തളിപ്പറമ്പ്:പറശ്ശിനിക്കടവ് പീഡനക്കേസില്‍ പൊലിസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കഴിഞ്ഞ നവംബർ 19 നാണ് കേസിന് ആസ്പദമായ പീഡനം നടന്നത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡിനത്തിനിരയായത്. ഇതുമായി ബന്ധപ്പെട്ട് പതിനഞ്ചു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
വെള്ളിയാഴ്ച സമര്‍പ്പിക്കുന്ന കുറ്റപത്രത്തില്‍ അഞ്ച് പ്രതികളാണ് ഉളളത്. മാട്ടൂല്‍ നോര്‍ത്ത് പത്മാലയത്തില്‍ കലിക്കോട് വളപ്പില്‍ സന്ദീപ്, ചൊറുക്കളയിലെ പുത്തന്‍പുര ഹൗസില്‍ ഷംസുദീന്‍, പരിപ്പായി വരമ്പുമുറിയില്‍ ചാപ്പയില്‍ ഷെബീര്‍, നടുവില്‍ കിഴക്കേവീട്ടില്‍ അയൂബ്, അരിമ്പ്ര സ്വദേശി കെ. പവിത്രന് എന്നിവരാണ് പ്രതികള്‍. ഇതില്‍ പവിത്രന് ഒഴികെ നാല് പ്രതികളും റിമാന്റിലാണ്.
പശ്ശിനിക്കടവിലെ പാര്‍ക്ക് വ്യൂ ഹോട്ടല്‍ റിസപ്ഷനിസ്റ്റായ പവിത്രനെതിരെ പ്രതികള്‍ക്ക് മുറി നല്കി ഒത്താശ ചെയ്തു കൊടുത്തു വെന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കേസ് റജിസ്റ്റര്‍ ചെയ്ത് 55 ദിവസം കൊണ്ടാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. കൂട്ടം ചേര്‍ന്നുളള പീഡന കേസായതിനാല്‍ ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായയുടെ അനുമതി വാങ്ങിയിരുന്നു.
മുന്നൂറോളം പേജ് വരുന്ന കുറ്റപത്രത്തില്‍ 63 സാക്ഷികളുടെ മൊഴികളും ടവര്‍ ലോക്കേഷന്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയുടെ ശാസ്ത്രീയ പരിശോധനാ ഫലങ്ങളും സമര്‍പ്പിക്കും. ഡി.വൈ.എസ്.പി കെ.വി വേണുഗോപാല്‍, സി.ഐ കെ.ജെ വിനോയ്, എസ്.ഐ കെ. ദിനേശന് എന്നിവര്‍ നേതൃത്വം നല്കുന്ന സംഘത്തിനാണ് അന്വേഷണ ചുമതല.