Sunday May 26th, 2019 - 4:50:pm
topbanner
topbanner

50 വര്‍ഷം കഴിഞ്ഞിട്ടും തീരാത്ത റീസര്‍വേ മൂന്നു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും: റവന്യൂ മന്ത്രി : ആന്തൂരില്‍ ആധുനിക സര്‍വേ പരിശീല കേന്ദ്രം ഉദ്ഘാടനം ചെയ്തു

NewsDesk
50 വര്‍ഷം കഴിഞ്ഞിട്ടും തീരാത്ത റീസര്‍വേ മൂന്നു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും: റവന്യൂ മന്ത്രി : ആന്തൂരില്‍ ആധുനിക സര്‍വേ പരിശീല കേന്ദ്രം ഉദ്ഘാടനം ചെയ്തു

കണ്ണൂർ: സംസ്ഥാനത്തെ റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍. ആന്തൂരില്‍ പുതുതായി നിര്‍മിച്ച ആധുനിക സര്‍വേ പരിശീല കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരംഭിച്ചിട്ട് 50 വര്‍ഷം കഴിഞ്ഞിട്ടും തീരാത്ത റീസര്‍വേ പ്രവര്‍ത്തനങ്ങളാണ് മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന് തീരുമാനിച്ചിരിക്കുന്നത്.

ഇതിനായി സര്‍ക്കാര്‍ ആംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് വിദഗ്ധ പരിശീലനം നേടിയിട്ടുള്ളവരുടെ സേവനം ഉപയോഗിക്കും. ഭൂരേഖയുമായി ബന്ധപ്പെട്ട വാല്വേഷന്‍ നടപടികള്‍ സര്‍വേ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെ നിര്‍വഹിക്കുമെങ്കിലും സര്‍വേയുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്തുനിന്നുള്ളവരെ ഉപയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആസൂത്രണ ബോര്‍ഡുമായും ധനവകുപ്പുമായും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഇതിനാവശ്യമായി വരുന്ന സാമ്പത്തിക ബാധ്യത അനുവദിക്കാമെന്ന് ധനവകുപ്പ് സമ്മതിച്ചതായും മന്ത്രി വ്യക്തമാക്കി. റീസര്‍വേ പൂര്‍ത്തിയാവുന്നതോടെ ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവും. അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാനും അവ ഭൂരഹിതര്‍ക്കിടയില്‍ വിതരണം ചെയ്യാനും ഇതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഭൂമിയുടെ റീസര്‍വേയുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് പരാതികളാണ് സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത്. ഇവ തീര്‍പ്പാക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചുവരികയാണ്. റീസര്‍വേ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതോടെ ഇവരുടെ പ്രശ്‌നങ്ങള്‍ക്ക് അറുതിയാവും. അതേസമയം, ആരംഭിച്ചിട്ട് 50 വര്‍ഷം പിന്നിട്ടിട്ടും സംസ്ഥാനത്തെ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്ന കാര്യം ആത്മവിമര്‍ശനത്തോടെ പരിശോധിക്കപ്പെടേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

തളിപ്പറമ്പ് കേന്ദ്രമായി പുതിയ റവന്യൂ ഡിവിഷനും പയ്യന്നൂര്‍ താലൂക്കും രൂപീകരിക്കാനായത് ഭരണസംവിധാനങ്ങളെ ജനങ്ങളിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ സഹായകമാവുമെന്നും മന്ത്രി പറഞ്ഞു. ആധുനിക സര്‍വേ സംവിധാനങ്ങളിലും ഉപകരണങ്ങളിലും മികച്ച പരിശീലനം ലഭ്യമാക്കുന്നതിനായി ഒരു കോടി രൂപ ചെലവഴിച്ച് സര്‍വേയും ഭൂരേഖയും വകുപ്പ് ആന്തൂരില്‍ ആരംഭിച്ച സര്‍വേ പരിശീലന കേന്ദ്രം സംസ്ഥാനത്തെ രണ്ടാമത്തേതാണ്. രണ്ട് ക്ലാസ് മുറികള്‍, കംപ്യൂട്ടര്‍ ലാബ്, കോണ്‍ഫറന്‍സ് ഹാള്‍, ഓഫീസ് റൂം, സ്റ്റോര്‍ റൂം എന്നിവ അടങ്ങിയ കേന്ദ്രത്തില്‍ വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും പുറത്തുനിന്നുള്ളവര്‍ക്കും പരിശീലനം നല്‍കും.

ചടങ്ങില്‍ ജെയിംസ് മാത്യു എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.കെ ശ്രീമതി ടീച്ചര്‍ എം.പി മുഖ്യാതിഥിയായി. ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമള ടീച്ചര്‍, നഗരസഭാ കൗണ്‍സിലര്‍ വസന്തകുമാരി എം, സര്‍വേയും ഭൂരേഖയും വകുപ്പ് അഡീഷനല്‍ ഡയരക്ടര്‍ ഇ.ആര്‍ ശോഭന, ഉത്തരമേഖലാ ജോയിന്റ് ഡയരക്ടര്‍ കെ സുരേന്ദ്രന്‍, ഡെപ്യൂട്ട് ഡയരക്ടര്‍ പി.ആര്‍ പുഷ്പ, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) കെ.കെ അനില്‍ കുമാര്‍, സര്‍വേ ഡെപ്യൂട്ടി ഡയരക്ടര്‍ ഇന്‍ ചാര്‍ജ് സുരേശന്‍ കാണിച്ചേരിയന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.

 

Read more topics: kannur, E. Chandrasekharan,
English summary
E Chandrasekharan anthoor survey training centre inauguration
topbanner

More News from this section

Subscribe by Email