Friday May 24th, 2019 - 10:44:am
topbanner
topbanner

25 ലക്ഷം രൂപകോഴ; തെളിയിക്കാന്‍ വെല്ലുവിളിച്ച് കെ എം ഷാജി

NewsDesk
25 ലക്ഷം രൂപകോഴ; തെളിയിക്കാന്‍ വെല്ലുവിളിച്ച് കെ എം ഷാജി

കണ്ണൂര്‍: അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴവാങ്ങിയെന്ന ആരോപണം നിഷേധിച്ച് അഴീക്കോട് എംഎല്‍എ കെ എം ഷാജി. മുസ്ലീം ലീഗ് മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് ഷാജിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.

എന്നാല്‍, 25 ലക്ഷം പോയിട്ട് 25 രൂപവരെ കോഴവാങ്ങിയിട്ടില്ലെന്നും തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറാണെന്നും ഷാജി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

അഴീക്കോട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിന് കെ എം ഷാജി കോഴ വാങ്ങിയെന്ന ആരോപണം ഒരു വ്യക്തി ഉയര്‍ത്തിയിട്ടുണ്ട്. 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. അഴിമതിക്കെതിരായ ശബ്ദത്തില്‍ ആത്മാര്‍ഥത ഉണ്ടെങ്കില്‍ പരാതി വിജിലന്‍സിന് കൈമാറുകയാണ് ചെയ്യേണ്ടത്.

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്താണ് പ്ലസ് ടു സ്‌കൂളുകള്‍ അനുവദിച്ചത്. അഴിമതി വിവരം പുറത്തു വരുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടാണ്. ആരോപണം എരിവും പുളിയും ചേര്‍ത്ത് രണ്ട് വിഭാഗം ആളുകള്‍ സോഷ്യല്‍ മീഡിയയിലും, ഓണ്‍ലൈന്‍ വഴിയും പരമാവധി പ്രചരിപ്പിക്കുന്നുണ്ട്. ഫാഷിസത്തെ പ്രതിരോധിക്കാന്‍ വോട്ട് വാങ്ങി അധികാരത്തിലേറി ഇപ്പോള്‍ ബി ജെ പിയുടെ കേന്ദ്രമന്ത്രിക്ക് എന്നും വിരുന്നു സല്‍ക്കാരം നടത്തുന്നവരാണ് ഒരു കൂട്ടര്‍. കണ്ണൂര്‍ ജില്ലയില്‍ നിന്നും സിറിയയിലേക്ക് ഒരു സംഘടനയുടെ പ്രവര്‍ത്തകന്‍ രക്തസാക്ഷ്യം കൊതിച്ച് ഹിജ്‌റ പോയതിന്റെ വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാന്‍ കോഴ വാര്‍ത്തയും കൊണ്ട് നടക്കുന്നവരാണ് മറ്റൊരു കൂട്ടര്‍.

ആരോപണങ്ങളുണ്ടാകുമെന്നറിഞ്ഞ് തന്നെയാണ് പൊതുപ്രവര്‍ത്തനം നടത്തുന്നത്. പ്രത്യേകിച്ചും കണ്ണൂരില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമ്പോള്‍ എതിര്‍പക്ഷത്തുള്ളത് നിസ്സാരക്കാരല്ല. ഏതു വിധത്തിലുള്ള ആയുധങ്ങളും അവര്‍ ഉപയോഗിക്കുമെന്നറിയാം. ആരോപണങ്ങള്‍ വരുമ്പോഴേക്കും തോറ്റു പിന്‍മാറാന്‍ ഏതായാലും വിചാരിച്ചിട്ടില്ല.

