Wednesday September 26th, 2018 - 4:47:pm
topbanner

വടക്കേ മലബാറിലെ ഏക ശബരിമല ഇടത്താവളം ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രപരിസരത്ത് സ്ഥാപിക്കും

NewsDesk
വടക്കേ മലബാറിലെ ഏക ശബരിമല ഇടത്താവളം ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രപരിസരത്ത് സ്ഥാപിക്കും

തളിപ്പറമ്പ്: വടക്കേ മലബാറിലെ ഏക ശബരിമല ഇടത്താവളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രപരിസരത്ത് സ്ഥാപിക്കും. ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചു. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നെല്ലിയോട്ട് ഭഗവതി ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ആക്ടിങ് ചെയര്‍മാന്‍ എന്‍.ജയരാജനാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അധികൃതരുമായി  ധാരണാപത്രം ഒപ്പിട്ടത്.  

ശബരിമല തീര്‍ത്ഥാടനത്തിന് സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും എത്തുന്ന ഭക്തജനങ്ങള്‍ക്ക് വിശ്രമിക്കുന്നതിന് എല്ലാ സൗകര്യങ്ങളുമുളള ഇടത്താവളങ്ങള്‍ നിര്‍മ്മിക്കുന്നതിന് ദേവസ്വം ബോര്‍ഡുകളും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും തമ്മിലാണ് ധാരണാപത്രം ഒപ്പിട്ടത്.

കഴിഞ്ഞ നാല് വര്‍ഷങ്ങളായി വിജയകരമായ രീതിയില്‍ ഇടത്താവളം നടന്നുവരുന്ന നെല്ലിയോട്ട് ദേവീക്ഷേത്രപരിസരത്ത് ദേശീയപാതയോരത്താണ് ഇടത്താവളം വരിക. സംസ്ഥാനത്ത് നിര്‍മ്മിക്കുന്ന പത്ത് കേന്ദ്രങ്ങളില്‍ ഒന്നാണിത്.  

വിശാലമായ ഹാള്‍, ഭക്ഷണശാല, ശുചിമുറികള്‍ എന്നീ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തുക. അന്നദാനത്തിനും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും സൗകര്യം, എടിഎം, വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിനുളള സൗകര്യം എന്നിവ കൂടി ഇടത്താവളങ്ങളിലുണ്ടാവും.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സഹായത്തോടെ പത്ത്കോടി രൂപ ചെലവിലാണ് ഇടത്താവളം നിര്‍മ്മിക്കുന്നത്. എന്നാല്‍ നേരത്ത ലിസ്റ്റിലുണ്ടായിരുന്ന തലശേരി തിരുവങ്ങാട് ക്ഷേത്രത്തില്‍ ഇടത്താവളം അനുവദിക്കാത്തതിനാല്‍ നെല്ലിയോട്ട് അനുവദിച്ച ഫണ്ടില്‍ നിന്നും നാല് കോടി രൂപ ചെലവില്‍ അവിടെ താല്‍ക്കാലിക ഇടത്താവളം പണിയാനും ധാരണയായിട്ടുണ്ട്.

പദ്ധതി പ്രകാരം നാല് ഏക്കര്‍ സ്ഥലം ഇടത്താവളത്തിന് ആവശ്യമാണെങ്കിലും നെല്ലിയോട്ട് 1.60 ഏക്കര്‍ സ്ഥലം മാത്രമേയുള്ളൂ. ധാരണപ്രകാരം മലബാര്‍ ദേവസ്വം ബോര്‍ഡ് ഈ സ്ഥലം നെല്ലിയോട്ട് ക്ഷേത്രത്തിന് കൈമാറിയിട്ടുണ്ട്.  

ഈ സ്ഥലത്ത് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ് പെട്രോള്‍പമ്പ് സ്ഥാപിക്കുക. പമ്പ് സ്ഥാപിക്കുന്നതിന് അനുവദിക്കുന്ന സ്ഥലത്തിന്റെ തറവാടക 30 വര്‍ഷത്തേക്കുളളത് സംയോജിപ്പിച്ചുകൊണ്ടുളള ആകെ തുകയുടെ ആനുപാതികമായ തുകയ്ക്കുളള കെട്ടിട സൗകര്യങ്ങളാണ് ഇടത്താവള സമുച്ചയമായി ഐഒസി നിര്‍മ്മിച്ചു നലകുന്നത്.  

ഐഒസി നിര്‍ദ്ദേശിച്ച ധാരണാപത്രം പ്രകാരം 30 വര്‍ഷക്കാലയളവില്‍ ഈ പമ്പ് സൗജന്യമായി നടത്തുകയും ആ കാലയളവിന് ശേഷം നിബന്ധനകള്‍ പുന:പരിശോധിക്കുകയും ചെയ്യും. തിരുവങ്ങാട്ട് പെട്രോള്‍പമ്പ് സ്ഥാപിക്കല്‍ ലാഭകരമാവില്ലെന്ന ആലോചനയുടെ പശ്ചാത്തലത്തിലാണ് അത് ഉപേക്ഷിക്കപ്പെട്ടത്.

എന്നാല്‍ എതിര്‍പ്പുകള്‍ കുറക്കുന്നതിന് നെല്ലിയോടട്് അനുവദിച്ച ഫണ്ടില്‍ നിന്നും നാല് കോടി ചെലവില്‍ താല്‍ക്കാലിക ഇടത്താവളം പണിയും. ഇതിനെതിരെ നെല്ലിയോട്ട് ഭഗവതി ക്ഷേത്രം അധികൃതര്‍ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 28 കേന്ദ്രങ്ങള്‍ കൂടി രണ്ടാംഘട്ട ഇടത്താവളത്തിനായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടെന്നും അതില്‍ തിരുവങ്ങാട് ഉള്‍പ്പെടുത്തുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. അഖിലഭാരത അയ്യപ്പസേവാസംഘം സംസ്ഥാന സമിതി അംഗം കെ.വി.മണികണ്ഠന്‍നായരുടെ നേതൃത്വത്തിലാണ് ഇവിടെ ആദ്യമായി ഇടത്താവളം ആരംഭിച്ചത്.

English summary
bakkalam nelliyodu temple sabarimala Pilgrim centre
topbanner

More News from this section

Subscribe by Email