Thursday November 22nd, 2018 - 2:43:am
topbanner

ഏഷ്യാനെറ്റ് ന്യൂസ് മേധാവിയുടെ കായൽ കയ്യേറ്റം: പ്രതിഷേധവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്

NewsDesk
ഏഷ്യാനെറ്റ് ന്യൂസ് മേധാവിയുടെ കായൽ കയ്യേറ്റം: പ്രതിഷേധവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്

കോട്ടയം: ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ചെയര്‍മാനും ബി.ജെ.പി എം.പിയുമായ രാജീവ് ചന്ദ്രശേഖറിന്റെ റിസോര്‍ട്ട് നിര്‍മ്മാണത്തിനായി വേമ്പനാട് കായലും കായലിലേക്കുള്ള തോട് പുറമ്പോക്കും കൈയ്യേറിയ സംഭവം വിവവാദമായിരിക്കുകയാണ്.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംഭവം ഏറ്റെടുത്തു കഴിഞ്ഞു. താലൂക്ക് ഓഫിസിലേക്കും പഞ്ചായത്ത് ഓഫിസിലേയ്ക്കും കോണ്‍ഗ്രസും സിപിഎമ്മും പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിച്ചതോടെ ബി.ജെ.പി ഗത്യന്തരമില്ലാതെ കുമരകത്തെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന പ്രസ്ഥാവനയുമായി രംഗത്ത് ഇറങ്ങി.

രാജ്യാന്തര നിലവാരത്തില്‍ അദ്ദേഹം നിര്‍മിക്കുന്ന നിരാമയ റിട്രീറ്റ് റിസോര്‍ട്ടിന് വേണ്ടി നിരവധി നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കുമരകം പള്ളിച്ചിറയില്‍ പ്രധാന റോഡില്‍ നിന്നും കായല്‍വരെ നീളുന്ന പുരയിടത്തിലാണ് റിസോര്‍ട്ട് ഒരുങ്ങുന്നത്. ഫൈവ് സ്റ്റാര്‍ നിലവാരത്തിലുള്ള റിസോര്‍ട്ട് നിര്‍മാണം അന്തിമ ഘട്ടത്തോട് അടുക്കുകയാണ്.

ബംഗ്ലുരു ആസ്ഥാനമായി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ജൂപ്പിറ്റര്‍ കാപ്പിറ്റല്‍ എന്ന കമ്പനിയാണ് നിരാമയയുടെ നിര്‍മ്മാണം നടത്തുന്നത്. രേഖകളില്‍ പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് സ്വകാര്യ കമ്പനിക്കുള്ള കുമരകത്തെ സ്ഥലവും നിരാമയയുടെ കൈവശമാണ് ഇപ്പോഴുള്ളത്.

കുമരകത്തു നിന്നും വേമ്പനാട് കായലിലേക്ക് ഒഴുകുന്ന നേരേ മടത്തോടിന്റെ ഒരുവശം മുഴുവന്‍ തീരം കെട്ടി കയ്യേറി റിസോര്‍ട്ട് മതിലിനുള്ളിലാക്കി. ഈ തോടിന്റെയും റാംസര്‍ സൈറ്റില്‍ ഉള്‍പ്പെടുന്ന കായലിന്റെയും തീരത്തോടു ചേര്‍ന്നുതന്നെയാണ് നിര്‍മാണം. കൂടാതെ ഇവിടെയുള്ള പുറമ്പോക്ക് ഭൂമിയും കൈവശമാക്കി. രണ്ട് ഫ്ലോട്ടുകളിലായി നാല് ഏക്കറോളമുള്ള തീര ഭൂമിയാണ് റിസോര്‍ട്ടിന്റെ അധീനതയില്‍ ഉള്ളത്.

സമീപ വാസികളും മറ്റ് സംഘടനകളും കയ്യേറ്റക്കാര്യം ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നു. അനധികൃത നിര്‍മാണം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യുപിസിസി-19103/ 2016 എന്ന നമ്പരായി ഹൈക്കോടതിയില്‍ സമീപ വാസികള്‍ ഹര്‍ജിയും നല്‍കിയിട്ടുണ്ട്.

