Sunday April 22nd, 2018 - 11:42:pm
topbanner

കനയ്യയെ അധിക്ഷേപിച്ച ജൂഡ് ആന്റണിക്ക് ജഹാംഗീര്‍ നല്‍കിയ മറുപടി വൈറല്‍

NewsDesk
കനയ്യയെ അധിക്ഷേപിച്ച ജൂഡ് ആന്റണിക്ക് ജഹാംഗീര്‍ നല്‍കിയ മറുപടി വൈറല്‍

കൊച്ചി: ജെഎന്‍യു വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിനെ അധിക്ഷേപിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട സംവിധായകന്‍ ജൂഡ് ആന്റണിക്ക് അഡ്വ. ജഹാംഗീര്‍ നല്‍കിയ വൈറല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

'ഒരുത്തനെ കിട്ടാന്‍ നോക്കി ഇരിക്കുവാ ചിലര്‍, അവനെ ആദ്യം നേതാവാക്കാനും പിന്നെ രക്തസാക്ഷിയാക്കാനും' എന്ന ജൂഡിന്റെ പോസ്റ്റിന് ജഹാംഗീര്‍ നല്‍കിയ മറുപടി........

 

മിസ്റ്റര്‍ Jude Anthany Joseph ,

താങ്കള്‍ വല്ല ആഫ്രിക്കന്‍ ഏകാധിപതികളും വാഴുന്ന ഗോത്രവര്‍ഗ്ഗ സംസ്കാരത്തിന്റെ ആസുരതകള്‍ നിറഞ്ഞ രാജ്യത്ത് വല്ലതുമാണോ ജനിച്ചു വളര്‍ന്നത് എന്നത് എന്‍റെ നിഷ്കളങ്കമായ സംശയമാണ്. ക്യാംബസ്സുകളുടെ സര്‍ഗ്ഗാത്മകതയും, പോരാട്ട വീര്യവും ഒന്നും മനസ്സിലാവാത്ത താങ്കള്‍ സിനിമ എന്ന സമ്പൂര്‍ണ്ണ കലയിലെ സംവിധായകനാണ് എന്നത് അവിശ്വസനീയമായി തോന്നുന്നു.

1) താങ്കള്‍ നികുതി നല്‍കുന്നത് കൊണ്ട് രാജ്യത്തുള്ള വിദ്യാര്‍ഥികള്‍ എല്ലാം ക്ലാസുമുറിയിലിരുന്നു പഠിക്കുക മാത്രമേ ചെയ്യാവൂ എന്നതായിരുന്നു നിങ്ങളുടെ മുന്‍പത്തെ കല്‍പ്പന. ഇപ്പോഴാകട്ടെ കനയ്യ കുമാര്‍ എന്ന ഫാഷിസ്റ്റ്‌ വിരുദ്ധ രാഷ്ട്രീയത്തിന്‍റെ ഏറ്റവും നവ്യമായ പ്രതീകത്തെയും, അയാളെ പിന്തുനക്കുന്നവരെയും താങ്കള്‍ അപമാനിച്ചിരിക്കുന്നു.

2) സുഹൃത്തെ, "പഠനം" എന്ന് പറഞ്ഞാല്‍ ക്ലാസ് മുറിയിലിരുന്നു "സിലബസ്" പഠിച്ചു പരീക്ഷയെഴുതി പാസാകല്‍ മാത്രമാണ് എന്ന അശാസ്ത്രീയ ചിന്തയൊക്കെ 2016 ല്‍ ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന ചെറുപ്പക്കാരനായ ഒരു സംവിധായകന്‍ വച്ചുപുലര്‍ത്തുന്നു എന്നത് നാളത്തെ ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഒട്ടൊരു വലിയ അത്ഭുതമായി തോന്നിയേക്കാം. ആ നിലയില്‍ ഈ കാലത്ത് ജീവിക്കാന്‍ അന്ഫിറ്റ് ആയ മനുഷ്യനാണ് താങ്കള്‍ എന്ന് ഏറ്റവും മിതമായി പറയാന്‍ ആഗ്രഹിക്കുന്നു.

