Monday February 18th, 2019 - 8:35:pm
topbanner

തമിഴ്‌നാട്ടില്‍ കണ്ടെത്തിയ മൃതദേഹം ജെസ്‌നയുടേതല്ലെന്നു സഹോദരന്‍

Jikku Joseph
തമിഴ്‌നാട്ടില്‍ കണ്ടെത്തിയ മൃതദേഹം ജെസ്‌നയുടേതല്ലെന്നു സഹോദരന്‍

ചെന്നൈ: തിരുച്ചിറപ്പള്ളി - ചെന്നൈ ദേശീയ പാതയില്‍ ചെങ്കല്‍പ്പേട്ടയിലെ പഴവേലിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ജെസ്നയുടേത് അല്ലെന്ന് സഹോദരന്‍ ജെയിസ്. മൃതദേഹത്തിന്റെ ഉയരത്തിലും പ്രായത്തിലും വ്യത്യാസമുണ്ട്. പല്ലില്‍ കെട്ടിയ കമ്പി ജെസ്നയുടേത് പോലെയല്ലെന്നും ജെയിസ് മാധ്യമങ്ങളോട് പറഞ്ഞു. ഡിഎന്‍എ ടെസ്റ്റ് നടത്തുമെന്ന് പോലീസ് അറിയിച്ചു.

ജെസ്ന തിരോധാനക്കേസ് അന്വേഷിക്കുന്ന തിരുവല്ല പ്രിന്‍സിപ്പല്‍ എസ്ഐ വിനോദ് കുമാറും പ്രത്യേക അന്വേഷണസംഘവും കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ എത്തിയിരുന്നു. ചെങ്കല്‍പ്പേട്ടില്‍ മലയാളി പെണ്‍കുട്ടിയുടേതെന്നു കരുതുന്ന മൃതദേഹം കണ്ടെന്നു തമിഴ്നാട് പോലീസ് വിവരം നല്‍കിയതിനെ തുടര്‍ന്നായിരുന്നു വെള്ളിയാഴ്ച രാത്രി ചെങ്കല്‍പ്പേട്ടിലെത്തിയത്.

തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയപാതയോരത്ത് വിജനമായ സ്ഥലത്ത് ചാക്കിലിട്ട് കത്തിച്ച നിലയില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കാണപ്പെട്ടത്. പോലീസ് പട്രോള്‍ സംഘമാണ് ഇത് കണ്ടത്. ശരീരം തൊണ്ണൂറ് ശതമാനത്തിലധികം കത്തിയ നിലയിലായിരുന്നു മൃതദേഹം.

തമിഴ്നാട് പോലീസ് വിവരം കൈമാറിയതിനെത്തുടര്‍ന്ന് കേരള പോലീസ് സംഘം ഇന്നലെ രാത്രി വൈകി ചെങ്കല്‍പേട്ടിലെത്തി. ചെങ്കല്‍പേട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലാണു മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. മുഖമുള്‍പ്പെടെ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞതിനാല്‍ സ്ഥിരീകരണത്തിനു ഡിഎന്‍എ പരിശോധന നടത്തേണ്ടിവരും.

മൃതദേഹത്തിന്റെ പല്ലില്‍ ക്ലിപ്പുണ്ടെന്നതും ഉയരമുള്‍പ്പടെയുള്ള കാര്യങ്ങളിലെ സാമ്യവുമാണ് അത് ജെസ്‌നയുടേതാണോ എന്ന് സംശയത്തിലെത്തിച്ചത്. എന്നാല്‍, മെഡിക്കല്‍ സംഘത്തിന്റെ പ്രാഥമികനിഗമനം അനുസരിച്ച് മൃതദേഹം 20 വയസ്സിന് മുകളില്‍ പ്രായമുള്ളയാളുടേതാണ്.

മുക്കൂത്തിയിട്ട പെണ്‍കുട്ടിയുടേതാണ് മൃതദേഹം എന്നതും അത് ജെസ്‌നയുടേതാവാന്‍ വഴിയില്ലെന്ന സൂചനയാണ് നല്‍കുന്നത്. ജെസ്‌നയ്ക്ക് മൂക്കുത്തിയുണ്ടായിരുന്നില്ല. കത്തിച്ച സ്ഥലത്തുനിന്നു ബാഗിന്റേതെന്നു സംശയിക്കുന്ന കമ്പി, കോയമ്പത്തൂരില്‍ പായ്ക്ക് ചെയ്തെന്നു രേഖപ്പെടുത്തിയ വെള്ളക്കുപ്പി എന്നിവ കണ്ടെടുത്തു.

