Thursday November 15th, 2018 - 4:17:am
topbanner

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ അപായപ്പെടുത്താന്‍ ശ്രമം

NewsDesk
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ അപായപ്പെടുത്താന്‍ ശ്രമം

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെയും സഹപ്രവര്‍ത്തകരെയും അപായപ്പെടുത്താന്‍ ഗൂഢാലോചനയെന്ന് വെളിപ്പെടുത്തല്‍. കുറവിലങ്ങാട് മഠത്തിലെ ജീവനക്കാരനും അസം സ്വദേശിയുമായ പിന്റുവിനാണ് കന്യാസ്ത്രീയെ അപായപ്പെടുത്താന്‍ നിര്‍ദ്ദേശം ലഭിച്ചത്.

കന്യാസ്ത്രീകള്‍ ഉപയോഗിക്കുന്ന ഇരുചക്ര വാഹനത്തിന്റെ ബ്രേക്ക് അഴിച്ചുമാറ്റി അപായപ്പെടുത്താന്‍ പിന്റുവിന് ബിഷപ്പിന്റെ അനുയായിയുടെ ബന്ധു പെരുമ്ബാവൂര്‍ കൂടാലപ്പാട് സ്വദേശിയായ തോമസ് ചിറ്റുപറമ്ബില്‍ നിര്‍ദേശം നല്‍കിയത്.

കന്യാസ്ത്രീയേയും സഹപ്രവര്‍ത്തകരേയും അനുനയിപ്പിച്ച്‌ കേസ് ഒത്തുതീര്‍പ്പാക്കാന്‍ നടത്തിയ നീക്കങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് ഇവരെ അപായപ്പെടുത്താനുള്ള ഗൂഢാലോചന തുടങ്ങിയത്.

പിന്റുവിനെ നിരന്തരം ഫോണില്‍ വിളിച്ച തോമസ്, കന്യാസ്ത്രീകള്‍ ഉപയോഗിക്കുന്ന ഇരുചക്രവാഹനത്തിന്റെ ബ്രേക്ക് തകരാറിലാക്കണമെന്നും വാഹനത്തിന് കേടുപാട് വരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ജലന്ധര്‍ ബിഷപ്പിന്റെ വലംകയ്യും രൂപതയുടെ നിര്‍മ്മാണ കമ്ബനിയുടെ ചുമതലക്കാരനായ വൈദികന്റെ സഹോദരനുമാണ് തോമസ് ചിറ്റുപറമ്ബില്‍.

മുന്‍പ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയെ വീട്ടില്‍ കയറി ഇയാള്‍ ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഭീഷണിയുടെ ശബ്ദരേഖയും മാധ്യമങ്ങളിലുടെ പുറത്തുവന്നിരുന്നു.

ആദ്യമൊക്കെ ഇയാള്‍ ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ തോമസിന്റെ ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദം ശക്തമായതോടെയാണ് ചൊവ്വാഴ്ച രാവിലെ ഇടവകയില്‍ നടക്കുന്ന ധ്യാനത്തിന് പോകാനിറങ്ങിയ കന്യാസ്ത്രീകളോട് പിന്റു ഇക്കാര്യം തുറന്നുപറഞ്ഞത്.

തോമസിനെ ഭയമാണെന്നും ഇനി ഇവിടെ ജോലി ചെയ്യാന്‍ പറ്റില്ലെന്നും പിന്റു അറിയിച്ചതായാണ് വിവരം. പിന്റു നല്‍കിയ വിവരം കന്യാസ്ത്രീകള്‍ അന്വേഷണ സംഘത്തെ അറിയിക്കുകയും അവരുടെ നിര്‍ദേശപ്രകാരം കുറവിലങ്ങാട് പോലീസ് സ്‌റ്റേഷനില്‍ എത്തി വൈകിട്ട് പരാതി നല്‍കുകയുമായിരുന്നു.

ഇതു സംബന്ധിച്ച്‌ കന്യാസ്ത്രീ നല്കിയ പരാതിയില്‍ കുറവിലങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു. പിന്റു ഇക്കാര്യങ്ങള്‍ കന്യാസ്ത്രീകളോട് വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയിരിക്കുന്നത്. ബിഷപ്പിനെതിരെ കന്യാസ്ത്രീ പരാതി നല്കിയതുമുതല്‍ തോമസ് ചുട്ടുപ്പറമ്ബില്‍ നിര്‍ദേശങ്ങള്‍ നല്കി തന്നെ സമ്മര്‍ദ്ദത്തിലാക്കിയെന്നാണ് പിന്റുവിന്റെ വെളിപ്പെടുത്തല്‍. കന്യാസ്ത്രീയുടെ നീക്കങ്ങളെല്ലാം നിരീക്ഷിക്കണമെന്നും വിവരങ്ങള്‍ തന്നെ അറിയിക്കണമെന്നും ഇയാളോട് ആവശ്യപ്പെട്ടിരുന്നതായും പരാതിയിലുണ്ട്.

നേരത്തെ ഫ്രാങ്കോ മുളയ്ക്കലിനെ കേരളാ പൊലീസ് ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ബിഷപിന്റെ അറസ്റ്റ് ഉടനെയില്ലെന്നാണ് അന്വേഷണസംഘം അറിയിച്ചത്. കുറവിലങ്ങാട്ടെ മഠത്തില്‍ പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന തീയതികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കണമെന്നതിനാല്‍ അന്വേഷണ സംഘം ബിഷപിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു.

വൈക്കം ഡിവൈഎസ്‌പി കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത്. അറസ്റ്റ് ചെയ്യാനുള്ള തെളിവുകള്‍ ഏറെയുണ്ടായിട്ടും പൊലീസ് അതിന് തയ്യാറായില്ല. ഇതിന് പിന്നില്‍ ചില ഒത്തുകളില്‍ ഉണ്ടെന്നും വിശദീകരണമെത്തി. എങ്ങനേയും കേസ് ഒതുക്കാന്‍ ശ്രമം സജീവമാക്കിയെങ്കിലും കന്യാസ്ത്രീ വഴങ്ങിയില്ല. ഇതോടെയാണ് അവരെ വകവരുത്താനുള്ള തീരുമാനങ്ങളിലേക്ക് കാര്യങ്ങളെത്തിയതെന്നാണ് വിലയിരുത്തല്‍.

 

 

Read more topics: Nun, sexual, abuse, bishop,
English summary
bishop Franco Mulakkal against nun petition
topbanner

More News from this section

Subscribe by Email