3) മാറ്റമില്ലാത്തതായി ഒന്നുമാത്രം അത് മാറ്റം മാത്രമാണ് എന്ന് ദീര്‍ഘദര്‍ശിയായി പ്രവചിച്ചത് മഹാനായ കാറള്‍ മാക്‌സ് ആണ്. ഭൂമിയിലെ ജീവിതത്തെ വിപ്ലവകരമായി മാറ്റിയവയുടെ കൂട്ടത്തിലാണ് അഗ്‌നിയും ചക്രവും എല്ലാം പരിഗണിക്കപ്പെട്ടു പോന്നിരുന്നത്. ആധുനിക ലോകത്തെ മാറ്റിമറിക്കുന്ന ഏറ്റവും വിപ്ലവകരമായ കണ്ടുപിടുത്തം എന്ന് പറയുന്നത് ഇന്റര്‍നെറ്റ് തന്നെയാണ്. ഇന്ന് ലോകത്തെ നിര്‍ണയിക്കുന്നതും ഭരിക്കുന്നതും ബന്ധപ്പെടുത്തുന്നതും ചലനാത്മകമാക്കുന്നതും എല്ലാം ഇന്റര്‍നെറ്റും കംപ്യൂട്ടറും തന്നെയാണ്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ യാഥാസ്ഥികമായ എല്ലാത്തിനെയും പൊട്ടിച്ചെറിയുന്നതിന്റെ ഒരു സ്വാസ്ഥ്യം പ്രദാനം ചെയ്യുന്നുണ്ട് സൈബര്‍ വിപ്ലവങ്ങള്‍. അറേബ്യന്‍ മരുഭൂമികളിലെ മുല്ലപ്പൂ വിപ്ലവം മുതല്‍, വാള്‍സ്ട്രീറ്റിലെ പിടിച്ചെടുക്കല്‍ സമരം തുടങ്ങി, അരവിന്ദ് കേജ്‌രിവാളിന്റെയും അണ്ണാ ഹസാരെയുടെയും സമര വേലിയേറ്റങ്ങള്‍, നിര്‍ഭാഗ്യകരമായി നമ്മെ വേര്‍പ്പെട്ട ദല്‍ഹി പെണ്‍കുട്ടിക്ക് നീതിതേടി തെരുവില്‍ ഇറങ്ങിയ യുവത്വം വരെ സൈബര്‍ ഇടങ്ങളുടെ പോരാട്ട ശക്തിയുടെ വിസ്മയ കാഴ്ചകള്‍ ആയിരുന്നു. ഇന്ന് ഇന്ത്യയുടെ ഫാഷിസ്റ്റ്‌ വിരുദ്ധ പോരാട്ടങ്ങളുടെ മഹാവിഹായസ്സില്‍ കനയ്യ കുമാര്‍ എന്ന നേതാവ്, വിദ്യാര്‍ഥി നേതാവ് എന്നത് മാറി രാജ്യത്തിന്റെ നേതാവായി കെടാത്ത നക്ഷത്രംപോലെ ഉദയം ചെയ്യുമ്പോള്‍, അത് ഈ രാജ്യത്തെ സൈബര്‍ പോരാളികളുടെ വിജയം കൂടിയാണ്. അത് വളരെ നൈസര്‍ഗ്ഗികവും, സ്വാഭാവികവുമായ ഒരു പ്രക്രിയയായിരുന്നു. അല്ലാതെ ഞങ്ങള്‍ ആരും ആരെയും നേതാവാക്കുകയും, രക്തസാക്ഷിയാക്കുകയും ചെയ്തിട്ടില്ല. എന്തുകൊണ്ടാണ് ഇന്ത്യയില്‍ ഈ ഫാഷിസ്റ്റ്‌ കാലത്ത് ജീവിക്കുന്ന ഒരു കലാകാരനായ താങ്കള്‍ക്കു, സമരം, നേതാവ്, രക്തസാക്ഷി തുടങ്ങിയ പദങ്ങളോടു ഇത്ര വലിയ അറപ്പ്..?!

