Thursday July 18th, 2019 - 2:11:am
topbanner
topbanner

അന്വേഷിച്ച അഞ്ച് കൊലപാതകക്കേസുകളും തെളിയിച്ച്‌ അപൂര്‍വ്വ ബഹുമതികളുമായി ഡിവൈഎസ്പി കെ വി വേണുഗോപാല്‍

NewsDesk
അന്വേഷിച്ച അഞ്ച് കൊലപാതകക്കേസുകളും തെളിയിച്ച്‌ അപൂര്‍വ്വ ബഹുമതികളുമായി ഡിവൈഎസ്പി കെ വി വേണുഗോപാല്‍

തളിപ്പറമ്പ: ചെറുവത്തൂര്‍ മടക്കര മൂലക്കല്‍ രാജേഷ് (28)വധക്കേസില്‍ ഒന്നാം പ്രതിയെ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) കുറ്റക്കാരനെന്ന് കണ്ടെത്തി. കൃത്യമായ സാക്ഷികളൊന്നും ഉണ്ടാകാതിരുന്ന മൂലക്കല്‍ രാജേഷ് വധക്കേസ് തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ അന്വേഷണ മികവിലാണ് തെളിയിക്കപ്പെട്ടത്.

ഇതോടെ അന്വേഷിച്ച അഞ്ച് കൊലപാതകക്കേസുകളും തെളിയിക്കുകയും നാലു പ്രതികള്‍ക്ക് പരമാവധി ശിക്ഷ നേടിക്കൊടുക്കാന്‍ കഴിയുകയും ചെയ്തുവെന്ന അപൂര്‍വ്വ ബഹുമതിക്ക് അര്‍ഹനായിരിക്കുകയാണ് ഡിവൈഎസ്പി കെ വി വേണുഗോപാല്‍. പ്രതിക്കുള്ള ശിക്ഷ 23ന് പ്രഖ്യാപിക്കും.

ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ അന്വേഷണ മികവിന്റെ നാള്‍ വഴികള്‍ ഇങ്ങനെയാണ്.

അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന ചന്തു വധക്കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴ ശിക്ഷയും ലഭിച്ച കേസിന്റെ പ്രധാന അന്വേഷണ ഉദ്യേഗസ്ഥന്‍ വേണുഗോപാലായിരുന്നു. അന്ന് ഹൊസ്ദുര്‍ഗ് സിഐ ആയിരുന്നു അദ്ധേഹം. ദൃക്‌സാക്ഷിയായി ഒരു കുട്ടി മാത്രം ഉണ്ടായിരുന്ന കേസിന്റെ അന്വേഷണം ശാസ്ത്രീയമായ രീതിയിലാണ് അന്വേഷിച്ചത്.

ഹൊസ്ദുര്‍ഗ് സിഐ ആയിരുന്ന വി പി സുരേന്ദ്രന്‍ തുടക്കത്തില്‍ അന്വേഷിച്ച കേസ് പിന്നീട് വേണുഗോപാല്‍ ഏറ്റെടുക്കുകയും പ്രതിയെ അറസ്റ്റുചെയ്ത് കുറ്റപത്രം സമര്‍പിക്കുകയുമായിരുന്നു. ഈ കേസില്‍ മുന്‍ ഗള്‍ഫുകാരനായ അമ്പലത്തറ അരീക്കരയിലെ കുഞ്ഞിരാമനെ(51)യാണ് കാസര്‍കോട്് അഡീഷണല്‍ സെഷന്‍സ് (രണ്ട്) ജഡ്ജ് സാനു എസ് പണിക്കര്‍ ശിക്ഷിച്ചത്.

2009 നവംബറില്‍ കരിവേടകത്തെ ബാര്‍ബര്‍ തൊഴിലാളി രമേന്ദ്രന്‍ എന്ന രമണനെ അടിച്ചുകൊന്ന കേസിലെ പ്രതി കരിവേടകം ഓറുക്കുഴിയിലെ രാജുവിനെ(51) പത്തുവര്‍ഷം കഠിന തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു. കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) യാണ് ശിക്ഷ വിധിച്ചത്. അന്ന് ആദൂര്‍ സി ഐ ആയിരുന്നു വേണുഗോപാല്‍.

ഭാര്യയുടെ മടിക്കൈ കാരക്കോട് സ്വദേശിനി ഇന്ദിരയെ(37)യുടെ ചാരിത്ര്യത്തില്‍ സംശയിച്ച് വാക്കത്തി കൊണ്ട് മൃഗീയമായി വെട്ടിക്കൊന്ന കേസില്‍ ഭര്‍ത്താവും കാഞ്ഞങ്ങാട്ട് ഓട്ടോഡ്രൈവറുമായ പക്രു കൃഷ്ണ(45)നെ കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജീവപര്യന്തം തടവിനും 25,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചിരുന്നു. ഈ കേസില്‍ 24 മണിക്കൂറിനകം തന്നെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ അന്ന് ഹൊസ്ദുര്‍ഗ് സി ഐ ആയിരുന്ന വേണുഗോപാലിന് സാധിച്ചു. അതിവേഗം കുറ്റപത്രം സമര്‍പിക്കുകയും പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വാങ്ങിക്കൊടുക്കുകയുമായിരുന്നു. ദൃക്സാക്ഷികളില്ലാത്ത കേസില്‍ 99 ശതമാനവും ശാസ്ത്രീയമായ രീതിയിലുള്ള അന്വേഷണമാണ് നടത്തിയത്. ഇളയ മകള്‍ക്ക് തന്റെ ഛായ ഇല്ലെന്ന തോന്നലാണ് പക്രു കൃഷ്ണനെ കൊലയ്ക്ക് പ്രേരിപ്പിച്ചത്.

തായന്നൂര്‍ ടൗണിലെ ചുമട്ടുതൊഴിലാളിയായിരുന്ന ബാഡൂര്‍ കോളനിയിലെ കടുക്ക രാജുവിനെ (35) വീടിനു മുമ്പിലുള്ള റോഡില്‍ വെച്ച് കുത്തിക്കൊന്ന കേസിലെ പ്രതിയും രാജുവിന്റെ ഭാര്യ ബാലാമണിയുടെ അമ്മാവനുമായ കാരിക്കുട്ടിയെന്ന രാമകൃഷ്ണനെ (48) ജീവപര്യന്തം തടവിനും 25000 രൂപ പിഴയടയ്ക്കാനും കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി(മൂന്ന്) ശിക്ഷിച്ചിരുന്നു. 2003 ജനുവരി ഒമ്പതിന് രാത്രിയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഈ കേസ് അന്വേഷിച്ചതും ഹൊസ്ദുര്‍ഗ് സിഐ ആയിരുന്ന വേണുഗോപാല്‍ ആയിരുന്നു. രാമകൃഷ്ണന്റെ ബന്ധു കവുങ്ങിന്‍ തോട്ടത്തില്‍ നിന്നും അടയ്ക്ക മോഷ്ടിച്ചുകടത്തിയ സംഭവവും രാജുവിന്റെ പറമ്പില്‍ നിന്നും കുടിവെള്ളം എടുക്കുന്നതു വിലക്കിയതുമാണ് കൊലയിലേക്ക് നയിച്ചത്.

പയ്യന്നൂരിലെ അഭിഭാഷക കെ വി ഷൈലജയും ഭര്‍ത്താവ് പി കൃഷ്ണകുമാറും പ്രതിയായ തളിപ്പറമ്പിലെ റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ പി ബാലകൃഷ്ണന്റെ ദുരൂഹമരണവും അന്വേഷിച്ച് കോടതിയിലെത്തിച്ചത് കെ വി വേണുഗോപാലിന്റെ അന്വേഷണ മിടുക്കാണ്. ഷൈലജയുടെ സഹോദരി ജാനകി ബാലകൃഷ്ണനെ വിവാഹംചെയ്തുവെന്ന് വ്യാജ വിവാഹസര്‍ട്ടിഫിക്കറ്റുണ്ടാക്കി ബാലകൃഷ്ണന്റെ സ്വത്തുതട്ടിയെടുത്തുവെന്ന പ്രമാദമായ കേസാണ് സമര്‍ത്ഥമായ അന്വേഷണത്തിലൂടെ തെളിയിച്ചത്. ഈ കേസിന്റെ കുറ്റപത്രം തയ്യാറാക്കിവരികയാണ്. പഴയങ്ങാടിയിലെ അല്‍ ഫാത്തിബി ജ്വല്ലറി പട്ടാപ്പകല്‍ കൊള്ളയടിച്ച കേസും തെളിയിച്ചത് കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുളള സംഘമാണ്.

കൃത്യമായ സാക്ഷികളൊന്നും ഉണ്ടാകാതിരുന്ന മൂലക്കല്‍ രാജേഷ് വധക്കേസില്‍ ലോക്കല്‍ പോലീസ് മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് ഒതുക്കാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് രംഗത്ത് വരികയായിരുന്നു. തുടര്‍ന്നാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചതും അന്നത്തെ ക്രൈംബ്രാഞ്ച് സിഐ ആയിരുന്ന കെ വി വേണുഗോപാല്‍ ആയിരുന്നു കേസ് അന്വേഷണം ഏറ്റെടുത്തതും. ശാസ്ത്രീയമായ അന്വേഷണത്തിനും തെളിവുശേഖരണത്തിനും ശേഷം മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും കോടതിയുടെ അനുമതിയോടെ ദൃക്സാക്ഷികളൊന്നും ഇല്ലാതിരുന്ന കേസില്‍ മൂന്നാം പ്രതിയെ മാപ്പുസാക്ഷിയാക്കിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനും തെളിവും ദൃക്സാക്ഷികളുമില്ലാത്ത ആറു കേസുകളില്‍ പ്രതികളെ പിടികൂടിയ അന്വേഷണ മികവ് പരിഗണിച്ച് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഹോണര്‍ ബഹുമതിക്കും കെ വി വേണുഗോപാല്‍ അര്‍ഹനായി. ജോലിയില്‍ ആത്മാര്‍ത്ഥതയും സത്യസന്ധതയും മുറുകെ പിടിക്കുന്നതോടൊപ്പം കേസന്വേഷണത്തില്‍ നല്‍കുന്ന പരിഗണനയും പരസ്പര ബഹുമാനവും ഇദ്ധേഹത്തോടൊപ്പം ജോലിചെയ്യാന്‍ സഹപ്രവര്‍ത്തകര്‍ക്ക് ഏറെ താല്‍പര്യമാണ്. ഇതു തന്നെയാണ് കെ വി വേണുഗോപാലിനെ വ്യത്യസ്തനാക്കുന്നതും അംഗീകാരങ്ങള്‍ തേടിവരുന്നതിന് ഇടയാക്കുന്നതും.

Read more topics: taliparamba, KV Venugopal, DYSP,
English summary
With rare honors DYSP KV Venugopal
topbanner

More News from this section

Subscribe by Email