തിങ്കളാഴ്ച പുലര്‍ച്ചെ ചെന്നൈ- തിരുച്ചിറപ്പള്ളി ദേശീയപാതയില്‍ വിജനമായ പഴവേലിയിലെ റോഡരികില്‍ ചാക്കിലിട്ട് എന്തോ കത്തിക്കുന്നത് പോലീസ് പട്രോള്‍ സംഘമാണു കണ്ടത്. മനുഷ്യശരീരമാണെന്നു വ്യക്തമായതോടെ, വാഹനത്തിലുണ്ടായിരുന്ന വെള്ളമൊഴിച്ചെങ്കിലും തീ അണഞ്ഞില്ല.

തുടര്‍ന്ന് അര കിലോമീറ്റര്‍ അകലെയുള്ള ഹോട്ടലില്‍നിന്നു വെള്ളം കൊണ്ടുവന്നു തീയണച്ചു. അപ്പോഴേക്കും ശരീരം 90 ശതമാനത്തിലധികം കത്തിയിരുന്നു. പട്രോള്‍ സംഘത്തെ കണ്ട് രണ്ടുപേര്‍ ഓടിപ്പോയതായി പോലീസ് പറയുന്നു. കൊലപ്പെടുത്തിയ ശേഷം ഇവിടെയെത്തിച്ച് കത്തിക്കുകയായിരുന്നുവെന്നാണു നിഗമനം.

72 ദിവസങ്ങള്‍ക്ക് മുമ്പാണ് കോട്ടയം മുക്കൂട്ടുതറ സ്വദേശിനിയും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയുമായ ജെസ്‌ന മരിയ ജെയിംസിനെ കാണാതായത്. ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചാല്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് ഫോട്ടോയുള്‍പ്പെടെ കേരള ഡിജിപി തമിഴ്നാട്, കര്‍ണാടക പോലീസിനു കൈമാറിയിരുന്നു.

പല്ലിലെ ക്ലിപ്പ്, ഉയരമുള്‍പ്പെടെ ശരീരപ്രകൃതി എന്നിവയില്‍ സാമ്യമുള്ളതിനാല്‍ ചെങ്കല്‍പേട്ട് ഡിവൈഎസ്പി കേരള പോലീസിനു വിവരം കൈമാറി. വിരലടയാളമെടുക്കുന്നതിനായി പോലീസ് വിദഗ്ധരെ കൊണ്ടുവന്നെങ്കിലും വിരലുകള്‍ക്കു സാരമായ പൊള്ളലുള്ളതിനാല്‍ അതു നടന്നില്ല. ഇനി കേരള പോലീസിനു തിരിച്ചറിയാനായില്ലെങ്കില്‍ ഡിഎന്‍എ പരിശോധനയെ ആശ്രയിക്കേണ്ടിവരും.

മാര്‍ച്ച് 22-നാണ് മകളെ കാണാനില്ലായെന്ന് കാട്ടി വെച്ചൂച്ചിറ മുക്കൂട്ടുതറ സന്തോഷ് കവലയില്‍ കുന്നത്ത് വീട്ടില്‍ ജയിംസ് ജോസഫ് പോലീസില്‍ പരാതി നല്കുന്നത്. ജസ്‌നയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്ന് പിതാവ് പോലീസിനോട് സൂചിപ്പിച്ചിരുന്നു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനിയാണ് ജസ്‌ന.

പിതാവിന്റെ സഹോദരിയുടെ വീട്ടില്‍ പോവുന്നുവെന്ന് പറഞ്ഞാണ് ജസ്‌ന വീട്ടില്‍നിന്നും പോയത്. എന്നാല്‍ അവിടെ എത്തിയിരുന്നില്ല. ഫോണും ആഭരണങ്ങളും വസ്ത്രങ്ങളും എടുക്കാതെയാണ് പോയത്. ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം നല്കുന്നവര്‍ക്ക് ഡി.ജി.പി അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Viral News

English summary
brother confirmed that the deadbody found in chenkalpet chengalpatta is not jesna
topbanner

More News from this section

Subscribe by Email