4) മിസ്റ്റര്‍ ജൂഡ്,
എഴുപതുകളിലും എണ്‍പതുകളിലും എല്ലാം ഇന്ത്യന്‍രാഷ്ട്രീയ മനസ്സാക്ഷിയുടെ ചിന്താപരിസരങ്ങളെ, ധിഷണാവ്യാപാരങ്ങളെ നിര്‍ണയിച്ചിരുന്നത്, സര്‍ഗ്ഗാത്മകവും ക്രിയാത്മകവും ചലനാത്മകവും മൗലികതയുള്ള ആശയങ്ങളാല്‍ സമ്പന്നവുമായിരുന്ന നമ്മുടെ ക്യാംപസുകള്‍ ആയിരുന്നു എന്ന് വായിച്ചിട്ടുണ്ട്. കവികളും ചിന്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും വിമോചകരും ഫെമിനിസ്റ്റുകളും വിപ്ലവകാരികളും അരാജകവാദികളും എല്ലാവരും ഉണ്ടായിരുന്നു നമ്മുടെ ക്യാംപസുകളില്‍. ധിഷണാപരമായി അവര്‍ ഉയര്‍ത്തുന്ന നവോത്ഥാന സാധ്യതകളെ രാജ്യം ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ് ചെയ്തത്. പിന്നീട് ആഗോളീകൃതമായ ഒരു വിപണിയുടെ പ്രലോഭനങ്ങളില്‍ നമ്മുടെ യുവത്വം കാലിടറിവീണ് അരാഷ്ട്രീയവാദികളായി പിടഞ്ഞുകൊണ്ടിരിക്കുന്നതും ഇന്ന് രാജ്യം കാണുന്നു. അങ്ങനെ പത്രങ്ങളും ചാനലുകളും എല്ലാം നമ്മുടെ സാമൂഹ്യ സംവാദങ്ങളുടെ അജണ്ടകളെ നിശ്ചയിച്ചു തുടങ്ങി. പത്ര മുത്തശ്ശിമാര്‍ ആളുകളെയും പ്രസ്ഥാനങ്ങളെയും വാഴ്ത്താനും വീഴ്ത്താനും തുടങ്ങി. ന്യൂസ് ചാനലുകള്‍ തുടങ്ങിയ ചില ആര്‍ജ്ജവമുള്ള പത്രപ്രവര്‍ത്തകര്‍ ഒളിച്ചുപിടിക്കപ്പെടാനുള്ള പല രഹസ്യങ്ങളെയും നിര്‍ദ്ദയം വെളിവാക്കി. ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണുകളും വ്യാപകമായി. പഴമയുടെ പെരുംപോരിശയില്‍ അഭിരമിക്കുന്ന മൂരാച്ചികളായ കാരണവന്മാരോട് ജീവിതാത്മീയതയുടെ അഭാവം ഇന്ധനമാക്കി കലഹിച്ചു ഇന്ത്യാ മഹാരാജ്യത്ത് ഒരു യുവത വളരുന്നു. അവരെ അസൂയക്കാരും പെരുന്തച്ചന്‍ കോംപ്ലക്‌സ് ഉള്ളവരും ഫ്രീക്കന്മാര്‍ എന്നും ന്യൂ ജനറേഷന്‍ എന്നുമൊക്കെ ‘തെറിപദങ്ങള്‍’ വിളിച്ചു വര്‍ഷിച്ചുകൊണ്ടിരിക്കുന്നു. അവിടെയത്തി നില്ക്കുന്നു നമ്മുടെ വര്‍ത്തമാനം . ഇപ്പോള്‍ നവമാധ്യമക്കാലമാണ്. കഴിഞ്ഞ ചുരുങ്ങിയ വര്‍ഷങ്ങള്‍ എങ്കിലുമായി രാജ്യത്തെ മാധ്യമങ്ങളുടെ എഡിറ്റോറിയല്‍ ഡസ്‌ക്കുകളുടെ അജണ്ടകള്‍ നിശ്ചയിക്കുന്നത് നവമാധ്യമങ്ങള്‍ ആണ്. അങ്ങിനെയാണ് അര്നാബ് ഗോസ്വാമിയും, സീ ന്യൂസുമെല്ലാം ഫാഷിസ്റ്റ്‌ വിരുദ്ധ പോരാട്ടങ്ങളുടെ ഭൂമികകളില്‍ പരിഹാസ്യരും, ഔട്ട്‌ ഓഫ് ഡേറ്റ് ആകുന്നതും. നിര്ഭാഗ്യവാശാല്‍ താങ്കളെയും ആ ലിസ്റ്റില്‍ ചേര്‍ക്കേണ്ടി വരുന്നതില്‍ ദുഖമുണ്ട്.

