Monday April 22nd, 2019 - 5:51:am
topbanner
topbanner

സമൃദ്ധിയുടെ പ്രഥമ സംരംഭത്തിന് തുടക്കം: ചകിരി സംസ്‌ക്കരണ യൂനിറ്റ് മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു

NewsDesk
സമൃദ്ധിയുടെ പ്രഥമ സംരംഭത്തിന് തുടക്കം: ചകിരി സംസ്‌ക്കരണ യൂനിറ്റ് മന്ത്രി തോമസ് ഐസക്  ഉദ്ഘാടനം ചെയ്തു

കണ്ണൂർ: തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന സമൃദ്ധി സംരഭക പ്രോല്‍സാഹന പദ്ധതിയുടെ ആദ്യ സംരംഭത്തിന് പരിയാരം ഗ്രാമപഞ്ചായത്തിലെ അമ്മാനപ്പാറയിലുള്ള മിനി വ്യവസായ എസ്റ്റേറ്റില്‍ തുടക്കമായി. കയര്‍ വികസന വകുപ്പിന്റെ സഹകരണത്തോടെ കുടുബശ്രീ സി ഡി എസ്സിന്റെ നേതൃത്വത്തില്‍ ആരംഭിച്ച യന്ത്രവല്‍കൃത ചകിരി സംസ്‌ക്കരണ യൂനിറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മം ധനകാര്യ-കയര്‍ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക്കാണ്് നിര്‍വഹിച്ചത്.

സമൃദ്ധി പദ്ധതിയില്‍ ആരംഭിച്ച ചകിരി നിര്‍മാണ യൂനിറ്റ് സംസ്ഥാനത്തിനു തന്നെ മാത്രകയാണെന്ന് മന്ത്രി പറഞ്ഞു. വെറും 12 ദിവസം കൊണ്ടാണ് ഈ പദ്ധതി യാഥാര്‍ഥ്യമാക്കിയത്. ഇവിടെ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ തന്നെ വാങ്ങും. കേര കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവരുടെ കൃഷി ലാഭകരമാക്കാന്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിലൂടെ മാത്രമേ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ രണ്ട് ജില്ലകളുടെ മാത്രം വലിപ്പമുള്ള ശ്രീലങ്ക കയറ്റുമതി ചെയ്യുന്ന കേര ഉല്‍പ്പന്നങ്ങള്‍ കേരളത്തിന്റെ മൊത്തം കേരഉല്‍പ്പന്നങ്ങളെക്കാള്‍ കൂടുതലാണ്. മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിലൂടെയാണ് ഈ നേട്ടം അവര്‍ സ്വായത്തമാക്കിയത്.

വന്‍കിട വ്യവസായങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതോടൊപ്പം തന്നെ സമൃദ്ധി മാതൃകയില്‍ ജനകീയ പങ്കാളിത്തത്തോടെ ചെറുകിട വ്യവസായങ്ങളെയും ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. തൊഴിലാളികളുടെ അവകാശങ്ങളും പരിസ്ഥിതിയും സംരക്ഷിച്ചുകൊണ്ടുള്ള വ്യവസായ നയമാണ് സര്‍ക്കാരിന്റേത്. അതേസമയം വ്യവസായികള്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും സംസ്ഥാനത്ത് ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനായി കഴിഞ്ഞ ഒരു വര്‍ഷത്തിനകം 50,000 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. അദ്ദേഹം പറഞ്ഞു.

തളിപ്പറമ്പ് നിയോജക മണ്ഡലത്തിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലായി ജൂണ്‍ 13 മാറുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജെയിംസ് മാത്യും എം.എല്‍.എ പറഞ്ഞു. ഇത്തരം വിവിധ പദ്ധതികള്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും. ഓരോ കുടുംബത്തിനും ചുരുങ്ങിയത് 15,000 രൂപയെങ്കിലും അധികവരുമാനം ലഭിക്കാനുതകുന്ന സംരംഭക പ്രവര്‍ത്തനങ്ങളാണ് സമൃദ്ധിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡീഫൈബറിംഗ് യൂനിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് നിര്‍വഹിച്ചു. സംരംഭകര്‍ക്കുള്ള യൂനിഫോം വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ലത നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എം സുര്‍ജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ചടങ്ങില്‍ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമള ടീച്ചര്‍, തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹ്മൂദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.ജെ മാത്യു, ഐ.വി നാരായണന്‍, പി പുഷ്പജന്‍, എന്‍ പത്മനാഭന്‍, പി ബാലന്‍, അനന്തന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ രാജേഷ് സ്വാഗതവും പരിയാരം സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ബീന അശോകന്‍ നന്ദിയും പറഞ്ഞു.

Samruddhi-inaugurated-pariyaram-panchayath

പരിയാരം ഗ്രാമപഞ്ചായത്തിലെ പാച്ചേനി, പനങ്ങാട്ടൂര്‍, മുടിക്കാനം, അമ്മാനപ്പാറ എന്നീ വാര്‍ഡുകളിലെ കുടുംബശ്രീ അംഗങ്ങളെ ഉള്‍പ്പെടുത്തി പരിയാരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിനു കീഴിലാണ് സമൃദ്ധി എന്ന പേരില്‍ യന്ത്രവത്കൃത ചകിരി സംസ്‌കരണയൂണിറ്റ് പ്രവര്‍ത്തിക്കുന്നത്.

പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് കയര്‍ മെഷിനറി മാനുഫാക്ചറിംഗ് കമ്പനി ഈ സംരംഭത്തിനായി പത്ത് ലക്ഷം രൂപ വില വരുന്ന യന്ത്രങ്ങള്‍ 90 ശതമാനം സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ കെട്ടിടത്തിലാണ് യൂനിറ്റ് പ്രവര്‍ത്തിക്കുന്നത്.

ഒരു മണിക്കൂറില്‍ 1000 പച്ചത്തൊണ്ട് അടിക്കാന്‍ ശേഷിയുള്ള യന്ത്രങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. ചകിരിനാര് (ഫൈനല്‍) കയര്‍ഫെഡ് സംഭരിക്കും. ഉപോല്‍പന്നമായി ലഭിക്കുന്ന ചകിരിച്ചേര്‍ ഉപയോഗിച്ച് ജൈവവളം ഉത്പ്പാദിപ്പിക്കും. യൂനിറ്റില്‍ 5 പേര്‍ക്ക് നേരിട്ടും 10 പേര്‍ക്ക് അനുബന്ധമായും തൊഴിലവസരങ്ങള്‍ ലഭിക്കും. കേരളത്തിലെ കയര്‍വ്യവസായ മേഖലയില്‍ പൂര്‍ണ്ണതോതിലുള്ള യന്ത്രവത്ക്കരണം നടപ്പിലാക്കന്നതിന്റെ ആദ്യപടിയാണ് ഈ മാതൃകാ യൂനിറ്റ്. കുടുംബശ്രീയുടെ ഇത്തരത്തിലുള്ള ആദ്യ സംരംഭവുമാണിത്.

Samruddhi first project inaugurated pariyaram panchayath

Read more topics: thomas isaac, kannur, James Mathew,
English summary
Samruddhi first project inaugurated thomas isaac kannur
topbanner

More News from this section

Subscribe by Email