Saturday March 23rd, 2019 - 12:17:am
topbanner
topbanner

മലയാളി നാവികന്‍ അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി കണ്ടെത്തി; രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം

NewsDesk
മലയാളി നാവികന്‍ അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി കണ്ടെത്തി; രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം

ന്യൂഡല്‍ഹി: പായ് വഞ്ചിയിലെ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട് കാണാതായ മലയാളി നാവികന്‍ അഭിലാഷ് ടോമിയുടെ പായ്വഞ്ചി കണ്ടെത്തി. ഇന്ത്യന്‍ നാവികസേനയുടെ പി-81 വിമാനമാണ് ദക്ഷിണ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അഭിലാഷിന്റെ പായ്‌വഞ്ചി കണ്ടെത്തിയത്. മരുന്നും ഭക്ഷണവും പായ് വഞ്ചിയില്‍ എത്തിക്കാനാണ് ശ്രമം.

അപകടത്തില്‍പ്പെട്ട അഭിലാഷ് വഞ്ചിക്കുള്ളില്‍ കുടുങ്ങിയിരിക്കുകയാണ്. ശക്തമായ കാറ്റില്‍ പായ്വഞ്ചിയുടെ പായകെട്ടുന്ന തൂണ് ഒടിഞ്ഞുവീണ് മുതുകിന് പരിക്കേറ്റ് എഴുന്നേല്‍ക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് അഭിലാഷ്.

താന്‍ സുരക്ഷിതനാണെന്നും ബോട്ടിന്റെ ഉള്ളില്‍ കിടക്കുയാണെന്നുമാണ് അഭിലാഷില്‍ നിന്നും അവസാനമായി ലഭിച്ച സന്ദേശം. പ്രധാന സാറ്റലൈറ്റ് ഫോണ്‍ പ്രവര്‍ത്തിക്കുന്നില്ല. വൈബി 3 പോര്‍ട്ടബിള്‍ മെസേജിങ്ങ് യൂണിറ്റ് വഴിയാണ് സന്ദേശങ്ങള്‍ അയക്കുന്നത്.

അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാനുള്ള സാറ്റലൈറ്റ് ഫോണും വി.എച്ച്.എഫ് റേഡിയോയുമടക്കമുള്ള ഉപകരണങ്ങള്‍ എമര്‍ജന്‍സി ബാഗിലുണ്ട്. എന്നാല്‍ അതിനടുത്തേക്ക് അഭിലാഷിന് നീങ്ങാനാകുന്നില്ലെന്നാണ് വിവരം.

എങ്ങനെയെങ്കിലും ഈ ബാഗ് എടുക്കാന്‍ ശ്രമിക്കണമെന്ന് ഗോള്‍ഡന്‍ ഗ്ലോബ് റെയ്സ് അധികൃതര്‍ അഭിലാഷിനെ അറിയിച്ചിട്ടുണ്ട്.  ഈ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചെങ്കില്‍ മാത്രമെ ഇന്ത്യയും ഓസ്ട്രേലിയും അയച്ച രക്ഷാ വിമാനങ്ങള്‍ എത്തുമ്പോള്‍ വാര്‍ത്താവിനിമയം സാധ്യമാകു എന്നതാണ് അതിന് കാരണം.

അഭിലാഷിനൊപ്പം മത്സരിക്കുന്ന ഐറിഷുകാരന്‍ ഗ്രെഗര്‍ മക്ഗെക്കിനും സ്പാനീഷ് നാവികന്‍ ഉകു രാണ്‍ഡ്മായും അഭിലാഷിന് സമീപത്തേക്കെത്താന്‍ ശ്രമിക്കുന്നുണ്ട്് ഗ്രെഗറിന്റെ വഞ്ചിക്കും തകരാറുണ്ട്. എങ്കിലും അദ്ദേഹം പരമാവധി ശ്രമിക്കുകയാണെന്ന് ഗോള്‍ഡന്‍ ഗ്ലോബ് റെയ്സ് അധികൃതര്‍ അറിയിച്ചു.

ജൂലൈ ഒന്നിനു ഫ്രാന്‍സിലെ ലെ സാബ്ലെ ദൊലോന്‍ തുറമുഖത്തുനിന്ന് ആരംഭിച്ച പ്രയാണത്തില്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു അഭിലാഷ്. അറ്റ്ലാന്റിക് സമുദ്രവും ഇന്ത്യന്‍ മഹാസമുദ്രവും സംഗമിക്കുന്ന പ്രതീക്ഷയുടെ മുനമ്പു പിന്നിട്ട് കമാന്‍ഡര്‍ അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി 'തുരിയ', ഇന്ത്യന്‍ മഹാസമുദ്രത്തിലെത്തിയിരുന്നു.

ഒറ്റയ്ക്ക്, ഒരിടത്തും നിര്‍ത്താതെ കടലിലൂടെ ലോകം ചുറ്റി തുടങ്ങിയിടത്തു തിരിച്ചെത്തുകയാണു ലക്ഷ്യം. മത്സരത്തില്‍ പങ്കെടുക്കുന്ന 18 പായ്വഞ്ചികളില്‍, ഫ്രാന്‍സില്‍നിന്നുള്ള വെറ്ററന്‍ നാവികന്‍ ജീന്‍ ലുക് വാന്‍ ഡെന്‍ ഹീഡാണ് ഒന്നാമത്. 50 വര്‍ഷം മുന്‍പത്തെ കടല്‍ പര്യവേക്ഷണ സമ്പ്രദായങ്ങള്‍ മാത്രം ഉപയോഗിച്ചു സംഘടിപ്പിക്കുന്ന പ്രയാണത്തില്‍, ഏഴുപേര്‍ ഇടയ്ക്കു പിന്മാറിയതോടെ അഭിലാഷ് ഉള്‍പ്പെടെ 11 പേരാണു മല്‍സരരംഗത്തു ബാക്കി.

ഗോള്‍ഡന്‍ ഗ്ലോബ് റേസിലെ വേഗറെക്കോര്‍ഡിനും അഭിലാഷ് അര്‍ഹനായിരുന്നു. കഴിഞ്ഞ ദിവസം 24 മണിക്കൂറിനിടെ 194 മൈല്‍ ദൂരം പിന്നിട്ടാണ് അഭിലാഷ് റെക്കോര്‍ഡിട്ടത്. ഇത്രയും വേഗം കൈവരിക്കുന്ന ആദ്യ നാവികനാണ് അഭിലാഷ്. കനത്ത ഒഴുക്കിനും അപകടകരമായ തിരമാലകള്‍ക്കും കുപ്രസിദ്ധമായ കേപ് ഓഫ് ഗുഡ് ഹോപ് പിന്നിട്ടശേഷമാണ് അഭിലാഷ് അപകടത്തില്‍പ്പെട്ടത്.

Read more topics: Abhilash Tomy, Indian, sailor
English summary
Abhilash Tomy: Rescue mission to reach injured Indian sailor
topbanner

More News from this section

Subscribe by Email