തൃശൂര്‍: തൃശൂര്‍ -കാഞ്ഞാണി സംസ്ഥാന പാതയിലെ മനക്കൊടി വളവില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. മനക്കൊടി ചാലിശ്ശേരി ദേവസി മകന് പീറ്റര്‍ (58) ആണ് മരിച്ചത്. മനക്കൊടിയിലെ ഗുഡ് ഡേ ബേക്കറി ഉടമയാണ്. അമ്മ: അന്നമ്മ. ഭാര്യ: ലൈത്ത. മകള്‍: മരിയ. സംസ്കാരം വെള്ളിയാഴ്ച രാവിലെ അരിമ്പൂര്‍ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ നടക്കും.
തകര്‍ന്ന റോഡിലെ കുഴിയില്‍ വീണ ബസിന്റെ ആക്സില്‍ ഒടിഞ്ഞ് നിയന്ത്രണം നഷ്ടപ്പെട്ടതോടെ ബെക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ചെന്ത്രാപ്പിന്നി-കാഞ്ഞാണി -തൃശൂര്‍ റോഡില്‍ ഓടുന്ന ബട്ടര്‍ഫ്ളൈ എന്ന സ്വകാര്യ ബസാണ് ഇടിച്ചത്. സംഭവത്തെ തുടര്‍ന്ന് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
അപകടത്തില്‍പ്പെട്ട പീറ്ററെ ഒളരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വ്യാഴാഴ്ച രാവിലെ 10.30 നാണ് സംഭവം. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി റോഡ് തടഞ്ഞ് കുത്തിയിരിപ്പ് നടത്തി. സംഭവം അറിഞ്ഞ് അന്തിക്കാട് എസ്.ഐ. എസ്.ആര്. സനീഷിന്റെ നേതൃത്വത്തിലുള്ള പോലീസും സ്ഥലത്തെത്തി.
കലക്ടര്‍ ഉള്‍പ്പെടെയുള്ള അധികാരികള്‍ എത്താതെ റോഡ് ഉപരോധത്തില്‍ നിന്നും പിന്മാറില്ലെന്ന് പ്രഖ്യാപിച്ചതോടെ സമരത്തിന് പിന്തുണയുമായി നിരവധി പേര് എത്തി. മൂന്നര മണിക്കൂര്‍ നീണ്ട ഉപരോധസമരം എ.ഡി.എം. സി. ലതികയുമായി നടത്തിയ ചര്‍ച്ചയിലെ ഉറപ്പിനെ തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു. റോഡിന്റെ കുഴി അടയ്ക്കല്‍ ഉടന്‍ ആരംഭിക്കാനും തീരുമാനമായി.