Wednesday May 23rd, 2018 - 9:12:am
topbanner

ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചു; വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ മാറ്റമില്ല, തൃപ്തരാകാതെ ബസ് ഉടമകള്‍

Jikku Joseph
ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചു; വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ മാറ്റമില്ല, തൃപ്തരാകാതെ ബസ് ഉടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് വര്‍ദ്ധിപ്പിച്ചു. ഇത് സംബന്ധിച്ച് ഇടതുമുന്നണി യോഗത്തിന്റെ ശുപാര്‍ശ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. ഇതോടെ മിനിമം ബസ് നിരക്ക് ഏഴില്‍ നിന്ന് എട്ടു രൂപയാവും. മാര്‍ച്ച് ഒന്നുമുതല്‍ നിരക്കുവര്‍ധനവ് പ്രാബല്യത്തില്‍ വരും. ഫാസ്റ്റ് പാസഞ്ചറുകളുടെ നിരക്ക് 10ല്‍ നിന്ന് 11 രൂപയായും ഉയരും. അതേസമയം, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ മാറ്റമുണ്ടാവില്ല.

പുതുക്കിയ നിരക്കുകള്‍ പ്രകാരം 64 പൈസയായിരുന്ന കിലോമീറ്റര്‍ നിരക്ക് 70 പൈസയായി വര്‍ദ്ധിക്കും. ഓര്‍ഡിനറി, സിറ്റി ഫാസ്റ്റ് ബസ് ചാര്‍ജ് ഏഴില്‍നിന്ന് എട്ട് രൂപയാകും. ഫാസ്റ്റ് പാസഞ്ചര്‍ നിരക്ക് പത്തില്‍നിന്ന് പതിനൊന്നും എക്‌സിക്യുട്ടീവ്, സൂപ്പര്‍ എക്‌സ്പ്രസ് നിരക്ക് 13-ല്‍നിന്ന് 15 രൂപയായും ഉയരും. സൂപ്പര്‍ ഡീലക്‌സ് നിരക്ക് 22 രൂപ, ഹൈടെക് ലക്ഷ്വറി എ.സി 44 രൂപ, വോള്‍വോ 45 രൂപ എന്ന നിരക്കിലുമായിരിക്കും വര്‍ദ്ധനവ്.

പ്രൈവറ്റ് ബസ് ഉടമകള്‍ നേരത്തെ സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ബസ് ചാര്‍ജ് കൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. ബസ് നിരക്ക് കൂട്ടാതെ തരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടതു മുന്നണി യോഗത്തില്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് സാധാരണക്കാര്‍ക്ക് അധിക ഭാരമുണ്ടാവാതെ നിരക്ക് വര്‍ദ്ധന നടപ്പാക്കാന്‍ യോഗം സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്. മിനിമം ബസ് ചാര്‍ജ് ഏഴില്‍ നിന്ന് എട്ടാക്കി ഉയര്‍ത്താന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.

നിരക്ക് വര്‍ധന അനിവാര്യമാണെന്നും കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ് മേഖലയുടെ നിലനില്‍പ്പിന് വേണ്ടിയാണ് നിരക്ക് വര്‍ധന ശിപാര്‍ശ ചെയ്തതെന്നും ജസ്റ്റീസ് രാമചന്ദ്രന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ മറ്റ് ആനുകൂല്യങ്ങള്‍ സ്വകാര്യ ബസ് ഉടമകള്‍ക്ക് നല്‍കാത്ത കാലത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ ഒരു അവകാശമല്ലെന്നും അദ്ദേഹം പറഞ്ഞു.

നിരക്ക് വര്‍ധന അപര്യാപ്തമാണെന്നും ഈ നിലയില്‍ ബസ് വ്യവസായവുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് ബസ് കോര്‍ഡിനേഷന്‍ കമ്മിറ്റി വ്യക്തമാക്കി. നാളെ എറണാകുളത്ത് ചേരുന്ന അടിയന്തര യോഗത്തില്‍ പ്രക്ഷോഭ പരിപാടികള്‍ തീരുമാനിക്കുമെന്നും സമരവുമായി മുന്നോട്ടുപോകുമെന്നും കമ്മിറ്റി പ്രതിനിധി ടി.ഗോപിനാഥ് അറിയിച്ചു.

വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധനയെ അനുവദിക്കില്ലെന്ന് എസ്.എഫ്.ഐയും വ്യക്തമാക്കി. ബസ് ഉടമകളുടെ നിര്‍ബന്ധത്തിന് വഴങ്ങി കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിച്ചാല്‍ സമരമാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും എസ്.എഫ്.ഐ അറിയിച്ചു.

Read more topics: bus charge, hike, cabinet, bus
English summary
bus charge hike in cabinet

More News from this section

Subscribe by Email