Thursday August 22nd, 2019 - 9:20:pm
topbanner
topbanner

പത്തനംതിട്ടയില്‍ 'ശബരിമല' പയറ്റിത്തെളിയുമോ; കളമൊരുങ്ങുന്നത പ്രവചനങ്ങള്‍ക്ക് അപ്പുറം ത്രികോണ മത്സരത്തിന്  

JB
പത്തനംതിട്ടയില്‍ 'ശബരിമല' പയറ്റിത്തെളിയുമോ; കളമൊരുങ്ങുന്നത പ്രവചനങ്ങള്‍ക്ക് അപ്പുറം ത്രികോണ മത്സരത്തിന്   

കൊച്ചി: യു.ഡി.എഫ് മണ്ഡലമെന്ന് വിശേഷിപ്പിക്കാവുന്ന പത്തനംതിട്ട മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരത്തിനാണ് ഇത്തവണ കളമൊരുങ്ങുന്നത്. സാധാരണ അടിയൊഴുക്കുകള്‍ കൂടി കണക്കിലെടുത്തിരുന്ന മണ്ഡലത്തില്‍ ഇക്കുറി സാഹചര്യം വ്യത്യസ്തമാണ്. ശബരിമല വിഷയമാണ് മുന്നണികളുടെ പ്രതീക്ഷയും ആശങ്കയും എന്നതും ശ്രദ്ധേയമാണ്.

ശബരിമല വിഷയത്തില്‍ പ്രതിസ്ഥാനത്താണ് സി.പി.എമ്മും സര്‍ക്കാരും എന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് യു.ഡി.എഫും എന്‍.ഡി.എയും പ്രചാരണം നടത്തുമ്പോള്‍ ശബരിമല വിഷയം അത്ര നിര്‍ണായകമാകില്ലെന്നാണ് എല്‍.ഡി.എഫ് കണക്കുകൂട്ടല്‍. ആന്റോയ്ക്കെതിരേ വികസനമുരടിപ്പ് ഉയര്‍ത്തുമ്പോള്‍ ദേശീയ തലത്തിലെ ന്യൂനപക്ഷ പീഡനമടക്കമുള്ള വിഷയങ്ങളാണ് എല്‍.ഡി.എഫ് എന്‍.ഡി.എക്കെതിരേ ആയുധമാക്കുന്നത്.

ശബരിമല നിര്‍ണായകമാകില്ലെന്ന് വ്യക്തമാക്കുമ്പോഴും യുവതി പ്രവേശന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീ വോട്ടുകള്‍ നഷ്ടപ്പെട്ടേക്കാമെന്ന ആശങ്ക എല്‍.ഡി.എഫിനുണ്ട്. നിഷ്പക്ഷ വോട്ടുകള്‍ വിഘടിക്കുമോ എന്നും ആശങ്കയുണ്ട്. അങ്ങനെയെങ്കില്‍ അത് ബി.ജെ.പിക്കാകും ഗുണം ചെയ്യുക എന്നും അവര്‍ കരുതുന്നു. കഴിഞ്ഞയാഴ്ച പ്രചാരണത്തിനിടെ തിരുവല്ലയില്‍ ഒരു ക്ഷേത്രത്തില്‍ വിശ്വാസികള്‍ വീണയെ തടഞ്ഞിരുന്നു.

ഇതിന്റെയൊക്കെ പശ്ചാത്തലത്തില്‍ ശബരിമല വിഷയത്തിലൂന്നിയുള്ള പ്രചാരണത്തില്‍ എല്‍.ഡി.എഫ് അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. കൂടാതെ വീണയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ ഓര്‍ത്തഡോക്സ് വോട്ടുകള്‍ സമാഹരിക്കാമെന്ന പ്രതീക്ഷയ്ക്കും മങ്ങലേറ്റെന്നാണ് സൂചന. ഇടതിനെ സഹായിക്കുന്ന കാര്യത്തില്‍ സഭയ്ക്കുള്ളില്‍ത്തന്നെ ഭിന്നിപ്പുണ്ടത്രേ. പള്ളിത്തര്‍ക്കം അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിശബ്ദത വിശ്വാസികള്‍ക്കിടയില്‍ കടുത്ത അതൃപ്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് സൂചന.