5) സുഹൃത്തേ, നിങ്ങള്‍ പറയുന്ന നേതാവും, രക്തസാക്ഷിയുമൊന്നുമല്ലാതെ കനയ്യ കുമാറിനെ സംബന്ധിച്ച് രാജ്യത്തെ മാധ്യമ പ്രവര്‍ത്തകരും, വിവരമുള്ളവരും പറഞ്ഞ കാര്യങ്ങളില്‍ ചിലത് ക്വോട്ട് ചെയ്യാം.

തീക്കട്ട എടുത്ത്‌ മടിക്കുത്തിൽ ഒളിപ്പിക്കാൻ നോക്കിയതാ..
പൊള്ളിയപ്പൊ എവ്‌ടെ പൊള്ളി? (Aysha Mahmood)
JNU വിലെ സമരാഗ്നിയിലേക്ക് പച്ചവെള്ളമാണെന്ന് കരുതി സംഘപരിവാര്‍ സര്‍ക്കാര്‍ ഒഴിച്ചതെല്ലാം പെട്രോളായിരുന്നു
(Anupama Mohan)
Someone born in a privileged political family can never make such a heartfelt speech. Circumstances make a neta. Dynasts pale in comparison.(Rahul Kanwal )
KanhaiyaKumar is now like the legendary Che Guevara ; a young man who symbolizes a new young irrepressible India that believes in itself.( Sanjay Jha )
If speeches make a leader, then a leader has been born!
(Rajdeep Sardesai)
Rockstar KanhaiyaKumar: Indian politics' latest startup
(Milind Deora)

6) ഇന്ത്യയുടെ ചെഗുവേര ജനിച്ചിരിക്കുന്നു, പ്രധാനമന്ത്രി നര‌േന്ദ്രമോദിക്ക് ഇനി ഉറങ്ങാൻ കഴിയില്ലെന്നാണ് സോഷ്യല്‍മീഡിയ അയാളുടെ പ്രസംഗത്തെ സംബന്ധിച്ച് പറഞ്ഞത്.
കനയ്യകുമാറിന്റെ അന്‍പത് മിനുറ്റ് പ്രസംഗം യൂട്യൂബ്, ഫെയ്സ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ എട്ടും പത്തും തവണയാണ് ആളുകള്‍ കാണുന്നത്. ആ പ്രസംഗം ദേശീയമാധ്യമങ്ങളെല്ലാം തത്സമയം നൽകി. ഫെയ്സ്ബുക്കിലും ട്വിറ്ററിലും ‪#‎KanhaiyaKumar‬ എന്ന ഹാഷ്ടാഗ് തന്നെ വന്നുകഴിഞ്ഞു. കനയ്യയെ അഭിവാദ്യം ചെയ്തുകൊണ്ട്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും സീതാറാം യെച്ചൂരിയും രംഗത്തെത്തി. മുന്‍ വിദേശ സെക്രട്ടറിയും അംബാസിഡറുമായ നിരുപമാ റാവുവും അഭിനന്ദനവുമായി രംഗത്തെത്തിയവരിലുണ്ട്. ഇന്ത്യന്‍ യുവത്വം കനയ്യയെ ആവേശപൂര്‍വ്വം സ്വീകരിക്കുന്നുവെന്ന് പ്രമുഖ ഏഴുത്തുകാരി ഗായത്രി ജയരാമന്‍ പറഞ്ഞു.ഇങ്ങനെത്തന്നെയാണ് സുഹൃത്തെ ഒരു നേതാവ് ഉദയം ചെയ്യുന്നത്. അത് ബോധ്യമാവാനുള്ള രാഷ്ട്രീയ ബോധ്യം താങ്കള്‍ക്കു ഇല്ലാത്തത് അങ്ങനയുടെ ധിഷണാപരമായ കൊടിയ ദാരിദ്യമാണ്.

