കോട്ടയം: കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ട് ഭാരത് ആശുപത്രിയിലെ ഒരു വിഭാഗം നഴ്സുമാര്‍ നടത്തിയ സമരം ഒത്തു തീര്‍ന്നു. ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ ആശുപത്രി മാനേജ്മെന്റും നഴ്സുമാരുടെ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. ഇരു കൂട്ടരും നല്‍കിയിരിക്കുന്ന കേസുകള്‍ പിന്‍വലിക്കാനും തീരുമാടനമായി
കരാര്‍ പുതുക്കി നല്‍കാത്തതിനെതിരെ കഴിഞ്ഞ മൂന്നു മാസമായി ആശുപത്രിയിലെ ഒരു വിഭാഗം നഴ്സുമാര്‍ സമരം നടത്തുകയായിരുന്നു. പല തവണ ആശുപത്രി മാനേജ്മെന്റും നഴ്സുമാരും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും സമരം ഒത്തു തീര്‍പ്പാക്കുന്നതില്‍ ധാരണയായിരുന്നില്ല. ഇതിനിടെയാണ് വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച നടത്തിയത്.
സമരം അവസാനിപ്പിക്കുന്നതിന് ധാരണയില്‍ എത്തിയ കാര്യങ്ങള്‍. സമരം ചെയ്ത എല്ലാ നഴ്സുമാരും തിങ്കളാഴ്ച മുതല്‍ ജോലിയില്‍ പ്രവേശിക്കും. എന്നാല്‍ ഡിസംബര്‍ 31 വരെ ജോലിയില്‍ തുടരാന്‍ കഴിയുകയുള്ളൂ.ഈ സമയത്തിനുള്ള എല്ലാവര്ക്കും സമര കാലത്തെ ഉള്‍പ്പടെയുള്ള ശമ്പളം നല്‍കും. പിന്നെ ഓരോത്തരുടെയും പ്രവര്‍ത്തിപരിചയം വച്ചുള്ള സര്‍ട്ടിഫിക്കേറ്റും നല്‍കും.
സമരം വെള്ളിയാഴ്ച 116 ദിവസത്തിലും നിരാഹാരസമരം 38 ദിവസത്തിലും എത്തിയിരുന്നു. രാത്രിയോടെ സമരം അവസാനിപ്പിച്ചു എങ്കിലും ശനിയാഴ്ച രാവിലെ തിരുനക്കരയിലെ സമര പന്തലില്‍ ചേരുന്ന യോഗത്തോടെയെ ഔദ്യോഗികമായി സമരം അവസാനിച്ചതായി പ്രഖ്യാപിക്കുകയുള്ളൂ. സമരം തീര്‍ന്നു എങ്കിലും ഡിസംബര്‍ 31ന് ശേഷം സമരം ചെയ്ത 59ഓളം നഴ്സുമാര്‍ എന്തു ചെയ്യും എന്നുള്ള ചോദ്യം ഉയരുകയാണ്.
ലേബര്‍ കമ്മിഷണര്‍ ബൈജുവിന്റെ നേത്യത്വത്തിലായിരുന്നു ചര്‍ച്ച. ആശുപത്രി മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് ഡോ.വിനോദ് വിശ്വനാഥന്, ഡോ.സ്മിത വിശ്വനാഥന്, ഡോ.സുനില്‍, ബി.ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു. സമരം ചെയ്യുന്ന നഴ്സുമാരുടെ സംഘടനയായ യു.എന്‍.എയെ പ്രതിനിധീകരിച്ച് ജാസ്മിന്‍ഷാ,സുജനപാല്‍ ആശുപത്രി ഭാരവാഹികളായ ബിന്‍സി, ശ്രുതി എസ്.നായര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു