Saturday August 18th, 2018 - 1:13:am
topbanner

വാഹനാപകടം: ഓസ്ട്രേലിയയിൽ മലയാളി യുവതിക്കു രണ്ടര വർഷം തടവ്

suvitha
വാഹനാപകടം: ഓസ്ട്രേലിയയിൽ മലയാളി യുവതിക്കു രണ്ടര വർഷം തടവ്

മെൽബണ്‍: ഓസ്ട്രേലിയയിലെ മെൽബണിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ഗർഭസ്ഥ ശിശു മരിക്കാനിടയായ സംഭവത്തിൽ മലയാളി യുവതിക്ക് രണ്ടര വർഷം തടവ്. മലയാളിയായ ഡിംപിൾ ഗ്രേസ് തോമസിനാണ് മെൽബണ്‍ കോടതി രണ്ടര വർഷം ശിക്ഷ വിധിച്ചത്. 2016 ഓഗസ്റ്റ് എട്ടിനാണ് കേസിനാസ്പദമായ അപകടമുണ്ടായത്. ട്രാഫിക് നിയമങ്ങൾ ലംഘിച്ച് അശ്രദ്ധമായി വാഹനം ഓടിച്ചതിനെ തുടർന്ന് എതിരെ വന്ന കാറുമായി ഡിംപിളിന്‍റെ കാർ കൂട്ടിയിടിക്കുകയായിരുന്നു.

28 ആഴ്ച ഗർഭിണിയായിരുന്ന ആഷ്‌ലി അലന്‍റെ കാറുമായാണ് ഡിംപിളിന്‍റെ വാഹനം കൂട്ടിയിട്ടിച്ചത്. അപകടത്തിൽ പരിക്കേറ്റ ആഷ്‌ലിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സിസേറിയനിലൂടെ പെണ്‍കുഞ്ഞ് പിറക്കുകയും ചെയ്തു. എന്നാൽ അപകടത്തിന്‍റെ ആഘാതം മൂലം കുട്ടി രണ്ട് ദിവസത്തിനുശേഷം മരിച്ചു. മരണകാരണമാകുന്ന രീതിയിൽ അപകടകരമായി വാഹനം ഓടിച്ചു എന്ന കുറ്റത്തിനാണ് ഡിംപിളിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. നേരത്തെ തന്നെ ഡിംപിൾ കുറ്റം സമ്മതിച്ചിരുന്നു.

അപകട സമയത്ത് ഡിംപിളും ​ഗർഭിണിയായിരുന്നു. അപകടത്തിൽ ഗർഭം അലസുകയായിരുന്നു. ആരോഗ്യമേഖലയിലാണ് ഡിംപിൾ പ്രവർത്തിക്കുന്നത്. പത്ത് വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. ഒരു വര്‍ഷത്തിനു മേല്‍ ശിക്ഷ കിട്ടുന്ന പെര്‍മനന്റ് റെസിഡന്റ്‌സി വിസയിലുള്ളവരെ നാടു കടത്താം എന്നാണ് ഓസ്‌ട്രേലിയയിലെ ഇപ്പോഴത്തെ നിയമം. ഈ നിയമം ചൂണ്ടിക്കാണിച്ച് ശിക്ഷാ വിധി ഒരു വര്‍ഷത്തില്‍ താഴെയാക്കണം എന്ന് ഡിംപിളിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചിരുന്നു.

നാടുകടത്തല്‍ ഭീഷണി നേരിടുന്നുണ്ട് എന്ന കാര്യം വിധിയിലും ചൂണ്ടിക്കാണിച്ച കോടതി, എന്നാല്‍ വിധി ഇളവു ചെയ്തിട്ടില്ല. പതിനഞ്ചു മാസം കഴിഞ്ഞു മാത്രമേ ഡിംപിളിന് പരോള്‍ ലഭിക്കുകയുള്ളൂ. കുടിയേറ്റകാര്യ മന്ത്രിയുടെ പ്രത്യേക ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ശിക്ഷാ കാലാവധിക്കു ശേഷം ഡിംപിളിനെ നാടു കടത്താന്‍ കഴിയും. വിധി കേള്‍ക്കാന്‍ ഡിംപിളിനൊപ്പം ഭര്‍ത്താവും മൂന്നു വയസുള്ള മകനും കോടതിയിലുണ്ടായിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് എല്ലാവരും വിധിപ്രസ്താവം കേട്ടത്.

English summary
accident: Malayali lady gets 2 years jail in Australia
topbanner

More News from this section

Subscribe by Email