7) മിസട്ടര്‍ ഡയറക്ടര്‍, ഇന്ത്യക്ക് സ്വാതന്ത്ര്യം വേണമെന്നല്ല ഇന്ത്യയിൽ ജീവിക്കാൻ സ്വാതന്ത്ര്യം വേണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും, ആരോടും തനിക്ക് വിദ്വേഷമില്ലെന്നും പകരംവീട്ടാനില്ലെന്നും വ്യക്തമാക്കിയ കനയ്യ എ.ബി.വി.പിയെ ശത്രുക്കളായല്ല, രാഷ്ട്രീയ എതിരാളികളായാണ് കാണുന്നതെന്ന് തുറന്നുപറയുമ്പോള്‍, പുറത്തുള്ള എ.ബി.വി.പിക്കാരെ അപേക്ഷിച്ച് കാമ്പസിലെ പ്രവര്‍ത്തകര്‍ അല്‍പംകൂടി യുക്തിയുള്ളവരാണെന്നും അഭിപ്രായപ്പെടടുമ്പോള്‍ , രക്തസാക്ഷിയാക്കാനല്ല, നേതാവാക്കാന്‍ ഇതിലും നല്ല ചോയിസ് താങ്കള്‍ക്കു നിര്‍ദേശിക്കാമോ..?! കേന്ദ്രസര്‍ക്കാറിനും നരേന്ദ്ര മോദിക്കുമെതിരെ ആഞ്ഞടിച്ച കനയ്യ, ജെ.എന്‍.യുവിനെതിരായ വേട്ട ആസൂത്രിതമാണെന്നും ഒക്യുപൈ യു.ജി.സി സമരവും രോഹിതിന് നീതിതേടിയുള്ള സമരവും അട്ടിമറിക്കുകയുമാണ് അവരുടെ ലക്ഷ്യമെന്നും ആരോപിച്ചതു താങ്കളും കേട്ടിരിക്കുമല്ലോ?! ജനവിരുദ്ധസര്‍ക്കാറാണ് രാജ്യം ഭരിക്കുന്നത്. അവര്‍ക്കെതിരെ പറഞ്ഞാല്‍ അവര്‍ നിങ്ങള്‍ക്കെതിരെ വ്യാജ വിഡിയോ സൃഷ്ടിക്കും, നിങ്ങളുടെ ഹോസ്റ്റല്‍വളപ്പില്‍ വന്ന് ഉറയെണ്ണും എന്നത് ഈ ഫാഷിസ്റ്റ്‌ സര്‍ക്കാരിലുള്ള ശരാശരി പൌരന്റെ ആശങ്കയല്ലേ മിസ്റ്റര്‍..? അത് പറയാന്‍ ആര്‍ജ്ജവം കാണിക്കുന്ന ഒരു ദരിദ്ര യുവാവിനെ രാജ്യം അതിന്റെ നേതാവായി ഏറ്റെടുക്കുന്നതില്‍ താങ്കള്‍ക്കു എന്താണ് അസഹിഷ്ണുത ?!

