Wednesday January 23rd, 2019 - 1:07:am
topbanner

ഐ എസ് ഭീകരര്‍ സി പി എമ്മിനു മുന്നിൽ ആയുധം വെച്ച് ശിഷ്യപ്പെടും: വി ഡി സതീശൻ

Mithun muyyam
ഐ എസ് ഭീകരര്‍ സി പി എമ്മിനു മുന്നിൽ ആയുധം വെച്ച് ശിഷ്യപ്പെടും: വി ഡി സതീശൻ

കണ്ണൂര്‍: സി പി എമ്മിനെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ എം എല്‍ എ. കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ ഷുഹൈബിന്റെ കൊല സി പി എം നേതൃത്വത്തിന്റെ അറിവോടെയാണെന്നും ഐ എസ് ഭീകരര്‍ പോലും ഇവര്‍ക്ക് മുന്നില്‍ ആയുധം വെച്ച് ശിഷ്യപ്പെടുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

ഷുഹൈബിന്റെ കൊലയാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി സി സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി കലക്ടറേറ്റ് പടിക്കല്‍ നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം എല്‍ എ.
സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്റെ അറിവോടെയാണ് കൊല നടത്തിയത്. അരിയില്‍ ഷുക്കൂറിന്റെയും ഷുഹൈബിന്റെയും കൊലനടത്തിയത് ഒരേ ടീമാണ്. രണ്ട് കൊലകളും തമ്മില്‍ സമാനതകള്‍ ഏറെയുണ്ട്. കൃത്യമായി ആസൂത്രണം ചെയ്ത് അതിന്റെ ബ്ലൂ പ്രിന്റ് തന്നെ തയ്യാറാക്കി നടത്തിയ നിഷ്ഠൂരമായ കൊലപാതകമാണ് ഷുഹൈബിന്റെത്.

ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് ശേഷവും സി പി എം ക്രിമിനലുകള്‍ ആയുധം താഴെവെക്കാന്‍ തയ്യാറല്ലെന്നതിന്റെ തെളിവാണ് ഷുഹൈബിന്റെ കൊല. മിടുക്കരായ രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തുകയെന്നത് സി പി എമ്മിന്റെ ശൈലിയായി മാറിയിരിക്കുകയാണ്. പരിശീലനം നേടിയ സി പി എം ക്രിമിനലുകളാണ് കൊല നടത്തിയിട്ടുള്ളത്. നേതൃത്വം നല്‍കുന്ന ലിസ്റ്റ് അനുസരിച്ച് പോലീസിന്റെ ഡമ്മി അറസ്റ്റ് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. യഥാര്‍ത്ഥ പ്രതികളെ തന്നെ അറസ്റ്റ് ചെയ്യണം. ഇതിന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആര്‍ജ്ജവം കാട്ടണം.

അക്രമത്തില്‍ പങ്കില്ലെന്ന് സി പി എം പ്രസ്താവനയിറക്കുന്നത് പതിവാണ്. മുഖ്യമന്ത്രിയോട് ഒറ്റ ചോദ്യമേ ഞങ്ങള്‍ക്കുള്ളൂ. നിങ്ങള്‍ അറിഞ്ഞുകൊണ്ടാണ് ഈ കൊല നടത്തിയതെങ്കില്‍ ഒരു നിമിഷം പോലും ആ സ്ഥാനത്തിരിക്കാന്‍ നിങ്ങള്‍ അര്‍ഹനല്ല. നേതൃത്വം അറിയാതെയാണ് നടന്നതെങ്കില്‍ 24 മണിക്കൂറിനകം സി പി എം ജില്ലാ സെക്രട്ടറി പി ജയരാജനെ ആ സ്ഥാനത്ത് നിന്ന് മാറ്റാന്‍ നിങ്ങള്‍ ധൈര്യം കാട്ടണം. കൊലക്ക് ഗൂഢാലോചന നടത്തിയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള ധൈര്യം കാട്ടണം.  നിരാലംബരായ ഷുഹൈബിന്റെ കുടുംബത്തെ കെ പി സി സി ഏറ്റെടുത്ത് സംരക്ഷണം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വി വി പുരുഷോത്തമന്‍ അധ്യക്ഷതവഹിച്ചു. മുന്‍ മന്ത്രി കെ സുധാകരന്‍, പി രാമകൃഷ്ണന്‍, പ്രൊഫ. എ ഡി മുസ്തഫ, കെ പി കുഞ്ഞിക്കണ്ണന്‍, കെ സുരേന്ദ്രന്‍, വി എ നാരായണന്‍, സണ്ണി ജോസഫ് എം എല്‍ എ, സുമാ ബാലകൃഷ്ണന്‍, എ പി അബ്ദുള്ളക്കുട്ടി, അഡ്വ ടി ഒ മോഹനന്‍, സജീവ് മാറോളി, ഡീന്‍ കുര്യാക്കോസ്, ജോഷി കണ്ടത്തില്‍, മാര്‍ട്ടിന്‍ ജോര്‍ജ്, സോണി സെബാസ്റ്റിയന്‍, നൗഷാദ് ബ്ലാത്തൂര്‍, കെ പി സാജു, ടി ജയകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Read more topics: kannur, murder, cpm,
English summary
the IS terrorists will be surrender in front of the cpm: V D Satheeshan
topbanner

More News from this section

Subscribe by Email