2014ല്‍ ആണ് അഴീക്കോട്ട് പ്ലസ് ടു ബാച്ച് അനുവദിച്ചത്. കോഴ ആരോപണം ഉന്നയിക്കുന്നത് 2017ലും. അഴിമതിക്കെതിരെ ശബ്ദിക്കാന്‍ എന്തേ ഇത്ര താമസം? നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട്ട് ഇഞ്ചോടിഞ്ച് പൊരുതിയ സമയത്ത് ഒട്ടു മിക്ക ആരോപണങ്ങളും ഉയര്‍ന്നതായിരുന്നു. അന്നു പോലും ഉയര്‍ത്താത്ത ആരോപണമാണ് മൂന്ന് വര്‍ഷത്തിന് ശേഷം ഉയരുന്നത്. അഴീക്കോട് പഞ്ചായത്തിലെ എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളാണ് അഴീക്കോട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. അതിന്റെ നടത്തിപ്പുകാര്‍ ഏതെങ്കിലും വ്യക്തിയോ,കുടുംബമോ, കുടുംബട്രസ്‌റ്റോ അല്ല. ഒരു സൊസൈറ്റിയാണ്. നിരവധി അംഗങ്ങളുള്ള ഒരു സൊസൈറ്റിയില്‍ നിന്ന് 25 ലക്ഷം രൂപ കോഴ വാങ്ങിയിട്ട് ആരും അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ അതെങ്ങനെയാണ് വിശ്വസനീയമാകുന്നത്.

കോഴ ആരോപണം ഉന്നയിച്ച സുഹൃത്ത് പ്രചരിപ്പിക്കുന്നത് അഴീക്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മേല്‍ ഘടകത്തിന് എം എല്‍ എക്കെതിരെ പരാതി നല്‍കിയെന്നാണ്. അങ്ങനെയൊരു പരാതിയും നല്‍കിയിട്ടില്ലെന്ന് പാര്‍ട്ടിയുടെ പഞ്ചായത്ത് സെക്രട്ടറി തന്നെ വ്യക്തമാക്കിയതാണ്. അല്ലെങ്കിലും 2014ല്‍ പ്ലസ്ടു അനുവദിച്ചതിന് വന്ന ബാധ്യതകള്‍ 2017ലാണോ മാനേജ്‌മെന്റ് കമ്മിറ്റി വരവ് -ചെലവില്‍ അവതരിപ്പിക്കുക?

രാഷ്ട്രീയ പ്രവര്‍ത്തനമെന്നത് ചില മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ച് കൊണ്ട് നിര്‍വ്വഹിക്കേണ്ടതാണ്. നിക്ഷിപ്ത താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാത്രം രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങുന്നവര്‍ക്ക് എന്നെങ്കിലും അത് അവസാനിപ്പിക്കേണ്ടി വരും.
അഴിമതി ഒരു ക്രിമിനല്‍ കുറ്റമാണെന്നും, അത് നടന്നിട്ടുണ്ടെങ്കില്‍ പരാതിപ്പെടാന്‍ രാജ്യത്ത് വ്യവസ്ഥയുണ്ടെന്നും അറിയാത്തയാളല്ല പരാതി ഉന്നയിച്ച സുഹൃത്ത്. അക്കാര്യത്തില്‍ ലഭ്യമായ തെളിവുകള്‍ സഹിതം പരാതിപ്പെടാനുള്ള ധീരത കൂടി അദ്ദേഹം കാണിക്കേണ്ടിയിരിക്കുന്നു.

കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് ആരോപണം. 25 രൂപയെങ്കിലും അഴീക്കോട്ട് പ്ലസ് ടു കോഴ്‌സ് അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന് തെളിയിച്ചാല്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ഞാൻ പരസ്യമായി പറഞ്ഞിട്ട് ആഴ്ചകൾ പിന്നിട്ടു.ഇന്നുവരെ നിവർന്നു നിന്ന് അതിനെതിരെ ഒരു വാക്ക് പറയാൻ കഴിയാത്തവരാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി പിറകിലൂടെ ചെളി വാരിയെറിയുന്നത്.

സത്യം ചെരുപ്പിന്റെ വാർ ധരിക്കുമ്പോഴേക്കും അസത്യം ലോകം ചുറ്റി വരുമെന്ന് അതിന്റെ പ്രചാരകർക്ക് നന്നായറിയാം. പക്ഷെ അന്തിമമായി സത്യമേ ജയിക്കൂ.അത് കൊണ്ട് ഞാൻ വീണ്ടും ആവർത്തിക്കുന്നു.അർഹിക്കാത്ത ഒരു രൂപ നാണയമെങ്കിലും എന്റെ കൈകളിൽ ഉണ്ടെന്നു തെളിയിക്കാൻ ഈ വ്യാജ പ്രചാരകരെ ഞാൻ വെല്ലുവിളിക്കുന്നു!!

 

Read more topics: Bribe, Muslim league, mla, KM Shaji
English summary
Bribery allegation against Muslim league mla KM Shaji
topbanner

More News from this section

Subscribe by Email