8) സുഹൃത്തേ, താങ്കള്‍ ഫാഷിസം അനുഭവിച്ചിട്ടുണ്ടോ, വിശപ്പ്‌ അറിഞ്ഞിട്ടുണ്ടോ , ജാതി വിവേചനം അറിഞ്ഞിട്ടുണ്ടോ, ജന്മികളുടെ പീഡനം അനുഭവിച്ചിട്ടുണ്ടോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ , താങ്കള്‍ അധിക്ഷേപിക്കുന്ന ഈ കനയ്യകുമാര്‍ നേതാവാകുന്നത് എങ്ങിനെയെന്നോ, അങ്ങുദൂരെ ബീഹാറിലെ ഒരു ദരിദ്ര ഗ്രാമത്തില്‍ ശരീരം തളര്‍ന്ന, എന്നാല്‍ തളരാത്ത മനസ്സുള്ള ഒരു പിതാവിന്റെയും, അംഗന്‍വാടി ഹെല്‍പ്പരായ, അയാളുടെ വിശപ്പകറ്റാന്‍ പോലും വഴിയില്ലാതിരുന്ന ദാരിദ്ര്യത്തിന്റെ തീക്ഷ്ണതയിലും, അയാളെ മനുഷ്യനെയും, നേരിനെയും അറിയുന്ന മകനായി വളര്‍ത്തിയ അമ്മയുടെയും, അയാളെ ഫാഷിസ്ട്ടുകള്‍ കോടതിമുറിയില്‍പ്പോലും, മര്‍ദ്ദിച്ചപ്പോള്‍ നിസ്സഹായനായി കണ്‍ നിറച്ചു നോക്കിയിരുന്ന അയാളുടെ സഹോദരന്‍റെയും നോവുകള്‍ ഈ നാട് അതിന്‍റെ സ്വന്തം നൊമ്പരമായി ഏറ്റെടുക്കുകയാണ് ആദ്യം ചെയ്തത്. JNU സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി നേതാവ് മാത്രമായിരുന്ന കനയ്യകുമാറിനെ ഈ നാടിന്റെ നേതാവായി ഈ രാജ്യം ഏറ്റെടുക്കുന്നത്, ആര്‍ജ്ജവവും, പക്വതയും ഇന്നിന്‍റെ രാഷ്ട്രീയവും തുളുമ്പുന്ന അയാളുടെ പ്രസംഗത്തിനു ശേഷമാണ്...!!

9) പ്രിയ സംവിധായകാ, അപ്പന്റെയും, ബാങ്കിന്റെയും കാരുണ്യത്തില്‍ പഠിച്ച കഥ താങ്കള്‍ എഴുതിയത് വായിച്ചിരുന്നു. നികുതി പിരിക്കുന്ന രാജ്യത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ ആരും സമരം ചെയ്യരുത് എന്ന് താങ്കള്‍ പറയുന്നതിന്റെ യുക്തി ചരിത്രബോധമില്ലായ്മയല്ലാതെ മറ്റെന്താണ്?! ക്ലാസ് മുറിയിലെ അച്ചടക്കമുള്ള, പ്രതികരണ ശേഷി നഷ്ട്ടപ്പെട്ട , വ്യവസ്ഥിതിയുടെ അടിമകളായ വിദ്യാര്‍ഥികള്‍ ഈ ലോകത്ത് എന്തു മാറ്റമാണ് കൊണ്ട് വന്നിട്ടുള്ളത് ? നിങ്ങള്‍ മഹാത്മജിയെയും, ഗോഖലയെയും വായിച്ചിട്ടുണ്ടോ ? ഭഗത്സിംഗിന്റെയും, രാജ് ഗുരുവിന്റെയും കഥകള്‍ കേട്ടിട്ടുണ്ടോ ? ഈ എം എസ്സും അച്യുതമേനോനും , സീ എച്ച് മുഹമ്മദ്‌ കോയയും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയത് വായിച്ചിട്ടുണ്ടോ ? കൊടിയ ദാരിദ്ര്യം കൊണ്ട് , വിശപ്പ്‌ സഹിക്കാനാവാതെ പ്രൈമറി ക്ലാസ്സില്‍ പഠനം നിര്‍ത്തി അന്നം തേടാന്‍ പോയ ബാലനായ സഖാവ് വീ എസ്സ് അച്ചുതാനന്ദനെ കേട്ടിട്ടുണ്ടോ ? ഏറ്റവും ചുരുങ്ങിയത് ക്ലാസ് മുറിയില്‍ ഇരിക്കുന്ന അച്ചടക്കമുള്ള "വിദ്യാര്‍ഥിത്വ"ത്തിന്റെ കാര്യത്തില്‍ സഖാവ് എം സ്വരാജിന്റെയും, വീ ടി ബല്‍റാമിന്റെയും നിലപാടുകളെങ്കിലും താങ്കള്‍ക്കു അറിയുമോ..?

