കോട്ടയം: മൊബൈല്‍ വാട്സ് ആപ്പില്‍ അശ്ലീല ഗ്രൂപ്പുണ്ടാക്കി ചിത്രങ്ങളും വീഡിയോയും കഥകളും മറ്റും പ്രചരിപ്പിച്ച യുവാവിനെ ഈസ്റ്റ് സിഐ സാജുവര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റു ചെയ്തു. വിഴിഞ്ഞം നസീന മന്‍സിലില്‍ സിദ്ധിക് (36) ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.
കോട്ടയം ജില്ലാ പോലീസ് ചീഫ് ഹരിശങ്കറിനു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷിച്ചത്. സിദ്ധിക്കിന്റെ ഫോണ്‍ നമ്പര്‍, വിലാസം ഇതെല്ലാം ശേഖരിച്ച ശേഷം പോലീസ് വിഴിഞ്ഞത്തെത്തിയാണ് അറസ്റ്റു ചെയ്തത്.
മേസ്തിരി പണിക്കാരനാണ് സിദ്ധിക്. ഇയാളുടെ ഗ്രൂപ്പിലിട്ട അശ്ലീല വീഡിയോയും പോസ്റ്റുകളും മറ്റും സംസ്ഥാനത്ത് പലയിടത്തും പ്രചരിച്ചിരുന്നു. അങ്ങനെയാണ് കോട്ടയത്തുള്ള ഒരാള്‍ പോലീസിന് പരാതി നല്‍കിയത്.ഇതിനെ തുടര്‍ന്നാണ് കേസെടുത്തത്.