Tuesday July 16th, 2019 - 2:21:am
topbanner
topbanner

തളിപ്പറമ്പ്; പ്യൂണിന്റെ കൊലപാതകത്തിന് പിന്നില്‍ സുഹൃത്ത്; പ്രതി വിദേശത്തേക്ക് കടന്നു

NewsDesk
തളിപ്പറമ്പ്; പ്യൂണിന്റെ കൊലപാതകത്തിന് പിന്നില്‍ സുഹൃത്ത്; പ്രതി വിദേശത്തേക്ക് കടന്നു

തളിപ്പറമ്പ്: കാണാതായ യുവാവിനെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. നെഞ്ചത്തും വയറ്റിലും കുത്തേറ്റ നിലയില്‍ കണ്ട മൃതദേഹത്തിന്റെ മുഖത്തും പരിക്കുണ്ട്. ഒന്‍പത് ദിവസത്തോളം പഴക്കം മൃതദേഹത്തിനുണ്ടെന്ന് പരിയാരം മെഡിക്കല്‍കോളേജില്‍ ഫോറന്‍സിക് സര്‍ജന്‍ ഗോപാലകൃഷ്ണപിള്ള നടത്തിയ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.

കൊല്ലപ്പെട്ട കുറ്റിക്കോല്‍ മുണ്ടപ്രത്തെ പുതിയപുരയില്‍ രജീഷിന്റെ (34) സുഹൃത്തായ നെല്ലിയോട് സ്വദേശി കാശിനാഥന്‍ എന്ന രാകേഷാണ് കൊലക്കു പിന്നിലെന്ന് പോലീസ് സൂചിപ്പിച്ചു. കാണാതായ അഞ്ചിന് രാത്രി തന്നെ രജീഷ് കൊലചെയ്യപ്പെട്ടതായിട്ടാണ് നിഗമനം. കൃത്യം നിര്‍വഹിച്ചശേഷം രാകേഷ് ആറിനുതന്നെ വിദേശത്തേക്ക് തിരിച്ചുപോകുകയും ചെയ്തിരുന്നു. ബക്കളത്തെ ഒരു ടാക്‌സി ഡ്രൈവറുടെ അമ്പാസിഡര്‍ കാര്‍ വാടകക്കെടുത്താണ് കാറിനുള്ളില്‍ വെച്ച് കൊല നടത്തിയതെന്ന് കരുതുന്നു. ചോരക്കറ പുരണ്ട കാര്‍ പാപ്പിനിശേരിയിലെ ഒരു വാട്ടര്‍ സര്‍വീസ് സെന്ററില്‍ വെച്ച് കഴുകിയശേഷമാണ് തിരിച്ചേല്‍പ്പിച്ചത്.

കാറിന്റെ സീറ്റുകവര്‍ മാറിയതു കണ്ട് വിവരം തിരക്കിയ കാറുടമയോട് യാത്രക്കിടയില്‍ അപകടത്തില്‍പ്പെട്ട് ഒരാളെ ആശുപത്രിയിലെത്തിക്കേണ്ടി വന്നതിനാല്‍ ചോരപുരണ്ട കവര്‍ മാറ്റുകയായിരുന്നുവെന്നാണ് രാകേഷ് പറഞ്ഞതത്രെ. ആദ്യം ഇതേക്കുറിച്ച് സംശയം തോന്നാതിരുന്ന ഇദ്ദേഹം രജീഷിനെ കാണാതായത് പോലീസ് അന്വേഷിക്കുന്നതിനിടയിലാണ് ചിലരോട് സംഭവം സൂചിപ്പിച്ചത്.

ഇവര്‍ രഹസ്യ വിവരം നല്‍കിയതുപ്രകാരം പോലീസ് രണ്ടു ദിവസം മുമ്പ് കാര്‍ കസ്റ്റഡിയിലെടുത്തിരുന്നു. കാറില്‍ നിന്ന് ചോരക്കറ പോലീസ് കണ്ടെത്തുകയും ചെയ്തിരുന്നു. ദേശീയപാതയില്‍ ശില്‍പ്പി സ്റ്റീല്‍ ഇന്‍ഡസ്ട്രീസിന് മുന്നിലെ വഴിയിലൂടെ പോയാല്‍ കാണുന്ന വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുന്ന കാടുമൂടിക്കിടന്ന ഫ്‌ളൈവുഡ് ഫാക്ടറിയുടെ കിണറ്റിലാണ് മൃതദേഹം കണ്ടത്. അഴുകിയ നിലയില്‍ കണ്ട മൃതദേഹത്തില്‍ ഷര്‍ട്ടുണ്ടായിരുന്നില്ല. ഇത് കിണറ്റിന്‍ കരയില്‍ വെച്ച് കത്തിച്ചതായി വ്യക്തമായിട്ടുണ്ട്.

