Wednesday February 20th, 2019 - 7:14:pm
topbanner

ബിജെപിയിലെ കോഴ വിവാദം; സുരേഷ് ഗോപിക്ക് തിരിച്ചടിയാകും

NewsDesk
ബിജെപിയിലെ കോഴ വിവാദം; സുരേഷ് ഗോപിക്ക് തിരിച്ചടിയാകും

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കോഴയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ബിജെപി പ്രതിക്കൂട്ടിലായിരിക്കെ കേന്ദ്രം കടുത്ത നടപടിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനത്തിന് കേന്ദ്രമന്ത്രി സ്ഥാനം ഉള്‍പ്പെടെ നല്‍കി ശക്തമായ സാന്നിധ്യമാകാന്‍ കേന്ദ്ര തയ്യാറെടുക്കുന്നതിനിടെയാണ് കോഴ വിവാദം പൊട്ടിപ്പുറപ്പെട്ടത്.

ഇതോടെ സംസ്ഥാനത്തെ ബിജെപിയുടെ മുന്നേറ്റം മന്ദഗതിയിലാകുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. രാജ്യസഭാ എംപി സുരേഷ് ഗോപിക്ക് കേന്ദ്ര മന്ത്രിസ്ഥാനം നല്‍കാനുള്ള തീരുമാനവും ഇതോടെ മാറ്റിവെക്കുകയാണ് കേന്ദ്ര നേതൃത്വം.

നേതൃത്വം വാഗ്ദാനം ചെയ്ത കേന്ദ്രമന്ത്രിസ്ഥാനത്തിന് പുറമെ ബോര്‍ഡ്, കോര്‍പറേഷന്‍ അധ്യക്ഷസ്ഥാനങ്ങളും ഇതോടെ അനിശ്ചിതത്വത്തിലായെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ബിജെപി കേന്ദ്ര അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെയും പരാതികളാണ്. വിഭാഗീയതയാണു കേരളത്തിലെ വളര്‍ച്ചയ്ക്കു തടസ്സമെന്ന് അടുത്തിടെ കേരള സന്ദര്‍ശനത്തിനെത്തിയ അമിത് ഷാ തുറന്നടിച്ചിരുന്നു.

സാമ്പത്തിക ആരോപണങ്ങള്‍ കൂടി ഉയര്‍ന്നതോടെ കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ മുഖം കുനിച്ചുനില്‍ക്കേണ്ട അവസ്ഥയിലാണു സംസ്ഥാന നേതാക്കള്‍. വിഷയം ബിജെപിക്കെതിരെ പാര്‍ലമെന്റിലും ഉന്നയിക്കപ്പെട്ടത് ദേശീയ തലത്തില്‍ കളങ്കമുണ്ടാക്കി.

പാര്‍ട്ടിതലത്തില്‍ രഹസ്യമായി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പകര്‍പ്പു സഹിതം ചോര്‍ന്നതു സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയായാണു പരിഗണിക്കപ്പെടുക. അന്വേഷണ കമ്മിഷന്‍ അംഗമായ നസീറില്‍ നിന്നു റിപ്പോര്‍ട്ട് ചോര്‍ന്നുവെന്നാണു സംസ്ഥാന കമ്മിറ്റിയുടെ നിഗമനമെങ്കിലും സംസ്ഥാന അധ്യക്ഷന്റെ ഓഫീസില്‍നിന്നാണു റിപ്പോര്‍ട്ട് പുറത്തുപോയതെന്ന മറുവാദം എതിര്‍വിഭാഗം ഉന്നയിച്ചിട്ടുണ്ട്.

ഉത്തരവാദികളായവര്‍ക്കെതിരെ അച്ചടക്കനടപടിയെടുത്താലും പ്രതിച്ഛായ തിരിച്ചുപിടിക്കുക എളുപ്പമല്ലെന്നു നേതാക്കള്‍ക്കു ബോധ്യമുണ്ട്. പ്രതിസന്ധിക്കിടെയും നേതാക്കള്‍ വിഭാഗീയത വളര്‍ത്തുന്ന പ്രസ്താവനകള്‍ തുടരുന്നതാണു നേതൃത്വം നേരിടുന്ന മറ്റൊരു തലവേദന.

Viral News

Read more topics: Bribe, Kerala, BJP
English summary
Bribery scandal may claim Kerala BJP's top leadership
topbanner

More News from this section

Subscribe by Email