തൃശൂര്‍: യുഡിഎഫിന്റെ കോട്ടയെന്ന് വിശേഷിപ്പിക്കാവുന്ന തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി പോരാട്ടം ഏകപക്ഷീയമാവില്ല. യുഡിഎഫിനുവേണ്ടി കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ തൃശൂരിലെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത വി എസ് സുനില്‍ കുമാര്‍ ആണ് എല്‍ഡിഎഫ് എതിരാളി. മൂന്നാം സ്ഥാനത്തെത്താന്‍ ബിജെപിക്കുവേണ്ടി അഡ്വക്കേറ്റ് ഗോപാലകൃഷ്ണനും ഇവിടെ മത്സരിക്കുന്നു.
കയ്പമംഗലത്തെ സിറ്റിങ് എംഎല്‍എ ആയ സുനില്‍കുമാര്‍ ജയിക്കുമെന്ന് ഉറപ്പുള്ള സീറ്റ് വേണ്ടെന്നുവെച്ചാണ് തൃശൂരില്‍ പോരാട്ടത്തിനിറങ്ങുന്നത്. സുനില്‍ കുമാര്‍ എതിരാളിയായതോടെ മണ്ഡലത്തില്‍ ശക്തമായ മത്സരത്തിന് അരങ്ങുണരുകയും ചെയ്തു. സി.പി.ഐക്ക് രാജ്യത്തുള്ള ഒരേയൊരു പാര്‍ലമെന്റ് സീറ്റായ തൃശൂരില്‍ ഇത്തവണ വിജയം പിടിച്ചെടുക്കുമെന്നാണ് സുനില്‍കുമാര്‍ പറയുന്നത്.
കഴിഞ്ഞ 25 വര്‍ഷമായി കോണ്‍ഗ്രസ് നേതാവ് തേറമ്പില്‍ രാമകൃഷ്ണന് മത്സരിച്ചു ജയിച്ച മണ്ഡലമാണ് തൃശൂര്‍. ഇത്തവണ സീറ്റ് പത്മജയ്ക്ക് നല്‍കാനുള്ള കോണ്‍ഗ്രസ് തീരുമാനം ഏകാഭിപ്രായത്തോടെയായിരുന്നു.
2011 ലെ തിരഞ്ഞെടുപ്പില്‍ തേറമ്പില്‍ രാമകൃഷ്ണന് ജയിച്ചത് 16,169 വോട്ടുകള്‍ക്കാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 6853 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിന് മണ്ഡലത്തിലുണ്ട്.
കഴിഞ്ഞ കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഡിവിഷനുകളില്‍ നോക്കുകയാണെങ്കില്‍ യു.ഡി.എഫിന് 2800 വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്.
പരമ്പരാഗത വോട്ടുകള്‍ കൈവിട്ടില്ലെങ്കില്‍ ജയിച്ചുകയറുമെന്നുതന്നെയാണ് പത്മജയുടെ വിശ്വാസം. അതേസമയം, അഴിമതിക്കെതിരായ വിധിയെഴുത്ത് ഉണ്ടാകുമെന്നും സ്ഥിരമായി യുഡിഎഫിന് ലഭിച്ചുകൊണ്ടിരിക്കുന്ന വോട്ടുകളില്‍ വലിയൊരുവിഭാഗം മാറി ചിന്തിക്കുമെന്നുമാണ് സുനില്‍ കുമാറിന്റെ പ്രതീക്ഷ.