പൊതുവെ ആള്‍പെരുമാറ്റം കുറഞ്ഞ ഈ പ്രദേശത്തേക്ക് ഏതാണ്ട് 90 മീറ്ററോളം ദൂരം നടന്നെത്താനുണ്ട്. അതുകൊണ്ടു തന്നെ മൃതദേഹം കാറില്‍ കൊണ്ടുവന്ന് കിണറ്റില്‍ ഉപേക്ഷിച്ചതാകാന്‍ തന്നെയാണ് സാധ്യതയെന്നും ഇതിന് ചിലരുടെ സഹായം ലഭിച്ചിട്ടുണ്ടാകാമെന്നും പോലീസ് പറഞ്ഞു. ഈ പ്രദേശത്ത് രാത്രി കാലങ്ങളില്‍ ഒത്തുകൂടുന്ന ചിലര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. കൊലപ്പെടുത്തി കിണറ്റിലിട്ടശേഷം രജീഷിന്റെ ഫോണ്‍ രാജേഷ് ഉപയോഗിച്ചിരുന്നു. ഇതാണ് സൈബര്‍ സെല്ലിന് സിഗ്നല്‍ ലഭിച്ചത്. അന്വേഷണം മുറുകുന്നതു കണ്ടതോടെ ഫോണ്‍ ഒഴിവാക്കുകയായിരുന്നു. രജീഷിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നും ഒരു മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്.

മരണം കൊലപാതകമാണെന്ന് വ്യക്തമായതോടെ രാകേഷിനെ വിദേശത്തു നിന്നും നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. രജീഷിന്റെ തിരോധാനം സംബന്ധിച്ച് നിരവധി കഥകള്‍ നാട്ടില്‍ പ്രചരിക്കുന്നതിനിടയിലാണ് കിണറ്റില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. കടുത്ത ദുര്‍ഗന്ധം പരന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്. അന്വേഷണവുമായി ബന്ധപ്പെട്ട് ബക്കളം കടമ്പേരി റോഡിലെ രണ്ട് സിസിടിവി കാമറകള്‍ ജില്ലാ പോലീസ് മേധാവിയുടെ സ്‌ക്വാഡ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ പരിശോധനകള്‍ നടന്നുവരികയാണ്.

കഴിഞ്ഞ അഞ്ചിന് രാവിലെ എട്ടരയ്ക്ക് വീട്ടില്‍ നിന്നും ജോലി ചെയ്യുന്ന പറശിനിക്കടവിലെ സ്‌കൂളിലേക്ക് പുറപ്പെട്ട രജീഷ് സ്‌കൂളിലെത്തി ഒപ്പിട്ടുവെങ്കിലും പിന്നീട് കാണാതാവുകയായിരുന്നു. വൈകുന്നേരം ഒരു സുഹൃത്തിന്റെ മകളുടെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാന്‍ പോകുമെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു. പോലീസ് ആദ്യം നടത്തിയ അന്വേഷണത്തില്‍ കരിമ്പം ഫാമിന് പിറകിലെ മൊബൈല്‍ പോണ്‍ ടവറിന്റെ പരിധിയില്‍ രജീഷ് ഉള്ളതായി കണ്ടെത്തിയെങ്കിലും പിന്നീട് സ്വിച്ച് ഓഫ് ചെയ്ത നിലയിലായതിനാല്‍ സിഗ്നലുകള്‍ ലഭിച്ചിരുന്നില്ല.

ജില്ലാ പോലീസ് മേധാവി സഞ്ജയ്കുമാര്‍ ഗുരുഡിന്‍ ഉള്‍പ്പെടെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പറശിനിക്കടവ് എയുപി സ്‌കൂളിലെ അറ്റന്‍ഡറായ രജീഷ് പരേതനായ പി.പി.ലക്ഷ്മണന്‍-രാധ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ധനീഷ്(ബഹറിന്‍), ജിനേഷ്(എയര്‍ ഫോഴ്‌സ്). പരിയാരം മെഡിക്കല്‍ കോളേജിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വൈകുന്നേരത്തോടെ നെല്ലിയോട്ട് മടയിച്ചാല്‍ ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.

Read more topics: bakkalam, rajeesh, murder, case
English summary
bakkalam rajeesh murder case
topbanner

More News from this section

Subscribe by Email