Monday April 22nd, 2019 - 5:54:am
topbanner
topbanner

സ്വതന്ത്രചിന്തയും സഹിഷ്ണുതയും വികസന മുന്നേറ്റത്തിന് അനിവാര്യം: രാഹുല്‍ ഗാന്ധി എം.പി

NewsDesk
സ്വതന്ത്രചിന്തയും സഹിഷ്ണുതയും വികസന മുന്നേറ്റത്തിന് അനിവാര്യം: രാഹുല്‍ ഗാന്ധി എം.പി

കൊച്ചി: സ്വതന്ത്രചിന്തയുടെ പ്രോത്സാഹനവും സഹിഷ്ണുതയുമാണ് രാഷ്ട്രത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് അടിത്തറയാകേണ്ടതെന്ന് രാഹുല്‍ ഗാന്ധി എം.പി അഭിപ്രായപ്പെട്ടു. ഡിജിറ്റല്‍, സ്റ്റാര്‍ട്ടപ്പ് ഇന്ത്യയെ കുറിച്ച് ഒരു വശത്ത് ഉദ്‌ഘോഷിക്കുകയും മറുവശത്ത് വിഭിന്നങ്ങളായ ആശയങ്ങളോട് അസഹിഷ്ണുത വച്ചു പുലര്‍ത്തുകയും ചെയ്യുന്നത് അഭികാമ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കളമശ്ശേരി കിന്‍ഫ്ര പാര്‍ക്കിലെ ടെക്‌നോളജി ഇന്നവേഷന്‍ സോണില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകരുമായി സംവദിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

വിദ്യാര്‍ത്ഥികളിലും യുവാക്കളിലും ആശയങ്ങളുടെ സ്വതന്ത്ര പ്രകാശനം അനുവദിക്കുന്നതിലൂടെ മാത്രമേ നൂതനമായ ആവിഷ്‌കാരങ്ങളുണ്ടാകൂ. സ്റ്റാര്‍ട്ടപ്പ് പോലുള്ള സംരംഭങ്ങളുടെ ആത്മാവ് ഇത്തരം ആത്മപ്രകാശനത്തിലാണ് ഉള്‍ക്കൊള്ളുന്നത്. അക്രമവും കൊലപാതകവും നമുക്ക് അനുവദിക്കാനാകില്ല. എന്നാല്‍ വിശാലമായ മനഃസ്ഥിതി വച്ചു പുലര്‍ത്താനും സ്വതന്ത്രമായി ചിന്തിക്കാനും യുവാക്കള്‍ക്ക് കഴിയണം. ഇതിന് കഴിയാതെ വരുമ്പോഴാണ് ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയും പുനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ സമരവും പോലുള്ള സംഭവങ്ങള്‍ രാജ്യത്തുണ്ടാകുന്നത്.

അമേരിക്കയിലെ ഐ.ടി കേന്ദ്രമായ സിലിക്കണ്‍ വാലിയിലേക്ക് യുവാക്കള്‍ ആകര്‍ഷിക്കപ്പെടാന്‍ കാരണം എന്തിനെയും ഉള്‍ക്കൊള്ളുന്ന അവിടത്തെ അന്തരീക്ഷമാണ്. വസ്ത്രധാരണ രീതിയോ, നിറമോ, ലിംഗ വ്യത്യാസങ്ങളോ ബാധകമാകാതെ സ്വതന്ത്രമായ പ്രവര്‍ത്തനം അവിടെ സാധ്യമാണ്. ഇത്തരമൊരു സാഹചര്യം ഇന്ത്യയിലെ ഗവേഷണ, വികസന മേഖലകളില്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തണം.

ഐ.ടിയും സ്റ്റാര്‍ട്ടപ്പും അടക്കമുള്ള വ്യവസായങ്ങളുടെ വികസനത്തിന് അനുകൂലമായ അന്തരീക്ഷമൊരുക്കലാണ് സര്‍ക്കാരിന്റെ ചുമതല. കേരളം ഇക്കാര്യത്തില്‍ രാജ്യത്തിന് മാതൃകയാണ്. സംരംഭകര്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങളും നിര്‍ദേശങ്ങളും അറിയിക്കാന്‍ ഏതു സമയവും ഇവിടെ സര്‍ക്കാരിനെ സമീപിക്കാന്‍ കഴിയും. വ്യവസായ വികസനത്തിന് നയങ്ങളില്‍ വരുത്തേണ്ട മാറ്റവും, സര്‍ക്കാര്‍ നല്‍കേണ്ട പിന്തുണയും സംരംഭകരില്‍ നിന്നാണ് അറിയാനാകുക രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഘടനാപരമായ വൈജാത്യങ്ങള്‍ സ്റ്റാര്‍ട്ടപ്പുകള്‍ പോലുള്ള നൂതന സംരംഭങ്ങളെ ബാധിക്കുന്നുണ്ടോ എന്ന് വിലയിരുത്തണം. വലിപ്പച്ചെറുപ്പങ്ങളില്ലാത്ത തിരശ്ചീന ഘടനയിലുള്ള സ്ഥാപനങ്ങളാണ് ഇന്ന് ലോകത്ത് മുന്‍നിരയില്‍ നില്‍ക്കുന്നത്. മാറി ചിന്തിക്കാന്‍ യുവസമൂഹത്തിന് കഴിഞ്ഞാല്‍ വലിയ മാറ്റങ്ങള്‍ ഈ മേഖലയിലുണ്ടാകും. സമൂഹത്തിലും അതിന്റെ പ്രതിഫലനമുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെക്‌നോളജി ഇന്നവേഷന്‍ സോണിനു കീഴിലെ 32 സംരംഭകരാണ് രാഹുല്‍ ഗാന്ധിയുമായി ആശയവിനിമയം നടത്തിയത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ബെന്നി ബഹന്നാന്‍ എം.എല്‍.എ, ഹൈബി ഈഡന്‍ എം.എല്‍.എ, കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍, മുകുള്‍ വാസ്‌നിക്, കളമശ്ശേരി നഗരസഭ മുന്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, വ്യവസായ ഐ.ടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ ജയശങ്കര്‍ പ്രസാദ്, സ്റ്റാര്‍ട്ടപ്പ് വില്ലേജ് സി.ഇ.ഒ പ്രണവ്കുമാര്‍ സുരേഷ് തുടങ്ങിയവരും രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പമുണ്ടായിരുന്നു. ടെക്‌നോളജി ഇന്നവേഷന്‍ സോണിലെ ഫാബ്‌ലാബും രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. വിവിധ സംരംഭകരുടെ പ്രൊജക്ടുകള്‍ രാഹുല്‍ ഗാന്ധിയ്ക്ക് മുന്നില്‍ അവതരിപ്പിച്ചു.

Read more topics: Rahul Gandhi, Startup village
English summary
Congress Vice President Rahul Gandhi today interacted with budding entrepreneurs during his visit to the Startup village near Kalamassery.
topbanner

More News from this section

Subscribe by Email