Saturday October 20th, 2018 - 2:01:am
topbanner
Breaking News

കാലവർഷം: നെഹ്‌റുട്രോഫി വള്ളംകളി ഒരാഴ്ചത്തേക്കു മാറ്റി

bincy
കാലവർഷം: നെഹ്‌റുട്രോഫി വള്ളംകളി ഒരാഴ്ചത്തേക്കു മാറ്റി

ആലപ്പുഴ: കാലവർഷം കനത്ത പശ്ചാത്തലത്തിൽ ശനിയാഴ്ച നടക്കേണ്ട നെഹ്‌റുട്രോഫി വള്ളംകളി ഒരാഴ്ചത്തേക്കു മാറ്റാൻ എൻ.ടി.ബി.ആർ.സൊസൈറ്റി ഭരണസമതിയോഗം തീരുമാനിച്ചതായി ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. മുഖ്യാതിഥിയായി പങ്കെടുക്കാമെന്നേറ്റിരുന്ന സച്ചിൻ തെണ്ടുൽക്കറിന്റെ സൗകര്യം കൂടി നോക്കിയാവും പുതിയ തീയതി.

ഈമാസം 18 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ ഏതെങ്കിലും തീയതിയിൽ വള്ളംകളി നടത്താനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ടിക്കറ്റ് ഓൺലൈൻ വഴിയും നേരിട്ടും  വാങ്ങിയവർക്ക്  ആവശ്യമെങ്കിൽ തിരിച്ചു നൽകും. പുതിയ തീയതിയിൽ കളി കാണാൻ ഇതേ ടിക്കറ്റുപയോഗിക്കാൻ അനുവാദമുണ്ടാകും.

ചാമ്പ്യൻസ് ബോട്ട് ലീഗിന് ഈവർഷം തുടക്കം കുറിക്കുന്നതിനാൽ കർശനമായ അച്ചടക്കം പാലിച്ചാവും മൽസരം. നിയമവിരുദ്ധമായ ഏതു പ്രവൃത്തിയും വീഡിയോ സഹായത്തോടെ അച്ചടക്കസമതി പരിശോധിച്ച് നടപടിയെടുക്കും. ഇവിടെ അയോഗ്യരാക്കപ്പെടുന്നവർക്ക് പിന്നീട് ലീഗിലെ എല്ലാ കളികളും നഷ്ടപ്പെടുമെന്നും മന്ത്രി പറഞ്ഞു.

വള്ളംകളിക്കുള്ള ഒരുക്കം അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തിൽ കാലവർഷം വീണ്ടും ശക്തമായതിനാൽ വള്ളങ്ങൾക്ക് പരിശീലനത്തിന് ധനസഹായം നൽകുന്നത് പരിഗണിക്കും. ഇതിനകം 30 ലക്ഷം രൂപ സൊസൈറ്റിക്കു ചെലവായിട്ടുണ്ട്.

പുതുതായി സർക്കാരിൽ നിന്ന് ധനസഹായം പ്രതീക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പ്രായോജകരെ കണ്ടെത്തി ഈ പ്രശ്‌നങ്ങൾക്കു പരിഹാരം കാണാനാണ് ശ്രമമെന്ന് ധനമന്ത്രി പറഞ്ഞു.  പരമ്പരാഗത സ്റ്റാർട്ടിങ് സംവിധാനത്തിനു പുറമേ പുതിയ ഓട്ടോമാറ്റിക് സംവിധാനം ഇക്കുറി പ്രയോഗത്തിൽ വരും.

മൂന്നു തലത്തിലുള്ള ഈ സംവിധാനം കഴിഞ്ഞ ദിവസം പരിശോധിച്ച് റേസ് കമ്മറ്റി അംഗീകരിച്ചിട്ടുണ്ട്. വള്ളംകളി നീട്ടിയ സാഹചര്യത്തിൽ സ്റ്റാർട്ടിങ് പോയിന്റിൽ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾക്ക് സുരക്ഷ ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതുവഴിയുള്ള പുരവഞ്ചികളുടെ സഞ്ചാരം വഴിതിരിച്ചുവിടും.

ഇക്കാര്യത്തിന് പോർട്ട് കൺസർവേറ്റർ, ടൂറിസം വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കളിവള്ളങ്ങളിലെ തുഴച്ചിലുകാരിൽ 25 ശതമാനം പുറത്തുനിന്നുള്ളവരാ കാമെന്ന നിബന്ധന കർശനമായി പാലിക്കുന്നുവെന്നുറപ്പാക്കും. ഹോളോഗ്രാം പതിച്ച തിരിച്ചറിയൽ കാർഡുകളാണ് കളിക്കാർക്കായി നൽകുന്നത്.

ഇതിനുപുറമേ വീഡിയോ നിരീക്ഷണവും ഉണ്ടാകും. സംശയമുള്ള വള്ളങ്ങളെ പ്രത്യേകം നിരീക്ഷിക്കുമെന്നും സൊസൈറ്റി ചെയർമാനായ ജില്ല കളക്ടർ എസ്.സുഹാസ് പറഞ്ഞു. സൊസൈറ്റി ഉപാധ്യക്ഷനായ ജില്ല പൊലീസ് ചീഫ് എസ്.സുരേന്ദ്രൻ,സെക്രട്ടറിയായ സബ് കളക്ടർ വി.ആർ.കൃഷ്ണതേജ, റേസ് കമ്മറ്റി കൺവീനറായ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനിയർ കെ.പി.ഹരൻബാബു, പ്രചരണസമതി കൺവീനറായ ജില്ല ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതല തുടങ്ങിയവർ പങ്കെടുത്തു.

Read more topics: alappuzha, Nehru Trophy, boat rice
English summary
alappuzha Nehru Trophy Boat shifted to a week
topbanner

More News from this section

Subscribe by Email