തളിപ്പറമ്പ് : മാനസിക പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തിന് ഉത്തരവാദിയായ അധ്യാപകനെ പുറത്താക്കുക, കുറ്റക്കാരനായ അധ്യാപകനെതിരെ കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ ധര്‍മ്മശാലയിലെ കണ്ണൂര്‍ നിഫ്റ്റ് കേന്ദ്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
കഴിഞ്ഞ ദിവസമാണ് നിഫ്റ്റിലെ വിദ്യാര്‍ത്ഥിനി അധ്യാപകന്റെ മാനസിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാല്‍, സംഭവത്തില്‍ കുറ്റാരോപിതനായ അധ്യാപകനെതിരെ കേസ് എടുക്കാന്‍ പൊലിസ് തയ്യാറായിരുന്നില്ല. കനത്ത മഴയെ അവഗണിച്ച് നടത്തിയ മാര്‍ച്ചില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ വിദ്യാര്‍ഥികളുടെ ഭാവിതകര്ക്കാനുള്ള ചില അധ്യാപകരുടെ നീക്കം അവസാനിപ്പിക്കുമെന്ന് വിദ്യാര്‍ഥികള്‍ മുന്നറിയിപ്പ് നല്കി.
ധര്‍മ്മശാലയില്‍നിന്ന് തുടങ്ങിയ മാര്‍ച്ച് എഞ്ചിനീയറിങ് കോളേജിന്റെ വിമന്‍സ് ഹോസ്റ്റലിന് മുമ്പില്‍ തടഞ്ഞതോടെ പൊലിസും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എം. വിജിന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് വി. പ്രജീഷ് ബാബു അധ്യക്ഷത വഹിച്ചു. ഐ. ശ്രീകുമാര്‍, ജില്ലാ സെക്രട്ടറി എ.പി അന്‍വീര്‍ സംസാരിച്ചു. തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ കെ.ജെ വിനോയിയുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സന്നാഹമാണ് മാര്‍ച്ച് നേരിടാനെത്തിച്ചേര്ന്നത്.
നിഫ്റ്റിലെ അധ്യാപകനായ ചെന്നൈ സ്വദേശി സെന്തില്‍കുമാര്‍ വെങ്കിടാചലം എന്ന അധ്യാപക നെതിരെയാണ് കുട്ടിയുടെ ആത്മഹത്യ ശ്രമവുമായി ബന്ധപ്പെട്ട് ആരോപണമുള്ളത് ഈ സംഭവുമായി ബന്ധപ്പെട്ട് അധ്യാപകന്റെ കാറിന്റെ ഗ്ലാസ് കഴിഞ്ഞ ദിവസം അടിച്ച് തകര്‍ത്ത നിലയില്‍ കണ്ടെത്തിയിരുന്നു. അധ്യാപകനെതിരെ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് പൊലിസ് നിയമോപദേശം തേടിയിട്ടുണ്ട്.