എന്‍.എസ്.എസിന്റെ നിലപാടും എല്‍.ഡി.എഫിന് എതിരാണ്. ആചാര സംരക്ഷണത്തിനായി നിലകൊണ്ടവരെ സഹായിക്കണമെന്നു ചൂണ്ടിക്കാട്ടി എന്‍.എസ്.എസ് സര്‍ക്കുലറും പുറത്തിറക്കിയിട്ടുണ്ട്. പന്തളം കൊട്ടാരം നിര്‍വാഹക സമിതി അധ്യക്ഷന്‍ പി.ജി ശശികുമാര വര്‍മയും സര്‍ക്കാരിനെതിരേ പ്രചാരണ രംഗത്തുണ്ട്. അതിനിടെ അനുനയ ശ്രമത്തിന്റെ ഭാഗമായി പന്തളം കൊട്ടാരത്തില്‍ വീണ സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ വീട്ടില്‍ വരുന്നവരോട് കടക്ക് പുറത്തെന്നു പറയുന്നത് കൊട്ടാരത്തിന്റെ മര്യാദയല്ലെന്നാണ് കൊട്ടാരം ഇതിനോട് പിന്നീട് പ്രതികരിച്ചത്. ഇത് തിരിച്ചടിയായെന്നാണ് എല്‍.ഡി.എഫ് വിലയിരുത്തല്‍.

പ്രചാരണം പുരോഗമിച്ചെങ്കിലും ബി.ജെ.പിക്കുള്ളിലെ വിഭാഗീയതയാണ് മണ്ഡലത്തില്‍ എന്‍.ഡി.എ നേരിടുന്ന പ്രധാന വെല്ലുവിളി. ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന പ്രചാരണ പരിപാടികളില്‍ നിന്ന് ബി.ജെ.പിയെ പൂര്‍ണമായും മാറ്റി നിര്‍ത്തിയിരിക്കുകയാണ്. സ്ഥാനാര്‍ഥി നിര്‍ണയം മുതലുള്ള കാര്യങ്ങള്‍ വിവാദമായതിനെ തുടര്‍ന്നാണ് ആര്‍.എസ്.എസ് നിയന്ത്രണം ഏറ്റെടുത്തത്. സുരേന്ദ്രന്റെ പ്രചാരണ പരിപാടികളിലെ ജില്ലാ നേതൃത്വത്തിന്റെ നിസഹകരണത്തെ തുടര്‍ന്നാണ് ഒഴിവാക്കല്‍. ഇതേതുടര്‍ന്ന് പ്രചാരണത്തില്‍ ചേരിതിരിവ് പ്രകടമാണ്.

സുരേന്ദ്രന്‍ വിഭാഗം ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുന്നതും ഇക്കാര്യത്തിലാണ്. കൃഷ്ണദാസ് പക്ഷത്തിന്റെ നിലപാടില്‍ അടിയൊഴുക്കിനുള്ള സാധ്യത ആര്‍.എസ്.എസും സംശയിക്കുന്നു. അതേസമയം, രാഷ്ട്രീയത്തിന് അതീതമായി അയ്യപ്പ ഭക്തരായ സ്ത്രീകളുടെ വോട്ടുകള്‍ ലഭിക്കുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടല്‍. തൃപ്തി ദേശായിയുടെ വരവിനു പിന്നില്‍ വീണാ ജോര്‍ജാണെന്ന പ്രചാരണവും അവര്‍ സ്ത്രീകള്‍ക്കിടയില്‍ നടത്തുന്നുണ്ട്. എന്‍.എസ്.എസ് നിലപാടില്‍ ആശ്വസിക്കുമ്പോഴും ഘടകകക്ഷിയായ ബി.ഡി.ജെ.എസില്‍ അധികം പ്രതീക്ഷിക്കുന്നില്ല.

അതേസമയം, യു.ഡി.എഫ് മണ്ഡലമെന്ന് വിശേഷിപ്പിക്കാവുന്ന പത്തനംതിട്ടയില്‍ പരമ്പരാഗത വോട്ടുകള്‍ക്കൊപ്പം ശബരിമല വിഷയത്തില്‍ വീണേക്കാവുന്ന നിഷ്പക്ഷ വോട്ടുകളിലാണ് യു.ഡി.എഫ് പ്രധാമായും കണ്ണെറിയുന്നത്. ശബരിമല ഉള്‍പ്പെടുന്ന റാന്നി, ആറന്മുള, പന്തളം, തിരുവല്ല തുടങ്ങിയ മേഖലകളില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം ആളിക്കത്തിക്കുന്ന പ്രചാരണമാണ് യു.ഡി.എഫ് നടത്തുന്നത്.

ഓര്‍ത്തഡോക്സ് വിഭാഗത്തിന് സര്‍ക്കാരിനോടുള്ള അതൃപ്തി മുതലാക്കാമെന്നാണ് പ്രധാന പ്രതീക്ഷ. ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കളുടെ മേല്‍നോട്ടത്തിലാണ് പ്രചാരണം പുരോഗമിക്കുന്നത്. എന്‍.എസ്.എസ് നിലപാട് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ചിന്തയും യു.ഡി.എഫില്‍ സജീവമാണ്.

English summary
an article about pathanamthitta loksabha election
topbanner

More News from this section

Subscribe by Email