Monday February 18th, 2019 - 11:57:am
topbanner

പരിയാരത്ത് സ്വാശ്രയ നിരക്കിൽ ഫീസ് വർദ്ധിപ്പിച്ച നടപടി പിൻവലിക്കണം: സതീശൻ പാച്ചേനി

fasila
പരിയാരത്ത് സ്വാശ്രയ നിരക്കിൽ ഫീസ് വർദ്ധിപ്പിച്ച നടപടി പിൻവലിക്കണം: സതീശൻ പാച്ചേനി

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എം.ബി.ബി.എസിനു സർക്കാർ ക്വാട്ടയിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ഫീസ് വർദ്ധിപ്പിക്കാനുള്ള തീരുമാനം അടിയന്തിരമായി പിൻവലിക്കണം. പാവപ്പെട്ട കുടുംബങ്ങളിലെ മിടുക്കരായ വിദ്യാർത്ഥികളുടെ ഭാവിയെ പന്താടാനുള്ള സാഹചര്യവും തീരുമാനവുമാണ് മെഡിക്കൽ കോളേജ് ഭരണസമിതി ഫീസ് വർദ്ധനവിലൂടെ സൃഷ്ടിച്ചിട്ടുള്ളത്.

സംവരണ വിഭാഗം വിദ്യാർത്ഥികൾക്കും ഇരുട്ടടി നല്കുന്ന ഈ തീരുമാനം ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ്. സർക്കാർ ഏറ്റെടുക്കാൻ നടപടി ക്രമങ്ങൾ മുന്നോട്ട് നീങ്ങുന്നതിനിടയിൽ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനമായി നിലനിർത്താനുള്ള കാപട്യം നിറഞ്ഞ സമീപനമാണോ മെഡിക്കൽ കോഴ്സുകളിലെ വൻ ഫീസ് വർദ്ധനക്ക് പിറകിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഏകീകൃത ഫീസ് നടപ്പിലാക്കാൻ ഫീസ് നിർണ്ണയ സമിതി ഉത്തരവിട്ടതിന്റെ മറവിൽ സാമൂഹിക നീതിമറന്ന് വിദ്യാർത്ഥികളോട് പ്രതിബദ്ധത കാണിക്കാതെ ഫീസ് വർദ്ധിപ്പിച്ചത് അഡ്മിഷൻ സമയത്ത് വിദ്യാർത്ഥികളോട് സർക്കാർ പറഞ്ഞ വാക്കിൽ വെള്ളം ചേർക്കുകയാണ്. ഏകീകൃത ഫീസ് സൃഷ്ടിക്കാൻ ഫീസ് നിർണ്ണയ സമിതി ശുപാർശചെയ്യുമ്പോൾ സൃഷ്ടിക്കപ്പെട്ട സാഹചര്യം സർക്കാറിന്റെ വീഴ്ചയാണ്.

സർക്കാർ ക്വാട്ടയിൽ അഡ്മിഷൻ നേടിയ അൻപത് വിദ്യാർത്ഥികൾക്ക് അധിക ഫീസ് ചുമത്തിയതിന്റെ ബാധ്യത സർക്കാർ തന്നെ ഏറ്റെടുക്കണം. സർക്കാർ പറഞ്ഞ വാക്ക് വിശ്വസിച്ച് പരിയാരം മെഡിക്കൽ കോളേജിൽ അഡ്മിഷൻ നേടിയ മിടുക്കരായ വിദ്യാർത്ഥികളുടെ ശോഭനമായ ഭാവിയെ മുഖവിലക്കെടുക്കാതെ കഴുത്തറപ്പൻ ഫീസ് ചുമത്തിയത് ആർക്കും അംഗീകരിക്കാൻ കഴിയില്ല.

വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തി ബ്ലേഡ് മാഫിയയുടെ മനോഭാവത്തിൽ ഫീസ് വർദ്ധിപ്പിക്കാനാണ് മാനേജ്മെന്റ് തീരുമാനമെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ നേരിടേണ്ടി വരുമെന്ന് ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.

Viral News

English summary
Pariyaram Medical College students fee
topbanner

More News from this section

Subscribe by Email