച്ചു. ഇപ്പോഴും അത് 82-ല്‍ തന്നെയാണ്. ഏതാനും മാസംമുമ്പ് ആലപ്പുഴ അരൂര്‍ സ്വദേശിയായ ഏജന്റിനെ സമീപിച്ച് ആരോഗ്യവാനായ ഒരു ചെറുപ്പക്കാരനുമായി അയാള്‍ എറണാകുളത്തെ ആശുപത്രിയിലെത്തി. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം 75,000 രൂപ അഡ്വാന്‍സ് വാങ്ങിയവരെ പിന്നീട് കണ്ടിട്ടില്ല. ഫോണ്‍വിളിക്കുമ്പോള്‍ ഉടന്‍ ശരിയാക്കാമെന്ന് പറഞ്ഞ് ഒഴിവായി നടക്കുകയാണെന്ന് അദ്ദേഹം പറയുന്നു.

വൃക്ക വേണമെന്ന ആവശ്യവുമായി ഇതേ ഏജന്റിനെ ബന്ധപ്പെട്ടപ്പോള്‍, 15 ലക്ഷം രൂപയാണ് വിലപറഞ്ഞത്. സ്വന്തക്കാര്‍പോലും ഇക്കാലത്ത് സൗജന്യമായി തരില്ലെന്നും സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്നവരാണ് വില്‍ക്കാനായി വരുന്നതെന്നും അയാള്‍ പറഞ്ഞു. മെഡിക്കല്‍ റെപ്രസെന്റേറ്റീവായും പ്രമുഖ ആശുപത്രിയില്‍ അറ്റന്ററായും ജോലിചെയ്തിട്ടുള്ള ഇയാള്‍ ഏഴു വര്‍ഷമായി ഈ രംഗത്ത് ഏജന്റാണ്. മരണാനന്തര അവയവദാനത്തിനൊപ്പം ജീവിച്ചിരിക്കുന്നവരുടെ അവയവദാനവും മൃതസഞ്ജീവനിയിലൂടെ നടത്തുമെന്ന് പ്രഖ്യാപിച്ചത് കഴിഞ്ഞ ഫെബ്രുവരിയിലാണ്.

എന്നാല്‍, സര്‍ക്കാര്‍ ഉത്തരവിലെ മാനദണ്ഡങ്ങള്‍ ഇപ്പോഴും നപ്പാക്കിയിട്ടില്ല. അപരിചിതര്‍ തമ്മിലുള്ള അവയവദാനത്തില്‍ യോജിച്ച ദാതാക്കളെ കണ്ടെത്താനുള്ള കംപ്യൂട്ടര്‍ പ്രോഗ്രാം നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിനെ ഏല്പിച്ചെങ്കിലും അത് തയ്യാറായിട്ടില്ല. അവയവദാതാവിന് നല്‍കാനുദ്ദേശിക്കുന്ന സര്‍ക്കാരിന്റെ ആജീവനാന്ത ആരോഗ്യപരിരക്ഷ ഏത് ഏജന്‍സിയിലൂടെ നല്‍കുമെന്ന് തീരുമാനമായിട്ടില്ല. ദാതാവിന്റെ ആരോഗ്യപരിരക്ഷയ്ക്കായി അവയവം സ്വീകരിക്കുന്നയാളില്‍നിന്ന് ഈടാക്കാന്‍ നിശ്ചയിച്ചിരിക്കുന്ന രണ്ടുലക്ഷം രൂപ എങ്ങനെ വിനിയോഗിക്കണം എന്നതിലും വ്യക്തതയില്ല.

Viral News

Read more topics: calicut, kidney
English summary
calicut kidney marketing
topbanner

More News from this section

Subscribe by Email