Monday April 22nd, 2019 - 2:00:am
topbanner
topbanner

'ഈ മഹാദുരന്തത്തിനിടയിലും കേന്ദ്ര സർക്കാരിനെതിരെ വിലകുറഞ്ഞ രാഷ്ട്രീയപ്രചാരണം; എന്തിനീ നീചപ്രചാരണം.. ?' : വിമർശനവുമായി കെ. സുരേന്ദ്രൻ

fasila
'ഈ മഹാദുരന്തത്തിനിടയിലും കേന്ദ്ര സർക്കാരിനെതിരെ വിലകുറഞ്ഞ രാഷ്ട്രീയപ്രചാരണം; എന്തിനീ നീചപ്രചാരണം.. ?' : വിമർശനവുമായി കെ. സുരേന്ദ്രൻ

കേരളം പ്രകൃതി ദുരന്തത്തിൽ മുങ്ങിക്കൊണ്ടിരിക്കുമ്പോഴും കേന്ദ്ര സർക്കാരിനെതിരെ രാഷ്ട്രീയപ്രചാരണം നടത്തുന്നവരെ രൂക്ഷമായി വിമർശിച്ച് കെ. സുരേന്ദ്രൻ രംഗത്ത്. ഇത്തരം പ്രചാരണം നടത്താൻ വികലമായ മനസ്സുള്ളവർക്കേ സാധിക്കുകയുള്ളൂ. ഇനിയും സഹായം  ലഭ്യമാക്കുമെന്ന് കേന്ദ്രം ആവർത്തിച്ചുവ്യക്തമാക്കിയിട്ടും എന്തിനീ നീചപ്രചാരണം? ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ വിമർശനമുന്നയിച്ചത്. കേരളത്തിന് വെറും അഞ്ഞൂറുകോടി മാത്രമേ കേന്ദ്രം നൽകിയുള്ളൂ എന്ന തരത്തിൽ ഒരുവിഭാഗം ആളുകൾ നീചമായ പ്രചാരണം അഴിച്ചുവിടുന്നതുകൊണ്ട് മാത്രമാണ് ഇതെഴുതേണ്ടി വന്നത് എന്നും കെ. സുരേന്ദ്രൻ ഫേസ്ബുക്കിൽ വ്യക്തമാക്കി.

കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം...

ഈ മഹാദുരന്തത്തിനിടയിലും വിലകുറഞ്ഞ രാഷ്ട്രീയപ്രചാരണം നടത്താൻ വികലമായ മനസ്സുള്ളവർക്കേ സാധിക്കുകയുള്ളൂ. കേരളത്തിന് വെറും അഞ്ഞൂറുകോടി മാത്രമേ കേന്ദ്രം നൽകിയുള്ളൂ എന്ന തരത്തിൽ ഒരുവിഭാഗം ആളുകൾ നീചമായ പ്രചാരണം അഴിച്ചുവിടുന്നതുകൊണ്ട് മാത്രമാണ് ഇതെഴുതേണ്ടി വന്നത്. കേരളം പുനർനിർമ്മിക്കാൻ ഇനി ഏറ്റവും കൂടുതൽ ചെലവുവരുന്നത് റോഡുകളുടെ പുനർ നിർമ്മാണത്തിനും വീടുകളുടെ പുനർനിർമ്മാണത്തിനുമാണ്. അതു രണ്ടും കേന്ദ്രം ഏറ്റെടുത്തുകഴിഞ്ഞു.

പിന്നെ നഷ്ടപരിഹാരത്തിന്റെ കാര്യം. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷവും പരിക്കേറ്റവർക്ക് അമ്പതിനായിരവും ആദ്യഘടുവായി പ്രധാനമന്ത്രി പ്രഖ്യാപിച്ചുകഴിഞ്ഞു. കൃഷിക്കാർക്കുണ്ടായ നഷ്ടം പരിഹരിക്കാൻ കേന്ദ്രം നടപടി പ്രഖ്യാപിച്ചു. തൊഴിലുറപ്പു പദ്ധതി വിഹിതം വർദ്ധിപ്പിച്ചു. കടകൾക്കും സ്ഥാപനങ്ങൾക്കുമുള്ള ഇൻഷൂറൻസ് യുദ്ധകാലാടിസ്ഥാനത്തിൽ നൽകാൻ കമ്പനികൾക്ക് ഉത്തരവു നൽകി കഴിഞ്ഞു. ഭക്ഷ്യക്ഷാമത്തിനു പരിഹാരമായി പരമാവധി അരിയും ഗോതമ്പും ധാന്യങ്ങളും മറ്റ് അവശ്യവസ്‌തുക്കളും അനുവദിച്ചു.

ഛത്തീസ്ഗഡിൽ നിന്നുമാത്രം ഒരു തീവണ്ടി നിറയെ ധാന്യങ്ങളും പയറുവർഗ്ഗങ്ങളും എത്തി. ആവശ്യാനുസരണം ഇനിയും തരാമെന്ന് കേന്ദ്രം ഉറപ്പുനൽകി. മരുന്നുകളും കുടിവെള്ളവും ടൺകണക്കിനു നൽകുന്നു. ഇനിയും എത്തിക്കൊണ്ടിരിക്കുന്നു. എല്ലാ സംസ്ഥാനങ്ങളും സഹായം പ്രഖ്യാപിച്ചു. ഇപ്പോൾ നൽകിയതെല്ലാം അടിയന്തിര സഹായം മാത്രമാണ്. നഷ്ടം പൂർണ്ണമായ തോതിൽ കണക്കാക്കിയ ശേഷം ഇനിയും സഹായം ലഭ്യമാക്കുമെന്ന് കേന്ദ്രം ആവർത്തിച്ചുവ്യക്തമാക്കിയിട്ടും എന്തിനീ നീചപ്രചാരണം? ലക്ഷക്കണക്കിന് സ്വയംസേവകരാണ് രക്ഷാദൗത്യത്തിൽ സ്വമേധയാ പങ്കാളികളായത്.

ഒമ്പതു സ്വയംസേവകർ ഈ ദൗത്യത്തിനിടെ മരണമടഞ്ഞു എന്ന വസ്തുത നാം മറന്നുകൂടാ. ഇപ്പോൾ സംസ്ഥാനം മുഴുവൻ സ്വയംസേവകർ ശുചീകരണപ്രവർത്തനത്തിൽ മുൻപന്തിയിലുണ്ട്. ഏറ്റവുമധികം സാധനസാമഗ്രികൾ ക്യാമ്പുകളിലെത്തിച്ചതും ഏറ്റവും കൂടുതൽ വളണ്ടിയർമാരെ ദുരിതാശ്വാസത്തിനിറക്കിയതും സേവാഭാരതി പ്രവർത്തകരാണെന്ന് എല്ലാ ജില്ലാ കളക്ടർമാർക്കും ദുരിതമനുഭവിക്കുന്ന നാട്ടുകാർക്കും ഉറച്ച ബോധ്യമുണ്ട്. ദയവായി പുര കത്തുമ്പോൾ വാഴ വെട്ടാൻ ആരും ശ്രമിക്കരുത്‌. ഒരു വിഭാഗം ആളുകൾ നികൃഷ്ടമായ പ്രചാരണം തുടരുമ്പോഴും സത്യം തുറന്നു പറയാൻ ഈ രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കാണിച്ച നല്ല മനസ്സിനു നന്ദി പറയുന്നു.

English summary
Political propaganda against the central government: K. Surendran criticises
topbanner

More News from this section

Subscribe by Email