Friday December 14th, 2018 - 10:57:pm
topbanner

ഒ.ടി.പി നമ്പര്‍ ചോര്‍ത്തി പണം തട്ടിപ്പ് ; ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍

NewsDesk
ഒ.ടി.പി നമ്പര്‍ ചോര്‍ത്തി പണം തട്ടിപ്പ് ; ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍

പാലക്കാട്: ബാങ്ക് ഉദ്യോഗസ്ഥരാണെന്ന വ്യാജേന ഫോണില്‍ വിളിച്ച് ബാങ്ക് അക്കൗണ്ടിന്റെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയെടുക്കുന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍. ജാര്‍ഖണ്ഡ് ധന്‍ബാദ് ജില്ലയിലെ ബിരാജ്പൂര്‍ സ്വദേശിയായ മഹാദേവ മഹാതോ (30) നെയാണ് ഒ.ടി.പി തട്ടിപ്പ് കേസ് അന്വേഷിക്കുന്നതിന് രൂപീകരിച്ച സ്‌പെഷല്‍ ടീം ചെന്നൈയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.

കൊല്ലം സ്വദേശിയും, പാലക്കാട് ടൗണിലെ സ്‌കൂള്‍ അധ്യാപികയുമായ പരാതിക്കാരിയെ ജൂണ്‍ ആറിന് എസ്.ബി.ഐ. ഹെഡ് ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞ് ഫോണ്‍ വിളിച്ച് എ.ടി.എം. കാര്‍ഡിന്റെ കാലാവധി കഴിയാന്‍ പോവുകയാണെന്നും പുതുക്കുന്നതിന് ഒ.ടി.പി കാര്‍ഡിന്റെ രഹസ്യ വിവരങ്ങള്‍ വേണമെന്നും ആവശ്യപ്പെട്ടു. ഫോണിലേക്ക് വന്ന ഒ.ടി.പി (വണ്‍ ടൈം പാസ്‌വേഡ്) നമ്പര്‍ ചോദിച്ചറിഞ്ഞു.

വിവരങ്ങള്‍ കൈമാറി അല്‍പസമയം കഴിഞ്ഞതും പരാതിക്കാരിയുടെ അക്കൗണ്ടില്‍ നിന്നും 25,000 രൂപ പിന്‍വലിച്ചതായി സന്ദേശം വന്നപ്പോഴാണ് കബളിപ്പിക്കപ്പെട്ടത് മനസിലായത്. തുടര്‍ന്ന് ഇവര്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസില്‍ പരാതി നല്‍കി. ജില്ലയിലെ മറ്റു പോലീസ് സ്‌റ്റേഷനുകളിലും സമാന രീതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അന്വേഷിക്കുന്നതിന് പാലക്കാട് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

പരാതിക്കാരിയുടെ ഫോണിലേക്ക് വന്ന നമ്പരും, പണം നിക്ഷേപിക്കപ്പെട്ട ബാങ്ക് അക്കൗണ്ട് നമ്പരും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇതിനു പിന്നില്‍ ജാര്‍ഖണ്ഡ്, ബീഹാര്‍, ജമ്മു കാശ്മീര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള വന്‍ ലോബിയാണെന്ന് കണ്ടെത്തി.

ഒരു മാസത്തോളം നീണ്ട നിരീക്ഷണത്തിലാണ് പ്രതി മഹാതോയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചെന്നൈയില്‍ നിന്നും പിടികൂടിയത്. മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി പോലീസ് സംഘം ഉടന്‍ ബീഹാറിലേക്ക് പുറപ്പെടും. പ്രതിയെ പാലക്കാട് കോടതിയില്‍ ഹാജരാക്കി.

പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ നോര്‍ത്ത് എസ്.ഐ: ആര്‍. രഞ്ജിത്ത്, മലമ്പുഴ എസ്.ഐ: എസ്. ഷമീര്‍, വനിതാ എസ്.സി.പി.ഒ: അമ്പിളി, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ കെ. നന്ദകുമാര്‍, ആര്‍. കിഷോര്‍, എം. സുനില്‍, കെ. അഹമ്മദ് കബീര്‍, ആര്‍. വിനീഷ്, ആര്‍. രാജീദ്, സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ ബി. വിനീത് കുമാര്‍, ഡി. ഷബീബ് റഹ്മാന്‍, പി. വിനു എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

Read more topics: Palakkad, bank, otp, fraud,
English summary
bank otp fraud jharkhand man arrested palakkad
topbanner

More News from this section

Subscribe by Email