ആലപ്പുഴ: ലാത്തിക്കും തോക്കിനും പകരം തുഴ.. കാക്കി യൂണിഫോം അഴിച്ചുമാറ്റി ബനിയനും നിക്കറും.. ഓളപ്പരപ്പിൽ ഒരു കൈ നോക്കാൻ കേരളാ പോലീസ് ഇറങ്ങി.
നെഹ്റു ട്രോഫി അടക്കമുള്ള കേരളത്തിലെ പ്രമുഖ ജലോത്സവങ്ങളിൽ ഇത്തവണ പോലീസ് ടീം മത്സരിക്കും. ഫുട്ബോൾ അടക്കമുള്ള കായിക ഇനങ്ങളിൽ സ്വന്തം ടീമിനെ അവതരിപ്പിച്ചിട്ടുള്ള കേരള പോലീസ് ഇതാദ്യമായാണ് വള്ളംകളിക്ക് എത്തുന്നത്.
ഐ.പി.എൽ. മാതൃകയിലെ വള്ളംകളി ലീഗിനും നെഹ്രുട്രോഫിക്കുമായി കേരള പോലീസ് ടീമിന്റെ പരിശീലനം ആലപ്പുഴ ജില്ലാ പോലീസ് ചീഫ് എസ്.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കരുവാറ്റ ലീഡിങ് ചാനലിന്റെ തീരത്തായിരുന്നു ചടങ്ങ്. തുടർന്ന് ടീം ചുണ്ടൻ വള്ളത്തിൽ തുഴച്ചിൽ പരിശീലനം നടത്തി. ഹരിപ്പാട് സി.ഐ. ടി.മനോജ്, എസ്. ഐ. ആനന്ദ ബാബു, ഗോപാലൻ ആചാരി, ലീഡിങ് ക്യാപ്റ്റൻ സുനിൽ, പോലീസ് ടീമിന്റെ സ്പോൺസർ കാട്ടിൽ തെക്കതിൽ വള്ളം ഉടമ ബിജോയ് സുരേന്ദ്രൻ, മനോജ് ബാബു തുടങ്ങിയവർ പങ്കെടുത്തു. മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടനിലാണ് പോലീസ് ടീമിന്റെ കന്നിയങ്കം.