പരാതിയുടെയും കേസിന്റെയും അടിസ്ഥാനത്തില്‍ കോട്ടയം തഹസില്‍ദാര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ അഡീഷണല്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുമരകം പഞ്ചായത്ത് സെക്രട്ടറിക്ക് റിസോര്‍ട്ട് നടത്തുന്ന അനധികൃത നിര്‍മാണം ഒഴിപ്പിക്കാന്‍ കത്തും നല്‍കി. കുമരകം വില്ലേജില്‍ പത്താംബ്ലോക്കില്‍ 302/1 ല്‍ ഉള്‍പ്പെട്ടതാണ് പ്രധാന സ്ഥലം. കൂടാതെ ബ്ലോക്ക് 11 ല്‍ രണ്ട് സര്‍വ്വെ നമ്പരുകളിലായും സ്ഥലമുണ്ട്. ഇവിടുത്തെ കയ്യേറ്റം അളന്ന് തിട്ടപ്പെടുത്തേണ്ടതുണ്ട്. കൂടാതെ തീരദേശ പരിപാലന നിയമവും മലിനീകരണ നിയമങ്ങളും മറ്റ് നിര്‍മാണ ചട്ടങ്ങളും ലംഘിച്ചിട്ടുള്ളതായി പരാതി ഉണ്ട്.

റവന്യൂ വകുപ്പ് പരാതിയുലുള്ള നടപടികള്‍ വച്ച് താമസിക്കുന്നതായും ആക്ഷേപമുണ്ട്. പരാതി കിട്ടിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 21 ന് കത്ത് ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലം അളന്ന് തിട്ടപ്പെടുത്തണമെന്ന് പഞ്ചായത്ത് റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അനന്തര നടപടികള്‍ ഉണ്ടായിട്ടില്ല. എംപിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖര്‍ പലപ്പോഴും ഇവിടം സന്ദര്‍ശിച്ച് നിര്‍മാണ പുരോഗതി വിലയിരുത്താറുണ്ട്.ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് കോട്ടയം താലൂക്ക് സര്‍വെയര്‍ അളന്ന് നല്‍കിയ റിപ്പോര്‍ട്ടില്‍ കയ്യേറ്റം സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉന്നത റവന്യൂ അധികൃതര്‍ മറ്റ് നടപടികള്‍ തടഞ്ഞു നിര്‍ത്തിയിരിക്കുയാണ്.

തഹസില്‍ദാര്‍ സ്റ്റോപ്പ് മെമ്മോ ഒരു വര്‍ഷം മുന്‍പ് നടത്തിയിട്ടും അനങ്ങാതിരുന്ന പഞ്ചായത്ത് കമ്മറ്റിയുടെ നിലപാടും സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കാതിരുന്നതും സര്‍ക്കാരിനെയും പ്രത്യേകിച്ച് സി.പി.എമ്മിനെയും വെട്ടിലാക്കിയിട്ടുണ്ട്.ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍.ഹരിയുടെ പ്രസ്താവന വെറും അപക്വമാണെന്ന സംസാരവും ഉയര്‍ന്നിട്ടുണ്ട്. കുമരകത്ത് വന്‍ കൈയ്യേറ്റങ്ങളാണ് നടന്നിരിക്കുന്നത്.അതൊല്ലാം ഒഴിപ്പിക്കണം.റിസോട്ടുകള്‍ക്ക് നികുതി ഇളവ് അനുവദിച്ചിട്ടുണ്ട് ഇത് വിജിലന്‍സ് അന്വേഷിക്കണം. ഇതാണ് ബി.ജെ.പിയുടെ ആവശ്യം. ഇത് വെറും കാടടച്ച് വെടി വയ്ക്കുന്ന നിലപാടാണന്നുള്ളതാണ് വിലയിരുത്തപ്പെടുന്നത്.

ഗതാഗത മന്ത്രിയായിരുന്ന തോമസ് ചാണ്ടിയെ കായല്‍ കൈയ്യേറിയതിന്റെ പേരില്‍ മന്ത്രി സ്ഥാനം രാജിവപ്പിച്ചതിന്റെ കലി തീര്‍ക്കുന്നതിന് സി.പി.എം തയ്യാറാക്കിയ നാടകമാണെന്നും ആക്ഷേപം ഉണ്ട്.അനധിക്യതമായി നടന്ന നടപടികള്‍ ഇതുവരെ ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തില്‍ കണ്ടില്ലെന്ന് നടിച്ചതിന് എന്ത് ഉത്തരം പറയും എന്ന് ആശങ്കയും ഉയരുന്നുണ്ട്.

English summary
Rajeev Chandrasekhar MP niramaya resort kumarakom
topbanner

More News from this section

Subscribe by Email