topbanner
Tuesday September 26th, 2017 - 5:37:am
topbanner

തമിഴ്നാട് പോലീസുകാരന് തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ മര്‍ദ്ദനമേറ്റ സംഭവം: എഎസ്‌ഐക്ക് സസ്പെൻഷന് സാധ്യത

suvitha
തമിഴ്നാട് പോലീസുകാരന് തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ മര്‍ദ്ദനമേറ്റ സംഭവം: എഎസ്‌ഐക്ക് സസ്പെൻഷന് സാധ്യത

തളിപ്പറമ്പ്: തമിഴ്നാട് പോലീസുകാരന് തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുറ്റാരോപിതനായ എഎസ്‌ഐക്കെതിരെ നടപടിയുണ്ടാവും. ഇത് സംബന്ധിച്ച് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ ഇന്നലെ രാത്രി തന്നെ ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇന്നലെ രാവിലെയാണ് മധുരൈ സിറ്റി പോലീസ് സ്‌റ്റേഷനില്‍ നിന്നെത്തിയ ഹെഡ് കോണ്‍സ്റ്റബിള്‍ എം.സദാശിവത്തിന്(30) മര്‍ദ്ദനമേറ്റത്. മധുരൈ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന തളിപ്പറമ്പ് സ്വദേശിയുടെ പേരില്‍ തളിപ്പറമ്പ് കോടതിയില്‍ നിന്ന് നല്‍കിയ വാറണ്ട് സംബന്ധിച്ച് നേരിട്ട് കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കാനാണ് സദാശിവം തളിപ്പറമ്പിലെത്തിയത്.

ഇന്നലെ പുലര്‍ച്ചെ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തി റിപ്പോര്‍ട്ട് ചെയ്ത ഇദ്ദേഹം റിസര്‍വേഷനില്ലാത്ത ട്രെയിനിലെത്തിയതിനാല്‍ അല്‍പനേരം ഉറങ്ങാന്‍ സൗകര്യം തരുമോ എന്ന് ചോദിച്ചതുപ്രകാരം ജിഡി ചാര്‍ജിലുള്ള പോലീസുകാരന്‍ സ്റ്റേഷന്റെ മുകള്‍ നിലയില്‍ പോലീസുകാര്‍ വിശ്രമിക്കുന്ന സ്ഥലത്ത് ഉറങ്ങാന്‍ അനുമതി നല്‍കി. രാവിലെ തന്നെ മുകള്‍നിലയില്‍ നിന്നും തമിഴ്നാട് പോലീസുകാരന്റെ നിലവിളി കേട്ട് ഞെട്ടിയ മറ്റ് പോലീസുകാര്‍ എത്തിയപ്പോഴാണ് സ്റ്റേഷനിലെ ഒരു എഎസ്ഐ ഇദ്ദേഹത്തെ മര്‍ദ്ദിക്കുന്നത് കണ്ടത്.

തന്റെ ടര്‍ക്കി ടവ്വല്‍ വിരിച്ച് ഉറങ്ങിയെന്ന് ആരോപിച്ചാണ് എഎസ്ഐ സദാശിവത്തെ മര്‍ദ്ദിച്ചതെന്നാണ് പരാതി. സ്റ്റേഷനിലെ മറ്റ് പോലീസുകാര്‍ ഇടപെട്ടാണ് എഎസ്ഐ യുടെ മര്‍ദ്ദനത്തില്‍ നിന്ന് ഇദ്ദേഹത്തെ രക്ഷിച്ചത്. സംഭവം സദാശിവം തമിഴ്നാട് പോലീസിലെ ഉന്നതരെ അറിയിച്ചത് പ്രകാരം കോയമ്പത്തൂര്‍ സ്വദേശി കൂടിയായ ജില്ലാ പോലീസ് മേധാവി ഇത് ശിവവിക്രം ഇന്നലെ ഉച്ചയ്ക്ക് തന്നെ ഇത് സംബന്ധിച്ച് വിശദീകരണം തേടിയിരുന്നു. സാധാരണ ഗതിയില്‍ വിവിധ കേസുകളുടെ അന്വേഷണങ്ങള്‍ക്കായി അയല്‍ സംസ്ഥാനങ്ങളിലെത്തുന്ന കേരള പോലീസിന് വളരെ നല്ല പരിഗണനയാണ് അവര്‍ കൊടുത്തുവരുന്നത്.

ഇന്നലെ നടന്ന സംഭവത്തോടെ കേസന്വേഷണത്തിനായി അയല്‍ സംസ്ഥാനങ്ങളില്‍ പോകുന്ന പോലീസുകാര്‍ ആശങ്കയിലാണ്. മര്‍ദ്ദനത്തിന് ഉത്തരവാദിയായ എഎസ്‌ഐ മുമ്പും വിവാദങ്ങളില്‍ അകപ്പെട്ട ആളായതിനാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് പോലീസുകാര്‍ക്ക് തന്നെ അഭിപ്രായമുണ്ട്. മര്‍ദ്ദനമേറ്റ ഹെഡ്‌കോണ്‍സ്റ്റബിള്‍ സദാശിവം മധുരൈ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് രേഖാമൂലം പരാതി നല്‍കിയതിനാല്‍ എഎസ് ഐക്കെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടി തന്നെയാവും ഉണ്ടാവുകയെന്ന് സൂചനയുണ്ട്.

English summary
The Tamil Nadu policeman attacked the police station at Taliparamba: The possibility of suspension of ASI
topbanner topbanner

More News from this section

Subscribe by Email