Monday December 17th, 2018 - 8:11:pm
topbanner

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: ബിഷപ്പ് ഫ്രാങ്കോയെ ബുധനാഴ്ച ചോദ്യം ചെയ്യും

NewsDesk
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: ബിഷപ്പ് ഫ്രാങ്കോയെ ബുധനാഴ്ച ചോദ്യം ചെയ്യും

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ബുധനാഴ്ച ചോദ്യംചെയ്യും. രാവിലെ 10ന് വൈക്കം ഡിവൈഎസ്പി ഓഫിസില്‍ ഹാജരാവാനാണ് അന്വേഷണസംഘം നിര്‍ദേശം നല്‍കിയിരിക്കുന്നത്. വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘമായിരിക്കും ആദ്യം ചോദ്യം ചെയ്യുക.

നൂറിലേറെ ചോദ്യങ്ങളും അതിലേറെ ഉപചോദ്യങ്ങളുമായി ചോദ്യാവലി അന്വേഷണസംഘം തയ്യാറാക്കിയിട്ടുണ്ട്. അതേസമയം, കേസില്‍ ബിഷപ്പിന്റെ അറസ്റ്റ് ഉടനുണ്ടാവില്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍. ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ അറസ്റ്റിന് തിടുക്കം കാട്ടേണ്ടെന്ന നിലപാടിലാണ് അന്വേഷണസംഘം. സുരക്ഷാപ്രശ്നങ്ങളുണ്ടെങ്കില്‍ മാത്രം ഏറ്റുമാനൂരിലെ ഹൈടെക് പോലിസ് സ്റ്റേഷനിലേക്ക് മാറ്റാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഏറ്റുമാനൂരിലെ സ്റ്റേഷനിലെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി. ബിഷപ്പിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുന്നതിനുള്ള നടപടിക്രമങ്ങളും പോലിസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

ബിഷപ്പിന്റെ മൊഴികളിലെ വൈരുധ്യം ദുരീകരിക്കുന്നതിന് മൂന്നുദിവസമെങ്കിലും ചോദ്യംചെയ്യല്‍ നീളുമെന്നാണ് വിവരം. വൈക്കവും ഏറ്റുമാനൂരും കൂടാതെ കോട്ടയം പോലിസ് ക്ലബ്ബും ചോദ്യംചെയ്യലിനായി ക്രമീകരിച്ചിട്ടുണ്ട്. ബിഷപ്പിനെതിരേ കൂടുതല്‍ തെളിവുകള്‍ പോലിസിന് ലഭിച്ചിട്ടുണ്ട്.

അഞ്ച് ശക്തമായ തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. മൂന്ന് തെളിവുകള്‍ പോലിസിന് നേരത്തെ തന്നെ ലഭിച്ചിരുന്നു. അതിനിടെ ബിഷപ്പിന്റെ സഹായികളായ ജലന്ധര്‍ രൂപതയിലെ വൈദികര്‍ അടങ്ങുന്ന സംഘം കോട്ടയത്തെത്തിയിട്ടുണ്ട്.

കൊച്ചിയിലും കോട്ടയത്തുമുള്ള നിയമവിദഗ്ധരുമായി ഇവര്‍ ചര്‍ച്ച നടത്തിയതായാണ് വിവരം. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ജലന്ധറിലെത്തിയാണ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തത്. ഒമ്പതുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ബിഷപ്പിന്റെ വിശദീകരണം രേഖപ്പെടുത്തി അന്വേഷണസംഘം മടങ്ങുകയായിരുന്നു.

Read more topics: nun, sexual, abuse, bishop
English summary
bishop franco nun case arrest
topbanner

More News from this section

Subscribe by Email