Sunday August 18th, 2019 - 10:46:am
topbanner
topbanner

തൃശ്ശൂർ പൂരം ഇക്കുറി ഹരിതപൂരം

princy
തൃശ്ശൂർ പൂരം ഇക്കുറി ഹരിതപൂരം

തൃശ്ശൂർ:ഇക്കുറി തൃശൂര്‍ പൂരം ഹരിതപൂരമാകും. മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ തൃശൂര്‍ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പൂരത്തിന്റെ ജനറല്‍ കോ ഓഡിനേഷന്‍ യോഗത്തിലാണ് തൃശ്ശൂര്‍ പുരം നടത്തിപ്പിന് ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കാന്‍ തീരുമാനമായത്. ഹരിത കേരള മിഷന്റേയും, ശുചിത്വമിഷന്റേയും നേതൃത്വത്തില്‍, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഇതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യും. പൂരം നടത്തിപ്പ് സംബന്ധിച്ച വിവിധ വശങ്ങള്‍ യോഗം ചര്‍ച്ചചെയ്തു. എല്ലാ വാഹനങ്ങള്‍ക്കും കടന്ന് പോകാന്‍ കഴിയുംവിധം പൂരം പന്തലുകളുടെ ഉയരം വര്‍ദ്ധിപ്പിക്കണമെന്ന സിറ്റി പോലീസ് മേധാവി യതീഷ്ചന്ദ്രന്റെ നിര്‍ദ്ദേശം യോഗം അംഗീകരിച്ചു.

പൂരദിനങ്ങളില്‍ അന്തരീക്ഷ താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ സൂര്യാഘാതം ഒഴിവാക്കുന്നതിനുള്ള മുന്നറിയിപ്പുകള്‍ നല്‍കും. നിലവില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കുടിവെള്ള വിതരണ സംവിധാനങ്ങളും, പ്രാഥമിക ശുശ്രൂഷാ കേന്ദ്രങ്ങളും ഒരുക്കും. എഴുന്നള്ളിപ്പിനുള്ള ആനകളുടെയും, പാപ്പാന്‍മാരുടെയും പട്ടിക മുന്‍കൂട്ടി വൈല്‍ഡ് ലൈഫ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. ആനകള്‍ക്ക് മതിയായ വിശ്രമം നല്‍കും. ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനമാക്കും. ഇതിനായി പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തിക്കും.പൂരത്തിന്റെ മുന്നോടിയായി നഗരത്തിലെ വെളിച്ച വിതാനങ്ങളുടെ അറ്റകുറ്റപണികള്‍ തീര്‍ക്കാനും, റോഡുകള്‍ ഗതാഗതയോഗ്യമാക്കാനും, കെട്ടിടങ്ങളുടെ ബലക്ഷയം പരിശോധിക്കാനുമുള്ള നടപടികള്‍ക്ക് കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍ദ്ദേശം നല്‍കി.

നീളം കൂടിയ ബലൂണുകളും, ശബ്ദതീവ്രതയുള്ള പീപ്പികളും പൂരത്തിന് അനുവദിക്കില്ല. പോലീസിന്റേതല്ലാത്ത ഹെലിക്യാമുകള്‍ക്കും നിരോധനമുണ്ട്.വെടിക്കെട്ടിനുള്ള മുന്നൊരുക്കങ്ങള്‍ കാര്യക്ഷമമായി നടത്തും. വെടിക്കോപ്പുകള്‍ ഒരുക്കുന്നത് പരിശോധിക്കാന്‍ പോലീസ് 25 അംഗ പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കും.അന്തര്‍ദേശീയ ആഘോഷമായാണ് സര്‍ക്കാര്‍ തൃശ്ശൂര്‍ പൂരത്തെ കണക്കാക്കുന്നതെന്നും . പൂരം ഭംഗിയായി നടത്താനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകുമെന്നും മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.സാമൂഹ്യനീതി വകുപ്പിന്റെ അഭ്യര്‍ത്ഥന പ്രകാരം ഇരുപത് അംഗപരിമിതര്‍ക്ക് തൃശ്ശൂര്‍ പൂരം കാണുന്നതിനുള്ള പ്രത്യേക സൗകര്യവും ഇക്കുറി ഒരുക്കും.

വെടിക്കെട്ട് സുരക്ഷയുടെ ഭാഗമായി സ്ഥാപിച്ച ഫയര്‍ ഹൈഡ്രന്റ് സംവിധാനം പരിശോധിച്ച് പ്രവര്‍ത്തനക്ഷമത ഉറപ്പ് വരുത്താന്‍ ഫയര്‍ ഫോഴ്‌സിനെ ചുമതലപ്പെടുത്തി.മേയര്‍ അജിത വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ കളക്ടര്‍ ടി.വി. അനുപമ, സിറ്റി പോലീസ് മേധാവി യതീഷ്ചന്ദ്ര, എ.ഡി.എം. റെജി. പി.ജോസഫ്, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Thrissur Pooram in green protocol
topbanner

More News from this section

Subscribe by Email