10) പ്രിയ സുഹൃത്തേ, എക്സ്പയറി ഡേറ്റ് കഴിഞ്ഞ കടല്‍ക്കിഴവന്‍മാരും, കഞ്ഞിഖദറിന്റെ വിശുദ്ധി പോലും രാഷ്ട്രീയത്തിലെ സത്യസന്ധതയ്ക്ക് നല്‍കാത്ത അഴിമതിക്കാരും അരങ്ങു വാഴുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍,അരാഷ്ട്രീയ വാദികളും , ഉപഭോഗതൃഷ്ണയും, സാങ്കേതിക വിദ്യകളില്‍ അഡിക്ഷന്‍ ഉള്ള യുവതയുമുള്ള ആസുര കാലത്ത്, സര്‍വ്വകലാശാലകളില്‍ നിന്ന് വിവരവും, കീഴാളരോടും, ദളിതരോടും, അധസ്ഥിതരോടും, ന്യൂനപക്ഷങ്ങലോടും, അനുകമ്പയുമുള്ള ധീരരായ ചെറുപ്പക്കാര്‍ നേതാക്കളായി ഉദയം ചെയ്യുന്നതിനെ സ്വാഗതം ചെയ്യാനാവാത്ത താങ്കളിലെ പൌരനെ എനിക്ക് മനസ്സിലാകുന്നേയില്ല. ഫാഷിസം രാജ്യത്ത് വിഷപ്പേമാരിയായി പെയ്യുന്ന കാലത്ത് ക്ലാസ് മുറിയുടെ കൃത്രിമ അച്ചടക്കത്തില്‍ യുവത സിലബസ് പഠിക്കുക മാത്രം ചെയ്യട്ടെ എന്ന താങ്കളുടെ വിഡ്ഢിത്ത നിലപാടിന് കാലം മാപ്പ് നല്‍കട്ടെ. കനയ്യ കുമാറിനോട് ക്ലാസ് മുറിയിലേക്ക് മടങ്ങാന്‍ ഇന്നലെ പറഞ്ഞ സംഘപരിവാര്‍ നേതാവ് വെങ്കയ്യ നായിഡുവിന്റെ ഭാഷയാണ്‌ മിസ്റ്റര്‍ താങ്കള്‍ക്കു. ഇക്കാലത്ത് ഒരു രാഷ്ട്രീയ അശ്ലീലമായി മാത്രം കാണേണ്ട പിന്തിരിപ്പനും, ചരിത്രബോധാമില്ലാത്തതും, അരാഷ്ട്രീയവുമായ ഭാഷ...!

'എന്നു നിന്റെ മൊയ്തീന്‍' തന്റെയാണെന്നു രമേഷ് നാരായണന്‍

മലപ്പുറം; പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഉമ്മയും രണ്ട് യുവാക്കളും പിടിയില്‍

സെല്‍ഫിയെടുത്തപ്പോള്‍ സെക്‌സ് ടോയ്‌സും; അറിയാതെ ഷെയര്‍ ചെയ്തത് കുടുംബ ഗ്രൂപ്പില്‍

English summary
adv jahangeer reply to Jude Anthany Joseph's facebook post

More News from this section

Subscribe by Email